അധ്യാപകനെതിെരെ കേരള സംസ്ഥാന യുവജന കമ്മിഷന്‍ സ്വമേധയാ കേസെടുത്തു
അധ്യാപകനെതിെരെ കേരള സംസ്ഥാന യുവജന കമ്മിഷന്‍ സ്വമേധയാ കേസെടുത്തു.
പാലക്കാട് ഗവ. വിക്‌ടോറിയ കോളെജിലെ ഭിന്നശേഷിക്കാരനായ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയെ അധ്യാപകന്‍ അപമാനിച്ച സംഭവത്തില്‍ കേരള സംസ്ഥാന യുവജന കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന വിദ്യാര്‍ത്ഥിക്ക് ഹാജര്‍ കുറവുണ്ടായിരുന്നു.
പരീക്ഷ എഴുതുന്നതിന് ആവശ്യമായ ഹാജര്‍ ഉറപ്പാക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥിയും അമ്മയുംകൂടി അധ്യാപകനെ കാണാന്‍ എത്തിയത്. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കാണിച്ചെങ്കിലും ഒപ്പിട്ട് നല്‍കാന്‍ അധ്യാപകന്‍ തയ്യാറായില്ല. എന്തിനാണ് തുടര്‍ന്ന് പഠിക്കുന്നതെന്നും മറ്റൊരാളുടെ സഹായത്തിലല്ലേ പരീക്ഷയെല്ലാം ജയിക്കുന്നതെന്നും അധ്യാപകന്‍ പറഞ്ഞതായി വിദ്യാര്‍ഥിയുടെ അമ്മ പറഞ്ഞു. ഹാജര്‍ നല്‍കാന്‍ വിസമ്മതിച്ചതിനൊപ്പം വിദ്യാര്‍ഥിയെ അപമാനിക്കുകയും ചെയ്തു.
വിഷയത്തില്‍ ജില്ലാ പോലീസ് മേധാവിയോടും കോളെജ് അധികൃതരോടും സമഗ്രമായ റിപ്പോര്‍ട്ട് അടിയന്തരമായി നല്‍കാന്‍ യുവജന കമ്മിഷന്‍ ആവശ്യപ്പെട്ടു.