അധ്യാപകനെ മരത്തിൽ കെട്ടിയിട്ട് മർദിച്ച് വിദ്യാർഥികൾ

August 31, 2022 - By School Pathram Academy

റാഞ്ചി: ഝാർഖണ്ഡിൽ പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന് അധ്യാപകനെ മരത്തിൽ മരത്തിൽ കെട്ടിയിട്ട് മർദിച്ച് വിദ്യാർഥികൾ. ദുംഖ ജില്ലയിൽ ഗോപികന്ദർ പൊലീസ് സ്റ്റേഷൻ പരിധിയിലെ സർക്കാർ റെസിഡൻഷ്യൻ സ്കൂളിലാണ് സംഭവം. ഒമ്പതാം ക്ലാസിലെ പ്രാക്ടിക്കൽ പരീക്ഷക്ക് കുറവ് മാർക്ക് നൽകിയതിനെ തുടർന്ന് പ്രകോപിതരായ വിദ്യാർഥികൾ ഗണിത അധ്യാപകനെയും സ്കൂളിലെ ക്ലർക്കിനെയും മർദിക്കുകയായിരുന്നു.

അധ്യാപകൻ സുമൻ കുമാർ, ക്ലർക്ക് സോനേറാം ചൗറേ എന്നിവർക്കാണ് മർദനം ഏറ്റതെന്ന് പൊലീസ് അറിയിച്ചു.
ഒമ്പതാം ക്ലാസിലെ 32 കുട്ടികളിൽ 11പേർക്ക് പ്രാക്ടിക്കൽ പരീക്ഷയിൽ ഡി.ഡി ഗ്രേഡ് ആയിരുന്നു ലഭിച്ചിരുന്നത്. ഈ ഗ്രേഡ് തോൽക്കുന്നതിന് തുല്യമാണ്.

ഝാർഖണ്ഡ് അക്കാദമിക് കൗൺസിൽ ശനിയാഴ്ചയാണ് ഒമ്പതാം ക്ലാസ് റിസൾട്ട്പ്രഖ്യാപിച്ചത്. എന്നാൽ പ്രാക്ടിക്കൽ പരീക്ഷയിലാണോ എഴുത്ത് പരീക്ഷയിലാണോ വിദ്യാർഥികൾ തോറ്റതെന്ന് വ്യക്തമല്ല.

ഊഹാപോഹത്തിന്‍റെ അടിസ്ഥാനത്തിലാണ് വിദ്യാർഥികൾ അധ്യാപകനേയും ക്ലർക്കിനേയും മർദിച്ചത്. ഝാർഖണ്ഡ് അക്കാദിമിക് കൗൺസിലിന്‍റെ സൈറ്റിൽ ഓൺലൈനായി മാർക്ക് അപ്ലോഡ് ചെയ്തത് ക്ലാർക്ക് ആയിരുന്നു.

പ്രാക്ടിക്കൽ പരീക്ഷ നടന്നതും മാർക്ക് അപ്ലോഡ് ചെയ്തതും എന്നാണെന്ന് സ്കൂൾ അധികൃതർ അറിയിച്ചിട്ടില്ലെന്ന് ഗോപികന്ദർ പൊലീസ് സ്റ്റേഷൻ മോധാവി
നിത്യാനന്ദ് ഭോക്ത പി.ടി.ഐയോട് പറഞ്ഞു.

സംഭവത്തിൽ സ്കൂൾ മാനേജ്മെന്‍റ് പരാതി നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ അധ്യാപകൻ തങ്ങൾക്ക് മാർക്ക് കുറച്ചിടുകയായിരുന്നെന്നും അതാണ് പരീക്ഷയിൽ തോറ്റതെന്നും വിദ്യാർഥികൾ ആരോപിക്കുന്നു. സംഭവത്തെ തുടർന്ന് ഒമ്പത്, പത്ത് ക്ലാസുകൾക്ക് രണ്ടു ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചതായും വിദ്യാർഥികളെ വീട്ടിലേക്ക് തിരിച്ചയച്ചതായും അധികൃതർ അറിയിച്ചു.

Category: News