അഞ്ച് അധ്യാപകരെ സ്ഥലം മാറ്റിയതിനെതിരെ എച്ച് എസ് എസ് ടി എ പ്രതിഷേധം

June 29, 2024 - By School Pathram Academy

പ്രിയ അധ്യാപകരെ,

കോട്ടയം ചങ്ങനാശ്ശേരി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും യാതൊരു തത്വദീക്ഷയുമില്ലാതെ അഞ്ച് അധ്യാപികമാരെ അന്യായമായി സ്ഥലം മാറ്റിയ നടപടി അപലപനീയവും ഞെട്ടലുണ്ടാക്കുന്നതുമാണ്. 

അധ്യാപന മേഖലയിൽ കേട്ടുകേൾവിയില്ലാത്ത തരം അനഭിലഷണീയമായ പ്രവണതകൾക്ക് തുടക്കം കുറിക്കാവുന്ന ഈ രാഷ്ട്രീയ പ്രേരിത ട്രാൻസ്ഫർ ഉത്തരവിനെതിരെ ശക്തമായ പ്രതിഷേധം ഉയരണം.  

സ്കൂൾ പി ടി എ കളോ എം എൽ എ മാരടക്കമുള്ള ജനപ്രതിനിധികളോ അടിച്ചേൽപ്പിക്കുന്ന തോന്ന്യാസങ്ങൾക്ക് കുടപിടിച്ചില്ലെങ്കിൽ സ്ഥലം മാറ്റുമെന്ന അധികാര ഗർവ്വിനെ മുളയിലേ നുള്ളേണ്ടത് നമ്മുടെ ആത്മാഭിമാനത്തിൻ്റെ പ്രകടനമാണ്.

സർക്കാർ മേഖലയിലെ ഹയർ സെക്കണ്ടറി അധ്യാപകരെ സമൂഹമാധ്യമത്തിൽ താറടിക്കുന്ന തരത്തിലുള്ള വാസ്തവ വിരുദ്ധ പരാമർശങ്ങൾ കുത്തിത്തിരുകി പുറത്തിറക്കുന്ന ഏകാധിപത്യ ഉത്തരവുകൾ ഫാസിസത്തിൻ്റെ ഏറ്റവും നീചമായ മുഖവുമാണ്. 

വനിതാ അധ്യാപികമാരെ കൂട്ടമായി സ്ഥലം മാറ്റി സ്ഥാപിത രാഷ്ട്രീയ താല്പര്യങ്ങൾ അരക്കിട്ടുറപ്പിക്കാൻ അധികാരി വർഗത്തെ നിർബന്ധിപ്പിച്ച് നടത്തുന്ന നെറികെട്ട നീക്കത്തിനെതിരെ അധ്യാപകരുടെ ശക്തമായ പ്രതിഷേധം ഉയരണം.   

എച്ച് എസ് എസ് ടി എ കോട്ടയം ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന പ്രതിഷേധസമരം നാളെ 29.6.24 ശനിയാഴ്ച രാവിലെ 11 മണിക്ക് കോട്ടയം RDD ഓഫീസിന് മുൻപിൽ നടക്കുകയാണ്..

കേരളത്തിൽ ഉടനീളമുള്ള സർക്കാർ ഹയർ സെക്കണ്ടറി അധ്യാപകരുടെ മുഴുവൻ പിന്തുണയും ഈ ധർമ്മ സമരത്തിന് ഉണ്ടാകണം .

കോട്ടയം ജില്ലയിലെയും സമീപ പ്രദേശങ്ങളിലെയും അധ്യാപകർ ഈ പ്രതിഷേധ സമരത്തിനായി എത്തിച്ചേരണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. 

ഭരണവർഗത്തിൻ്റെ ഒത്താശയോടെ നടക്കുന്ന 

അനീതിക്കെതിരെ നമുക്ക് ഒറ്റക്കെട്ടായി പോരാടാം..

അഭിവാദ്യങ്ങളോടെ,

HSSTA സംസ്ഥാന കമ്മറ്റി

🔅🔅🔅🔅🔅🔅🔅🔅🔅

Category: News