അതിഥിത്തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി ജില്ലാ ഭരണകൂടം രൂപം കൊടുത്ത ‘റോഷ്നി’ പദ്ധതി ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷം സ്കൂളുകളിൽ പുനരാരംഭിക്കുന്നു

December 22, 2021 - By School Pathram Academy

കാക്കനാട്∙ അതിഥിത്തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി ജില്ലാ ഭരണകൂടം രൂപം കൊടുത്ത ‘റോഷ്നി’ പദ്ധതി ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷം സ്കൂളുകളിൽ പുനരാരംഭിക്കുന്നു. ജില്ലയിലെ 40 സ്കൂളുകളിൽ അടുത്ത മാസം പദ്ധതി വീണ്ടും തുടങ്ങാൻ കലക്ടർ ജാഫർ മാലിക്കിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. അതിഥി തൊഴിലാളികളുടെ മക്കൾക്ക് മലയാള ഭാഷയിൽ പ്രാവീണ്യം നൽകി പഠന നിലവാരം ഉയർത്തുകയാണ് ലക്ഷ്യം.

സ്കൂളുകളിൽ ക്ലാസ് തുടങ്ങും മുമ്പ് എല്ലാ ദിവസവും രാവിലെ പ്രത്യേക പരിശീലനം നൽകിയാണ് ഇവരെ മലയാള ഭാഷയോടു കൂടുതൽ അടുപ്പിക്കുന്നത്. ഹിന്ദി, ബംഗാളി, ഒറിയ, മറാഠി ഭാഷകൾ അറിയാവുന്ന മലയാളികളായ സന്നദ്ധ സേവകരെ നിയോഗിച്ചു അതിഥി സംസ്ഥാന കുട്ടികളെ മലയാളം എഴുതാനും വായിക്കാനും പഠിപ്പിക്കും. ലഘു പ്രഭാത ഭക്ഷണവും സ്കൂളിൽ നൽകും. നേരത്തെ നിലവിലുണ്ടായിരുന്ന 35 സ്കൂളുകൾക്കു പുറമേ 5 സ്കൂളുകളിലേക്ക് കൂടി പദ്ധതി വ്യാപിപ്പിക്കും.

വിവിധ സ്കൂളുകളിൽ പഠിക്കുന്ന അതിഥിക്കുട്ടികളിൽ നിന്നു 1,050 പേരെ തിരഞ്ഞെടുത്താണ് റോഷ്നി പദ്ധതിയിൽ ഉൾപ്പെടുത്തുന്നത്. 20 അതിഥിക്കുട്ടികളെങ്കിലും പഠിക്കുന്ന സ്കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. സ്കൂൾ പ്രായത്തിലുള്ള 3,000 ഇതര സംസ്ഥാന കുട്ടികൾ ജില്ലയിലുണ്ടെന്നാണ് ഏകദേശ കണക്ക്. മുൻ അഡീഷനൽ ജില്ലാ മജിസ്ട്രേട്ട് സി.കെ.പ്രകാശനാണ് പദ്ധതിയുടെ കോ–ഓർഡിനേറ്റർ. ബിപിസിഎൽ കൊച്ചിൻ റിഫൈനറിയുടെ സഹകരണത്തോടെയാണ് പദ്ധതി.

” ജില്ലയിൽ തൊഴിലെടുക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ സ്കൂൾ പ്രായത്തിലുള്ള മുഴുവൻ കുട്ടികളെയും വിദ്യാലയത്തിലെത്തിക്കുകയാണ് ലക്ഷ്യം. ഇതിനായി തൊഴിലാളികൾ താമസിക്കുന്ന ക്യാംപുകളിൽ ഉൾപ്പെടെ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കും’’. – ജാഫർ മാലിക് , കലക്ടർ