അക്കാഡമിക വാർഷിക പദ്ധതി വിദ്യാലയ പ്രവർത്തനങ്ങളുടെ സമഗ്ര രേഖയായി മാറുന്നതെങ്ങനെ? ആരാണ് ഇത് തയ്യാറാക്കേണ്ടത് ?

June 14, 2022 - By School Pathram Academy

അക്കാഡമിക വാർഷിക പദ്ധതി വിദ്യാലയ പ്രവർത്തനങ്ങളുടെ സമഗ്ര രേഖയായി മാറുന്നതെങ്ങനെ?

ആരാണ് ഇത് തയ്യാറാക്കേണ്ടത് ?

വിദ്യാലയങ്ങൾ കോവിഡിന്റെ പിടിയിൽ നിന്ന് സാവധാനം മുക്തി നേടി പ്രവർത്തിച്ചു തുടങ്ങിയിരിക്കുന്നു. കോവിഡ് കാലത്തിന് ശേഷമുള്ള ഒരു സമ്പൂർണ അക്കാഡമിക വർഷം… വളരെ പ്രതീക്ഷയോടെയാണ് അക്കാഡമിക സമൂഹം വിദ്യാലയ പ്രവർത്തനങ്ങളെ നോക്കിക്കാണുന്നത് . ക്ലാസ് മുറിയിലെ സംവിധാനങ്ങളും പ്രവർത്തന രീതികളുമായി കുട്ടികൾ പൊരുത്തപ്പെട്ടു വരുന്നതേയുള്ളൂ. കോവിഡ് കാലഘട്ടത്തിൽ കുട്ടികൾക്ക് നഷ്ടമായ അക്കാഡമിക നന്മകൾ കൂടി ലഭ്യമാവുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാകണം ഈ വർഷം അക്കാഡമിക വാർഷിക പദ്ധതിയുടെ ഭാഗമായി ആസൂത്രണം ചെയ്യേണ്ടത് .

അക്കാഡമിക വാർഷിക പദ്ധതിയുടെ ലക്ഷ്യങ്ങളും ദർശനവും പ്രവർത്തനങ്ങളും എങ്ങനെയാണ് കണ്ടെത്തുക ? അതിന് നടത്തേണ്ട മുന്നൊരുക്ക പ്രവർത്തനങ്ങൾ എന്തൊക്കെയാവണം ? ഏതൊക്കെ രേഖകളാണ് പദ്ധതി രൂപീകരണത്തിനായി പ്രയോജനപ്പെടുത്തേണ്ടത്? രൂപീകരണ ഘട്ടങ്ങൾ ഏതൊക്കെ ?

ഈ പ്രത്യേക കാലഘട്ടത്തിൽ ജൂൺ അവസാനം വാർഷിക പദ്ധതി പൂർത്തിയാക്കുന്നതാണ് അഭികാമ്യം. ജൂൺ 1 മുതൽ ക്ലാസ് മുറികളിൽ എത്തിച്ചേർന്ന കൂട്ടുകാരുടെ പഠന നിലവാരം, സ്വഭാവ പ്രത്യേകതകൾ, പഠന വേഗത, പരിമിതികൾ എല്ലാം നിരന്തര മൂല്യനിർണയത്തിന്റെ ഭാഗമായി വിലയിരുത്തണം. ആവശ്യമായ ഉപകരണങ്ങൾ , തന്ത്രങ്ങൾ ഇതിനായി ആസൂത്രണം ചെയ്യണം. സമഗ്രവും സൂക്ഷ്മവുമാകണം ഇത്തരം വിലയിരുത്തലുകൾ. വിലയിരുത്തലുകൾ ക്ലാസ്സ് അധ്യാപികയുടെ / ക്ലാസ്സിൽ പഠിപ്പിക്കുന്ന മറ്റ് അധ്യാപകരുടെ കൂട്ടായ്മയുടെ പ്രതിഫലനമായിരിക്കണം. വിലയിരുത്തലുകൾ രേഖപ്പെടുത്തുകയും വേണം. ( ഉദാ :- ഭാഷാപഠനത്തിൽ വായന , എഴുത്ത് , ഭാഷണം തുടങ്ങിയ എല്ലാ മേഖലകളും വിലയിരുത്തലിന് വിധേയമാകണം ) ഈ രേഖപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാവണം വാർഷിക പദ്ധതിയ്ക്ക് രൂപം നൽകേണ്ടത്?

വിദ്യാഭ്യാസ വകുപ്പ് സ്കൂൾ വാർഷിക കലണ്ടർ പുറത്തിറക്കിയിട്ടുണ്ട് . ഇത് കൂടാതെ ദിനാഘോഷങ്ങൾ , വിദ്യാരംഗം അടക്കമുള്ള ക്ലബ്ബ് പ്രവർത്തനങ്ങൾ , എൽ.എസ്. എസ് ,യു.എസ് എസ് പരിശീലനങ്ങൾ , SRG , CPTA യോഗങ്ങൾ , ബാലസഭകൾ , വിവിധ മേളകൾ , പ്രത്യേക പ്രവർത്തനങ്ങൾ,പഠനയാത്രകൾ , സ്കൂൾ വാർഷികം എന്നിവയുടെ ദിന / സമയവിവര പട്ടിക ( SRG യിൽ ചർച്ച ചെയ്ത് തയ്യാറാക്കിയത് ) പാഠ്യപദ്ധതി , പാഠപുസ്തകങ്ങൾ , കൈപ്പുസ്തകങ്ങൾ എന്നീ രേഖകളുടെ അടിസ്ഥാനത്തിൽ വേണം അക്കാഡമിക വാർഷിക പദ്ധതിയ്ക്ക് രൂപം നൽകേണ്ടത്.

എങ്കിൽ എന്തായിരിക്കണം അക്കാഡമിക വാർഷിക പദ്ധതി ആസൂത്രണത്തിന്റെ പ്രവർത്തന പടവുകൾ ?

വിദ്യാലയത്തിലെത്തിയ കൂട്ടുകാരുടെ പഠന നിലവാരം, പ്രത്യേകതകൾ , പരിമിതികൾ എന്നിവ ക്ലാസ് തലത്തിൽ നിരന്തര വിലയിരുത്തലിന്റെ ഭാഗമായി കണ്ടെത്തുന്നു.

ക്ലാസ്സ് തലത്തിൽ പരിഗണിക്കേണ്ട പ്രധാന പഠന പ്രശ്നങ്ങൾ , പരിഹരിക്കുന്നതിനുള്ള പഠന തന്ത്രങ്ങൾ എന്നിവ വ്യക്തിഗതമായി ആസൂത്രണം ചെയ്യുന്നു.

പാഠ്യപദ്ധതി , പാഠപുസ്തകം , കൈപ്പുസ്തകം എന്നിവ പരിശോധിച്ച് ഓരോ മാസത്തിലും ഓരോ വിഷയത്തിലും നൽകേണ്ട പ്രവർത്തനങ്ങൾ ( ഓരോ പ്രവർത്തനത്തിനും അവശ്യമായ സമയം പരിഗണിച്ച് ദിനവും നൽകേണ്ട പ്രവർത്തനങ്ങൾ ലിസ്റ്റ് ചെയ്യണം ) കണ്ടെത്തുന്നു..

ഈ പ്രവർത്തനങ്ങളിൽ ക്ലാസ്സിൽ നടക്കേണ്ട പ്രവർത്തനങ്ങൾ , തുടർ പ്രവർത്തനങ്ങൾ എന്നിവയും പരിഗണിക്കണം ( ഓൺലൈൻ പ്രവർത്തനങ്ങൾ കോവിഡ് കാലത്ത് ലഭിച്ച പുതിയ പഠന തന്ത്രമാണ്. ക്ലാസ്സ് റും പ്രവർത്തനങ്ങളുടെ തുടർച്ചയായി വീട്ടിലും ചില പ്രവർത്തനങ്ങളിൽ സർഗാത്മകമായി , രക്ഷിതാവിന്റെ സാന്നിധ്യത്തിൽ ഇടപെടാൻ അധ്യാപകർക്ക് കഴിയും.. പരമാവധി പഠന ഉപകരണങ്ങൾ, വിഭവങ്ങൾ , സൃഷ്ടികകൾ എന്നിവ കൂട്ടുകാരെ പരിചയപ്പെടുത്തുന്നതിനും കഴിയും. ) തുടർപ്രവർത്തനങ്ങളിൽ ഓൺലൈൻ , ഓഫ് ലൈൻ പ്രവർത്തനങ്ങൾ ഏവയൊക്കെയാണെന്ന് സൂചിപ്പിച്ചിരിക്കുന്നത് നല്ലതാണ്.

ക്ലാസ്സ് റൂമിലെ പഠന സംവിധാനങ്ങൾ ഏതൊക്കെയാണെന്ന് കണ്ടെത്തി അത് പരമാവധി പ്രയോജനപ്പെടുത്തുന്ന തരത്തിലാവണം പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യേണ്ടത്. ( ക്ലാസ്സ് ലൈബ്രറി , ക്ലാസ് റൂം പഠന ഉപകരണങ്ങൾ , ഇരിപ്പിട സംവിധാനങ്ങൾ , LCD പ്രൊജക്ടർ / ഇന്ററാക്ടീവ് ബോർഡ് / വിവിധ സൃഷ്ടികളും മറ്റും പ്രദർശിപ്പിക്കുന്നതിനുള്ള സംവിധാനങ്ങൾ , ചുമരിലെ ചിത്രങ്ങൾ , വിവിധ ബോർഡുകൾ , പുറം പഠന സാധ്യതകൾ, ഫീൽഡ് ട്രിപ്പിന് അനുയോജ്യമായ സാഹചര്യങ്ങൾ എന്നിവയും പരിഗണിക്കണം )

ക്ലാസ് തലത്തിൽ തയ്യാറാക്കിയ ഫോർമാറ്റിൽ ഒരേ ക്ലാസിൽ പഠിപ്പിക്കുന്ന അധ്യാപകർ ഒരുമിച്ചിരുന്ന് ക്ലാസ്സ് തല പ്രവർത്തനങ്ങൾ ക്രമപ്പെടുത്തണം. രേഖപ്പെടുത്തൽ ലളിതമാകണം. പ്രവർത്തനങ്ങളുടെ പേരു മാത്രം സൂചിപ്പിച്ചാൽ മതിയാവും.

സ്കൂൾ തലത്തിൽ അക്കാഡമിക വർഷം ചെയ്യേണ്ട പ്രവർത്തനങ്ങൾ, പ്രക്രിയ , തിയതി , സമയം എന്നിവയടക്കം SRG യിൽ ചർച്ച ചെയ്തു തീരുമാനിക്കുന്നു. ക്ലബ്ബ് കൺവീനർമാർ , പ്രവർത്തന ചുമതലയുള്ള മറ്റ് അധ്യാപകർ എന്നിവരുടെ കൂടിച്ചേരലുകൾ , ചർച്ചകൾ ഇതിന് മുമ്പ് നടന്നിരിക്കണം. ( സ്കൂൾ പൊതുവായ പ്രവർത്തനങ്ങൾ തയ്യാറാക്കുമ്പോൾ സ്കൂളിൽ നിലവിലുള്ള പഠന സംവിധാനങ്ങൾ പരിശോധിക്കണം , ആഡിറ്റോറിയം , കളിസ്ഥലം , ലാബുകൾ , ലൈബ്രറി , സ്കൂൾ അസംബ്ലി , കുട്ടികളുടെ ആകാശവാണി ….. തുടങ്ങിവയൊക്കെ എല്ലാ കൂട്ടുകാർക്കും ലഭ്യമാവുന്ന തരത്തിൽ പ്രവർത്തനങ്ങളുടെ നടത്തിപ്പ് ക്രമപ്പെടുത്തണം )

പ്രവർത്തനങ്ങൾ മുഴുവനും തയ്യാറായാൽ അവയുടെ ചുമതല , നടത്തിപ്പിന് ആവശ്യമായ ചെലവ് ഇവയും കണ്ടെത്തി തീരുമാനങ്ങൾ എടുക്കണം. ( പുതുതായി ലഭിക്കാൻ സാധ്യതയുള്ള സഹായങ്ങൾ/ സംവിധാനങ്ങളെ മുൻകൂട്ടി കണ്ടുകൊണ്ട് അക്കാഡമിക വാർഷിക പദ്ധതി തയ്യാറാക്കേണ്ടതില്ല. പകരം നിലവിലുള്ള സംവിധാനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്ന തരത്തിൽ വേണം പദ്ധതി രേഖ തയ്യാറാക്കാൻ )

അക്കാഡമിക വാർഷിക പദ്ധതിയുടെ ഭാഗമായി അക്കാഡമിക കലണ്ടർ സ്കൂൾ തലത്തിൽ തയ്യാറാക്കുന്നതാണ് അടുത്ത ഘട്ടം. ഒറ്റനോട്ടത്തിൽ ഓരോ ദിനവും ഏതേതു പ്രവർത്തനമാണ് നടത്തേണ്ടത് എന്ന ഓർമ്മപ്പെടുത്തലിന് സഹായകരമായ തരത്തിലാവണം ഓരോ മാസവുമുള്ള അക്കാഡമിക കലണ്ടർ തയ്യാറാക്കേണ്ടത്. ക്ലാസ് തല പ്രവർത്തനങ്ങൾ രേഖപ്പെടുത്താനുള്ള ഇടവും കലണ്ടറിൽ ഉൾപ്പെടുത്തുന്നത് നന്നാവും. ക്ലാസ്സ് കലണ്ടർ ഡിജിറ്റലായി തയ്യാറാക്കുന്നതും അതിന്റെ കോപ്പികൾ വാട്ട്സ് അപ്പ് കൂട്ടായ്മകളിലൂടെ രക്ഷിതാക്കളിൽ എത്തിക്കുന്നതും നന്നാവും…

അക്കാഡമിക വാർഷിക പദ്ധതി കഴിയുമെങ്കിൽ DTP ചെയ്ത് മുൻകൂട്ടി രക്ഷിതാക്കളിൽ എത്തിച്ച് CPTA ഓൺലൈനായോ ഓഫ് ലൈനായോ വിളിച്ചു ചേർത്ത് ചർച്ച ചെയ്യുന്നത് രക്ഷിതാക്കളിൽ വിദ്യാലയത്തോടുള്ള കൂറ് നിലനിർത്താൻ സഹായകരമാവും. “എന്റെ വിദ്യാലയത്തിലെ കൂട്ടുകാർക്ക് വേണ്ടി ഈ അധ്യയന വർഷം അക്കാഡമിക വാർഷിക പദ്ധതിയിൽ പറഞ്ഞിട്ടുള്ള പ്രവർത്തനങ്ങൾ മുഴുവനും നടപ്പിലാക്കും ” എന്ന് പ്രഖ്യാപിക്കുന്ന, പറയുന്ന കാര്യങ്ങൾ അക്ഷരം പ്രതി നടപ്പിലാക്കുന്ന അധ്യാപികയെ ഒരു രക്ഷിതാവിനും കുട്ടിയ്ക്കും മറക്കാൻ കഴിയില്ല..ഞാനെന്റെ ക്ലാസ്സിലെ മുഴുവൻ കൂട്ടുകാരെയും നിശ്ചിത ശേഷി നേടിയവരായി മാറ്റിയെടുക്കും എന്ന ദൃഢ ചിന്തയ്ക്കു വേണ്ടിയുള്ള ആസൂത്രണ രേഖയായി അക്കാഡമിക വാർഷിക പദ്ധതി മാറണം. നടപ്പിലാക്കാൻ കഴിയുന്ന തരത്തിലുള്ള ഒരു പദ്ധതി രേഖ തയ്യാറാക്കി അതിലെ പ്രവർത്തനങ്ങൾ നിഷ്ഠയോടെ നടപ്പിലാക്കാൻ ശ്രമിക്കുന്ന അധ്യാപക സമൂഹം ഉൾപ്പെടുന്ന വിദ്യാലയത്തിന് കുട്ടികളെ അന്വേഷിച്ച് നടക്കേണ്ടി വരില്ല. അത്തരം വിദ്യാലയങ്ങളിലേയ്ക്ക് കുട്ടികൾ കൂട്ടമായി എത്തും…( മാത്രമല്ല നന്നായി സമഗ്രതയോടെ തയ്യാറാക്കിയ ഒരു അക്കാഡമിക വാർഷിക പദ്ധതി അധ്യാപികയുടെ ഒരു വർഷത്തെ പ്രവർത്തനങ്ങൾക്ക് ദിശാബോധം നൽകും . കൃത്യമായ അക്കാഡമിക പ്രവർത്തനങ്ങളുടെ നടപ്പിലാക്കലിന് കരുത്താവും )

സ്വന്തം വിദ്യാലയത്തിനും കൂട്ടുകാർക്കും വേണ്ടി സമഗ്രമായ ഒരു അക്കാഡമിക വാർഷിക പദ്ധതി രൂപീകരണ ചർച്ചകളിലും മറ്റും സമർപ്പണ മനോഭാവത്തോടെ പങ്കെടുക്കുന്ന ഒരു അധ്യാപികയുടെ മനസ്സിൽ ഒരു വർഷം മുഴുവൻ താൻ നടത്തേണ്ട അക്കാഡമിക പ്രവർത്തനങ്ങളുടെ രൂപരേഖയും പ്രക്രിയയും മായാതെ തങ്ങി നിൽക്കും. അതിന്റെ പ്രതിഫലനം ക്ലാസ് മുറിയിൽ ദൃശ്യമാവും. വരും വർഷത്തേയ്ക്ക് ഇനി ഞാനെന്താണ് ചെയ്യേണ്ടത് എന്ന് സ്വപ്നം കാണാൻ കഴിയും. അതിന് പ്രചോദകമായി ഈ കുറിപ്പുകൾ മാറട്ടെ എന്ന് ആശംസിക്കുന്നു. ( വിരമിക്കലിന്റെ ഭാഗമായി ഇത്തവണത്തെ അധ്യാപക പരിശീലനങ്ങളിൽ ഒന്നും പങ്കെടുക്കാൻ കഴിഞ്ഞില്ല… അതുകൊണ്ട് ഇത്തവണ അക്കാഡമിക വാർഷിക പദ്ധതിയെ കുറിച്ച് പരിശീലനങ്ങളിൽ ചർച്ച ചെയ്ത കാര്യങ്ങൾ അറിയാതെയാണ് ഈ കുറിപ്പ് തയ്യാറാക്കിയത് )

അക്കാഡമിക കലണ്ടർ തയ്യാറാക്കി അയച്ചു തന്ന പാട്ടത്തിൽ ഗവ LP സ്കൂളിലെ പ്രഥമാധ്യാപകൻ ശ്രീ. കൃഷ്ണൻ കുട്ടി മാഷിന് നന്ദി….

ഒപ്പം അക്കാഡമിക വാർഷിക പദ്ധതിയുമായി ബന്ധപ്പെട്ട അറിവുകൾ പങ്കുവച്ചതിനും….

പ്രംജിത്ത് മാഷ് |fb പേജിൽ കുറിച്ചത്