അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് നാമമാത്ര വിദ്യാര്‍ത്ഥികള്‍ മാത്രമായി ചുരുങ്ങിയ സ്‌കൂളില്‍ ഇന്നു പഠിക്കുന്നത് ഇരുന്നൂറിലധികം വിദ്യാര്‍ത്ഥികൾ
പല വകുപ്പുകള്‍ കൈകോര്‍ത്തു; സൂപ്പര്‍ സ്മാര്‍ട്ട് ആയി ചേരാനെല്ലൂര്‍ എല്‍.പി സ്‌കൂള്‍
അവധിക്കാലത്തിന്റെ ആഘോഷങ്ങള്‍ക്കപ്പുറം വിദ്യാര്‍ത്ഥികളുടെ വരവ് കാത്തിരിക്കുകയാണ് ചേരാനെല്ലൂര്‍ ഗവ.എല്‍.പി സ്‌കൂള്‍. അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് നാമമാത്ര വിദ്യാര്‍ത്ഥികള്‍ മാത്രമായി ചുരുങ്ങിയ സ്‌കൂളില്‍ ഇന്നു പഠിക്കുന്നത് ഇരുന്നൂറിലധികം വിദ്യാര്‍ത്ഥികള്‍. വിദ്യാഭ്യാസ വകുപ്പിനൊപ്പം വിവിധ വകുപ്പുകളും കൈ കോര്‍ത്തപ്പോള്‍ കൊച്ചി നഗരത്തിന്റെ പ്രാന്ത പ്രദേശത്ത് ഏവര്‍ക്കും മാതൃകയായി ഒരു വിദ്യാലയം തലയുയര്‍ത്തി നില്‍ക്കുന്നു.
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് അനുവദിച്ച ഒരു കോടി രൂപ മുതല്‍ മുടക്കില്‍ സ്‌കൂളിന് പുതിയ കെട്ടിടം നിര്‍മിച്ചപ്പോള്‍ ടി.ജെ വിനോദ് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 35 ലക്ഷം രൂപ ഉപയോഗിച്ച് കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ സാധിച്ചു. ചേരാനെല്ലൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സ്‌കൂളിലേക്ക് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങി. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്‌കൂളിനു പുതിയ ചുറ്റുമതിലും നിര്‍മിച്ചു. ഒന്നര കോടി രൂപയാണ് സ്‌കൂള്‍ വികസനത്തിനായി ആകെ ചിലവഴിച്ചിട്ടുള്ളത്. അടുത്ത മാസത്തോടുകൂടി നവീകരിച്ച സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്താന്‍ സാധിക്കുമെന്നാണു പ്രതീക്ഷ.
നിലവില്‍ എല്‍.കെ.ജി മുതല്‍ നാലാം ക്ലാസ് വരെയാണ് പ്രവര്‍ത്തിക്കുന്നത്. നാലു ക്ലാസ് മുറികള്‍, ഓഫീസ് മുറി, ടീച്ചര്‍മാര്‍ക്കുള്ള റൂം, കമ്പ്യൂട്ടര്‍ റൂം, ഓഡിറ്റോറിയം, മൂന്നു ശുചിമുറികള്‍, പ്രത്യേക വാഷിംഗ് ഏരിയ, സ്റ്റോര്‍ റൂം എന്നിവ സ്‌കൂളില്‍ നിര്‍മിച്ചു കഴിഞ്ഞു. ടി.ജെ വിനോദ് എം.എല്‍.എ യുടെയും സര്‍വ ശിക്ഷ കേരളയുടെയും കൈറ്റ് കേരളയുടെയും പൊതു ജനങ്ങളുടെയും നേതൃത്വത്തില്‍ സ്‌കൂളിന് നാല് ലാപ്‌ടോപ്പുകളും പ്രൊജക്ടറുകളും ലഭ്യമാക്കിയിട്ടുണ്ട്.
നിലവില്‍ ഓരോ ക്ലാസിലും ഓരോ ഡിവിഷനുകള്‍ ആണ് പ്രവര്‍ത്തിക്കുന്നതെങ്കിലും അടുത്ത അധ്യായന വര്‍ഷത്തോടുകൂടി എല്ലാ ക്ലാസുകളും രണ്ട് ഡിവിഷനുകള്‍ ആയി മാറുമെന്നാണു പ്രതീക്ഷിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് കെ. ജി രാജേഷിന്റെയും സ്‌കൂളിലെ പ്രധാനധ്യാപിക ടി.കെ ബീനയുടെയും നേതൃത്വത്തില്‍ മാതൃക വിദ്യാലയമായി ചേരാനെല്ലൂര്‍ എല്‍.പി സ്‌കൂളിനെ മാറ്റാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.