അതിജീവനത്തിന്റ ഉജ്വല മാതൃകയായി അതുലിന്റെ വിജയം.ക്ലാസിലെ ബെഞ്ച് കൂട്ടിയിട്ട് കിടന്നായിരുന്നു പഠനം. എഴുന്നേറ്റ് ഇരിക്കാൻ കഴിയുമായിരുന്നില്ല. സ്വന്തമായി എഴുതാൻ കഴിയാത്തതിനാൽ സഹായിയെ ഉപയോഗിച്ചാണ് പരീക്ഷയെഴുതിയത്…
കരുനാഗപ്പള്ളി : ഹയർ സെക്കൻഡറി പരീക്ഷാഫലം പുറത്തുവരുമ്പോൾ അതിജീവനത്തിന്റ ഉജ്വല മാതൃകയായി അതുലിന്റെ വിജയം.
ഒന്നമർത്തി തൊട്ടാൽത്തന്നെ എല്ലു പൊടിഞ്ഞുപോകുന്ന “ഓസ്റ്റിയോജനിസിസ് ഇമ്പർ സെറ്റോ’ എന്ന അപൂർവ രോഗബാധിതനായ ക്ലാപ്പന എസ്‌വി എച്ച്എസ്എസിലെ അതുൽ ഇത്തവണ ഹയർ സെക്കൻഡറി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടി വിസ്മയമായി.
രണ്ടു വിഷയത്തിന് ഒഴികെ ബാക്കി എല്ലാത്തിലും 100ശതമാനം മാർക്കുനേടിയ അതുൽ 1200ൽ 1180 മാർക്കാണ് നേടിയത്.
ക്ലാസിലെ ബെഞ്ച് കൂട്ടിയിട്ട് കിടന്നായിരുന്നു പഠനം. എഴുന്നേറ്റ് ഇരിക്കാൻ കഴിയുമായിരുന്നില്ല. സ്വന്തമായി എഴുതാൻ കഴിയാത്തതിനാൽ സഹായിയെ ഉപയോഗിച്ചാണ് പരീക്ഷയെഴുതിയത്. സഞ്ചരിക്കാൻ മറ്റുള്ളവരുടെ സഹായം വേണ്ടിവരുന്ന അതുൽ ഒരുദിവസംപോലും സ്കൂളിൽ വരാതിരുന്നിട്ടില്ല. എല്ലാദിവസവും സ്കൂളിൽ എത്തിക്കുന്നത് അമ്മയായിരുന്നു.
കുലശേഖരപുരം നോർത്ത്, ആതിരനിവാസിൽ അശോകന്റെയും -രതിയുടെയും മകനായ അതുലിന്റെ പഠിക്കാനുള്ള ആഗ്രഹത്തിന് ഉറച്ച പിന്തുണയായിരുന്നു അമ്മ നൽകിയത്. അമ്മയുടെ ഒക്കത്തിരുന്നായിരുന്നു അവൻ സ്കൂളിൽ എത്തിയിരുന്നത്. അതു കൊണ്ടുതന്നെ തന്റെ വിജയം അമ്മയ്ക്ക് സമ്മാനിക്കുകയാണ് അതുൽ.