അടിച്ചുപൂസായി ക്ലാസ്മുറിയിൽ കിടക്കുന്ന അധ്യാപിക, ചുറ്റും കളിക്കുന്ന കുട്ടികളും; കാഴ്ച കണ്ട് ഞെട്ടി.ജില്ലാ വിദ്യാഭ്യാസ ഓഫീസർ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തു

July 23, 2022 - By School Pathram Academy

അടിച്ചുപൂസായി ക്ലാസ്മുറിയിൽ കിടക്കുന്ന അധ്യാപിക, ചുറ്റും കളിക്കുന്ന കുട്ടികളും; കാഴ്ച കണ്ട് ഞെട്ടി

കുഴഞ്ഞുവീണതാകുമെന്ന് കരുതി അധ്യാപികയെ എഴുന്നേൽപ്പിക്കാനായി ഉദ്യോഗസ്ഥന്റെ ശ്രമം. അപ്പോഴേക്കും മൂന്നാംക്ലാസിലെയും നാലാംക്ലാസിലെയും കുട്ടികൾ ഉദ്യോഗസ്ഥനോട് സത്യം വെളിപ്പെടുത്തി. മദ്യപിച്ചതിനാലാണ് അധ്യാപിക വീണുകിടക്കുന്നതെന്നായിരുന്നു കുട്ടികൾ പറഞ്ഞത്.

 

റായ്പുർ: ക്ലാസ്മുറിയിൽ തറയിൽ കിടക്കുന്ന അധ്യാപിക, ചുറ്റും കളിച്ചുല്ലസിക്കുന്ന വിദ്യാർഥികളും. കഴിഞ്ഞദിവസം ഛത്തീസ്ഗഢിലെ ജാഷ്പുർ ജില്ലയിലെ ടിക്കായത്ത്ഗഞ്ച് പ്രൈമറി സ്കൂളിലെത്തിയ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ കണ്ട കാഴ്ചയിതായിരുന്നു. അധ്യാപികയ്ക്ക് എന്തെങ്കിലും അപകടം സംഭവിച്ചിരിക്കാമെന്നാണ് ഉദ്യോഗസ്ഥൻ ആദ്യം കരുതിയത്. എന്നാൽ കുട്ടികളോട് കാര്യം തിരക്കിയപ്പോളാണ് അധ്യാപിക ‘അടിച്ചുപൂസായി’ കിടക്കുകയാണെന്ന് വ്യക്തമായത്. ഒടുവിൽ പോലീസുകാരെ വിളിച്ചുവരുത്തി അധ്യാപികയ്ക്കെതിരേ കേസെടുക്കുകയും ചെയ്തു.

വ്യാഴാഴ്ചയാണ് മദ്യലഹരിയിൽ ക്ലാസ്മുറിയിൽ വീണുകിടക്കുന്ന നിലയിൽ അധ്യാപികയെ കണ്ടത്. ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസറായ സിദ്ദീഖ് രാവിലെ 11 മണിയോടെയാണ് സ്കൂളിൽ പരിശോധനയ്ക്കായി എത്തിയത്. എന്നാൽ അധ്യാപികയായ ജഗ്പതി ഭഗത് ക്ലാസ്മുറിയിൽ വീണുകിടക്കുന്നതായിരുന്നു അദ്ദേഹം കണ്ടത്. അധ്യാപികയ്ക്ക് ചുറ്റും വിദ്യാർഥികൾ കളിച്ചുനടക്കുകയായിരുന്നു.

ഇതെല്ലാം കണ്ടതോടെ കുഴഞ്ഞുവീണതാകുമെന്ന് കരുതി അധ്യാപികയെ എഴുന്നേൽപ്പിക്കാനായി ഉദ്യോഗസ്ഥന്റെ ശ്രമം. അപ്പോഴേക്കും മൂന്നാംക്ലാസിലെയും നാലാംക്ലാസിലെയും കുട്ടികൾ ഉദ്യോഗസ്ഥനോട് സത്യം വെളിപ്പെടുത്തി. മദ്യപിച്ചതിനാലാണ് അധ്യാപിക വീണുകിടക്കുന്നതെന്നായിരുന്നു കുട്ടികൾ പറഞ്ഞത്. ഇതോടെ കുട്ടികളുടെ സഹായത്തോടെ ഉദ്യോഗസ്ഥൻ അധ്യാപികയെ പിടിച്ച് കസേരയിൽ ഇരുത്തി. പിന്നാലെ എ.സി.പി. പ്രതിഭ പാണ്ഡെയെ വിവരമറിയിച്ചു. എത്രയുംവേഗം രണ്ട് വനിതാ കോൺസ്റ്റബിൾമാരെ സ്കൂളിലേക്ക് അയക്കണമെന്നും ആവശ്യപ്പെട്ടു. ഉടൻതന്നെ വനിതാ പോലീസുകാർ സ്കൂളിലെത്തി അധ്യാപികയെ കസ്റ്റഡിയിലെടുത്തു. ജില്ലാ ആശുപത്രിയിൽ നടത്തിയ വൈദ്യപരിശോധനയിൽ അധ്യാപിക മദ്യപിച്ചിരുന്നതായും കണ്ടെത്തി.

ആകെ 54 കുട്ടികൾ പഠിക്കുന്ന സ്കൂളിലെ ഏക അധ്യാപികയാണ് ജഗ്പതി ഭഗത്. ഇവർ നേരത്തെയും സ്കൂളിൽ മദ്യപിച്ച് വന്നിരുതായാണ് വിദ്യാഭ്യാസ ഓഫീസർ നടത്തിയ അന്വേഷണത്തിൽ വ്യക്തമായത്. മദ്യലഹരിയിൽ സ്കൂളിലേക്ക് വരുന്നത് ആവർത്തിച്ചതോടെ സ്കൂൾ കമ്മിറ്റിയും പ്രധാനാധ്യാപികയും ഇവർക്ക് പലതവണ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ അടിച്ചുപൂസായ ശേഷം അധ്യാപിക സ്കൂളിലെത്തുന്നത് ആവർത്തിക്കുകയാണ് ചെയ്തതെന്നും വിദ്യാഭ്യാസ ഓഫീസർ പറഞ്ഞു.

മദ്യലഹരിയിൽ സ്കൂളിലെത്തിയതായി തെളിഞ്ഞതോടെ ജഗ്പതി ഭഗതിനെ ജില്ലാ വിദ്യാഭ്യാസ ഓഫീസർ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്. ജൂൺ 16-മുതൽ ജാഷ്പുർ ജില്ലയിൽ നടത്തിയ പരിശോധനയിൽ ഇതുവരെ അഞ്ച് അധ്യാപകരെയാണ് ജില്ലാ വിദ്യാഭ്യാസ ഓഫീസർ സസ്പെൻഡ് ചെയ്തത്. ഇവരിൽ മൂന്നുപേരും സ്കൂളിൽ മദ്യപിച്ചെത്തിയതിനാണ് നടപടി നേരിട്ടതെന്നും അധികൃതർ പറഞ്ഞു.

Category: News