അഞ്ചാം ക്ലാസ് വിദ്യാർത്ഥിയുടെ മുടി പ്രധാനധ്യാപിക മുറിച്ചു മാറ്റി.പ്രധാനധ്യാപിക ഷേർളി ജോസഫിനെതിരെ ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തു

October 29, 2023 - By School Pathram Academy

കാസർകോഡ് കോട്ടമല എംജിഎം എയുപി സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയുടെ മുടി പ്രധാനധ്യാപിക മുറിച്ചു മാറ്റി.

പ്രധാനധ്യാപിക ഷേർളി ജോസഫിനെതിരെ ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തു. ഈ മാസം 19നാണ് സംഭവം. സ്കൂൾ അസംബ്ലിയിൽ വെച്ച് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ആൺകുട്ടിയുടെ മുടി അധ്യാപിക പരസ്യമായി മുറിക്കുകയായിരുന്നു. സംഭവത്തിന് ശേഷം നാണക്കേടും കളിയാക്കലും ഭയന്ന് കുട്ടി സ്കൂളിൽ പോയില്ല.

 

മഹിളാ സമഖ്യ പ്രവർത്തകർ വീട്ടിലെത്തിയപ്പോഴാണ് സംഭവമറിഞ്ഞത്. ഇവർ നൽകിയ പരാതിയിൽ അന്വേഷണം നടത്തി ചിറ്റാരിക്കാൽ പോലീസ് കേസെടുത്ത് കാസർകോട് എസ്എംഎസ് വിഭാഗത്തിന് കൈമാറി. എസ്എംഎസ് ഡിവൈഎസ്പി സതീഷ് കുമാർ സ്കൂളിലെത്തി തെളിവെടുപ്പ് നടത്തി. മുറിച്ച മുടിയുടെ അവശിഷ്ടങ്ങൾ സ്കൂളിലെ മാലിന്യം സൂക്ഷിക്കുന്ന പാത്രത്തിൽ നിന്ന് പൊലീസ് കണ്ടെടുത്തു.

 

 

Category: News