അണ്ണാമലൈയുടെ ബിരുദങ്ങൾക്ക്‌ ഇനി എംജിയുടെ അംഗീകാരമില്ല

April 09, 2022 - By School Pathram Academy

അണ്ണാമലൈ സർവകലാശാലയുടെ വിദൂര വിദ്യാഭ്യാസ പദ്ധതിക്ക് 2015 മുതൽ യുജിസി അംഗീകാരം നഷ്ടപ്പെട്ട സാഹചര്യത്തിൽ അവിടെനിന്നുള്ള വിവിധ ബിരുദങ്ങൾക്ക് എലിജിബിലിറ്റി/ ഇക്വലൻസി (തുല്യത/യോഗ്യത) സർട്ടിഫിക്കറ്റുകൾ നൽകുന്നത് എംജി സർവകലാശാലാ നിർത്തി.

ഇത്തരം സർട്ടിഫിക്കറ്റുകൾ 2014 വരെ പ്രവേശനം നേടിയവർക്ക്‌ നൽകാനും സിൻഡിക്കറ്റ്‌ തീരുമാനിച്ചു. വൈസ്‌ ചാൻസിലർ ഡോ. സാബു തോമസ്‌ അധ്യക്ഷനായി.

എംജി സർവകലാശാല ഇതിനകം നൽകിയിട്ടുള്ള തുല്യത / യോഗ്യത സർട്ടിഫിക്കറ്റുകളുടെ സാധ്യത യുജിസി ഇതുസംബന്ധിച്ച് പുതുതായി എടുത്തിട്ടുള്ള തീരുമാനത്തിന് വിധേയമായിരിക്കും.

അണ്ണാമലൈ സർവകലാശാലയുടെ അംഗീകാരമില്ലാത്ത കോഴ്‌സുകൾ പാസായതിന്റെ അടിസ്ഥാനത്തിൽ 2022 അധ്യയന വർഷം മുതൽ എംജി സർവകലാശാലയുടെ കീഴിലുള്ള പഠനവകുപ്പുകളിലോ, അഫിലിയേറ്റഡ്, ഓട്ടോണമസ് കോളേജുകളിലോ പ്രവേശനം കിട്ടില്ല.

അണ്ണാമലൈ സർവകലാശാലയുടെ വിദൂരവിദ്യാഭ്യാസ പദ്ധതി പ്രകാരം 2015 അധ്യയന വർഷമോ അതിന് ശേഷമോ പ്രവേശനം നേടി ബിരുദ-ബിരുദാനന്തര ബിരുദം കരസ്ഥമാക്കുകയും നിലവിൽ എംജി സർവകലാശാലയിൽ ബിരുദാനന്തര-ബിരുദ/ എംഫിൽ / പിഎച്ച്ഡി പ്രോഗ്രാമുകൾക്ക് പ്രവേശനം നേടി പഠനം തുടരുന്നവരുടെ കാര്യത്തിൽ ഇതിനകം അവർ ഹാജരാക്കിയിട്ടുള്ള യോഗ്യത / തുല്യത സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ പ്രവേശനം ക്രമപ്പെടുത്താനും തീരുമാനിച്ചു

Category: News