അതിശക്തമായ മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ റെവന്യൂ വകുപ്പിനുള്ള പ്രത്യേക നിർദേശങ്ങൾ

May 14, 2022 - By School Pathram Academy

അതിശക്തമായ മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ റെവന്യൂ വകുപ്പിനുള്ള പ്രത്യേക നിർദേശങ്ങൾ

 

കേരളത്തിൽ അടുത്ത 3 ദിവസം അതിശക്തമായ മഴക്കുള്ള സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്ന പശ്ചാത്തലത്തിൽ റെവന്യൂ വകുപ്പ് അടിയന്തരമായി സ്വീകരിക്കേണ്ട നടപടികൾ

 

-കേരളത്തിലെ മുഴുവൻ താലൂക്കുകളിലും അടിയന്തരമായി 24*7 മണിക്കൂറും പ്രവർത്തിക്കുന്ന താലൂക്ക് കൺട്രോൾ റൂമുകൾ ആരംഭിക്കേണ്ടതാണ്.

 

-ഓറഞ്ച്, റെഡ് മുന്നറിയിപ്പുള്ള ജില്ലകളിൽ ക്യാമ്പുകൾ ആരംഭിക്കാൻ വേണ്ട നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കേണ്ടതാണ്. ക്യാമ്പുകൾ നടത്താനുള്ള കെട്ടിടങ്ങളുടെ താക്കോൽ വില്ലേജ് ഓഫിസർമാർ ശേഖരിച്ച് വെക്കേണ്ടതാണ്.

 

-അവധി ദിവസങ്ങൾ ആണെങ്കിലും യാതൊരു കാരണവശാലും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അവരവരുടെ സ്റ്റേഷൻ പരിധി വിട്ട് പോകാൻ പാടുള്ളതല്ല. എല്ലാ വില്ലേജിലും താലൂക്കിലും അടിയന്തര ഘട്ടങ്ങളിൽ ആവശ്യമായ ഇടപെടൽ നടത്താൻ വേണ്ട ഉദ്യോഗസ്ഥരുടെ ലഭ്യത ജില്ലാ കളക്ടർമാർ ഉറപ്പ് വരുത്തേണ്ടതാണ്.

 

-മുൻകാലങ്ങളിൽ വെള്ളം കയറിയ വീടുകൾ, നദിക്കരയിലെ താഴ്ന്ന പ്രദേശ്‌നങ്ങളിലും താമസിക്കുന്നവർ, അടച്ചുറപ്പില്ലാത്ത വീടുകളിലും ഉരുൾപൊട്ടൽ സാധ്യത പ്രദേശങ്ങളിലും താമസിക്കുന്നവർ തുടങ്ങിയ ഏറ്റവും ദുരന്ത സാധ്യതയുള്ള ജനങ്ങളുടെ പട്ടിക മുൻകൂട്ടി തയ്യാറാക്കി വെക്കുകയും മുന്നറിയിപ്പുകളുടെയും മഴയുടെയും അടിസ്ഥാനത്തിൽ മുൻകൂട്ടി ആളുകളെ മാറ്റി താമസിപ്പിക്കുകയും ചെയ്യേണ്ടതാണ്.

 

-തദ്ദേശ സ്ഥാപന ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും വിവരങ്ങൾ അറിയിക്കുകയും ഏകോപനത്തോടെയുള്ള മുന്നൊരുക്ക-രക്ഷാ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യേണ്ടതാണ്.

*സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി*

പുറപ്പെടുവിച്ച സമയം : 2 pm, 14/05/2022

Category: News