അധ്യാപകരുടെ നിലവാരവും അത്തരത്തിൽ ഉയരണം. അതിനായി അധ്യാപകർക്ക് പരിശീലനവും പരീക്ഷയും നടത്തും

March 10, 2022 - By School Pathram Academy

പൊതു വിദ്യാഭ്യാസ ശാക്തീകരണം; അധ്യാപകർക്കും പരീക്ഷ നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി.

 

കൊച്ചി: പൊതുവിദ്യാഭ്യാസ ശാക്തീകരണത്തിൽ വിദ്യാർത്ഥികൾ വിജ്ഞാനത്തിന്റെ ഉറവിടങ്ങളായി മാറുമ്പോൾ അധ്യാപകരുടെ നിലവാരവും അത്തരത്തിൽ ഉയരണമെന്നും അതിനായി അധ്യാപകർക്ക് പരിശീലനവും പരീക്ഷയും നടത്തുമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കുസാറ്റിൽ കേരള സർക്കാരിന്റെ നൂറുദിന പരിപാടിയിൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷണൽ ടെക്‌നോളജി (എസ്‌ഐടി) സംഘടിപ്പിച്ച ടെക് ടാലന്റിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

 

പൊതുവിദ്യാഭ്യാസ മേഖല ഇടതു സർക്കാറിന് കീഴിൽ അനുദിനം ശക്തിപ്പെടുകയാണ്. പുതുതായി 7.3 ലക്ഷം കുട്ടികൾ പ്രവേശനം തേടിയെത്തിയത് ഇതിന് തെളിവാണ്. കോവിഡ് കാലത്ത് രാജ്യത്തിന് മാതൃകയായി ഡിജിറ്റൽ വിദ്യാഭ്യാസം നടപ്പാക്കാനായി. എസ്എസ്എൽസി പരീക്ഷ ഉൾപ്പെടെ നടത്തിയപ്പോൾ അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ഒരു ഭാഗത്തുനിന്ന് ഉണ്ടായത്. വിജയശതമാനം കൂടിയപ്പോൾ പ്ലസ് വൺ ക്ലാസിന് 79 അധിക ബാച്ചുകൾ ആരംഭിച്ച് ഉന്നത വിദ്യാഭ്യാസം ആഗ്രഹിച്ചവർക്കൊക്കെ നൽകാനായെന്നും മന്ത്രി പറഞ്ഞു.

 

പുതിയ പാഠ്യപദ്ധതിയിൽ സാമൂഹ്യ പ്രതിബദ്ധതയ്‌ക്ക് ഊന്നൽ നൽകും. ഭരണഘടനാ മൂല്യങ്ങൾ, സ്ത്രീധനം, മതേതരത്വം, ജനാധിപത്യം, ലിംഗ നീതി തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തി നവീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പഴയ കാലത്തിന് വിരുദ്ധമായി സ്കൂളുകളിൽ രക്ഷിതാക്കൾ കൂടുതൽ ഉത്തരവാദിത്തത്തോടെ ഇടപെടുന്നുണ്ട്. 47 ലക്ഷം വിദ്യാർത്ഥികൾ പഠിക്കുന്ന പൊതുവിദ്യാഭ്യാസ രംഗത്തെ വിജിലൻസ് സംവിധാനം ശക്തിപ്പെടുത്തും. അധ്യാപകരുടെ സ്വകാര്യ ട്യൂഷൻ തടയാൻ ശക്തമായ നടപടി സ്വീകരിക്കും. വിദേശ ജോലിക്കായുള്ള ഡെപ്യൂട്ടേഷൻ പരിമിതപ്പെടുത്തമെന്നും മന്ത്രി പറഞ്ഞു.

 

പുതിയ കാലത്തിന്റെ പ്രതിഭകളെ വാർത്തെടുക്കാൻ സഹായിച്ചിരുന്ന ശാസ്ത്ര മേളയും കായിക മേളയും കലോത്സവവും അടുത്ത വർഷം പുനരാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ നാനോമെറ്റീരിയൽസ് ആന്റ് ഡിവൈസ സിൽ നടന്ന ചടങ്ങിൽ വൈസ്ചാൻസലർ ഡോ കെ എൻ മധുസൂദനൻ അധ്യക്ഷനായി. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻ ബാബു, എസ്‌ഐടി ഡയറക്ടർ ബി അബുരാജ്, എറണാകുളം ആർഡിഡി ശകുന്തള, ഐയുസിഎൻഡി ഡയറക്ടർ പ്രൊഫ. ഹണി ജോൺ തുടങ്ങിയവർ സംസാരിച്ചു.