അടഞ്ഞുകിടന്ന സ്‌കൂളുകളിൽ ഇഴജന്തുക്കൾ കയറിയിട്ടില്ലെന്ന് ഉറപ്പാക്കണം. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ തുറക്കരുത്
കൊച്ചി
സംസ്ഥാനത്ത് സ്കൂളുകൾ ജൂൺ ഒന്നിന് തുറക്കുമെന്ന് പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
തിരുവനന്തപുരം മലയിൻകീഴ് ഗവ. ബോയ്‌സ് എൽപിഎസിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രവേശനോത്സവത്തിന്റെ സംസ്ഥാന ഉദ്ഘാടനം നിർവഹിക്കും. കൈറ്റ് വിക്‌ടേഴ്‌സ് ചാനൽവഴി എല്ലാസ്‌കൂളിലും ഉദ്ഘാടനച്ചടങ്ങ് തത്സമയം പ്രദർശിപ്പിക്കും. സ്‌കൂളുകളിൽ ജനപ്രതിനിധികൾ അടക്കമുള്ളവരുടെ നേതൃത്വത്തിൽ പരിപാടികൾ നടക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
47 ലക്ഷം കുട്ടികളാണ് ഈ വർഷം പൊതുവിദ്യാലയങ്ങളിലെത്തുന്നത്. അടിസ്ഥാനസൗകര്യ വികസനത്തിൽ വലിയ മുന്നേറ്റമുണ്ടായി. സ്കൂളുകളുടെ അറ്റകുറ്റപ്പണികൾ ഇരുപത്തേഴിനകം പൂർത്തിയാക്കണം. ഉദ്യോഗസ്ഥതലത്തിൽ യോഗംചേർന്ന് പ്രവർത്തനപദ്ധതി രൂപീകരിക്കണം. ജില്ലാടീം ഓരോ സ്കൂളിലെയും പ്രവർത്തനങ്ങളിൽ ഇടപെടണം. തയ്യാറെടുപ്പുകൾ വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ 22ന് മന്ത്രിതല യോഗം ചേരും.
സ്കൂളുകളിൽ സമ്പൂർണ ശുചീകരണ പദ്ധതിയായ ‘ഗ്രീൻ ക്യാമ്പസ്, ക്ലീൻ ക്യാമ്പസി’ന്റെ സംസ്ഥാന ഉദ്‌ഘാടനം 21ന് കരമന ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. അടഞ്ഞുകിടന്ന സ്‌കൂളുകളിൽ ഇഴജന്തുക്കൾ കയറിയിട്ടില്ലെന്ന് ഉറപ്പാക്കണം. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ തുറക്കരുത്. കുട്ടികൾക്കിടയിൽ ലഹരിവിരുദ്ധ ക്യാമ്പയിൻ ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു.
96 സ്‌കൂൾകൂടി സ്‌മാർട്
സംസ്ഥാനത്ത് 96 പുതിയ സ്കൂൾ കെട്ടിടങ്ങൾ 23ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കണ്ണൂർ മുഴപ്പിലങ്ങാട് ജിഎച്ച്എസ്എസിലാണ് സംസ്ഥാന ഉദ്ഘാടനം. ജില്ലകളിൽ അതത് മന്ത്രിമാർ പങ്കെടുക്കും. 58 കോടി രൂപ ചെലവിട്ടാണ് സ്‌കൂൾ കെട്ടിടങ്ങൾ നിർമിച്ചത്. ഇടുക്കിയിലെ വിവിധ സ്കൂളുകളിൽ മൂന്ന് ടിങ്കറിങ് ലാബും ഉദ്ഘാടനം ചെയ്യും. 30 ലക്ഷം രൂപയാണ് നിർമാണച്ചെലവ്. 32.50 കോടിയിൽ നിർമിക്കുന്ന 11 പുതിയ സ്കൂൾ കെട്ടിടങ്ങൾക്ക് തറക്കല്ലിടും. കിഫ്‌ബി ഫണ്ടിൽ അഞ്ചു കോടി രൂപവീതം വിനിയോഗിച്ച് 126 സ്കൂൾ കെട്ടിടങ്ങളും മൂന്നു കോടിവീതം വിനിയോഗിച്ച് 153 സ്കൂൾ കെട്ടിടങ്ങളും ഒരുകോടി രൂപവീതം ചെലവിട്ട് 98 സ്കൂൾ കെട്ടിടങ്ങളും ഇതുവരെ പൂർത്തിയാക്കി. പ്ലാൻ ഫണ്ട്, നബാർഡ് ഫണ്ട്, മറ്റു ഫണ്ടുകൾ തുടങ്ങിയവ ഉപയോഗിച്ച് നിർമിച്ച നിരവധി കെട്ടിടങ്ങൾ ഇതിനകം ഉദ്ഘാടനം ചെയ്തതായും മന്ത്രി പറഞ്ഞു.