അധ്യാപകരുടെ സീനിയോറിറ്റി ലിസ്റ്റ് സമന്വയ മുഖേന തയ്യാറാക്കാൻ സർക്കാർ ഉത്തരവ്

സംസ്ഥാനത്തെ എയ്ഡഡ് സ്കൂൾ അധ്യാപകരുടെ സീനിയോറിറ്റി ലിസ്റ്റ് ഓൺലൈൻ ആയി തയ്യാറാക്കി അംഗീകരിക്കുന്നതു വഴി സീനിയോറിറ്റി സംബന്ധിച്ച തർക്കങ്ങളും പരാതികളും പരിഹരിക്കപ്പെടുമെന്നും ആയതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും പരാമർശം (2) ഉത്തരവിൽ നിർദേശിച്ചിരുന്നു.
നിലവിൽ കെ.ഇ.ആർ അദ്ധ്യായം XIV എ. ചട്ടം 34, 35 എന്നിവ പ്രകാരം തുടരുന്ന മാന്വൽ രീതി മാറ്റി സമന്വയ മുഖാന്തരം അധ്യാപക, അനദ്ധ്യാപകരുടെ സീനിയോറിറ്റി ലിസ്റ്റ് തയാറാക്കുന്നതിന് സർക്കാർ അനുമതി നൽകണമെന്നും ആവശ്യമായ ഭേദഗതി കേരള വിദ്യാഭ്യാസ ചട്ടങ്ങളിൽ കൊണ്ടുവരണമെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടർ പരാമർശം (4) പ്രകാരം അറിയിച്ചു.
എയ്ഡഡ് സ്കൂളുകളിൽ സമന്വയ സോഫ്റ്റ്‌വെയർ മുഖേന തസ്തിക നിർണ്ണയം നടത്തുവാനും,നിയമനാം ഗീകാരം നൽകുവാനും പരാമർശം (1) പ്രകാരം മാർഗ്ഗ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
പരാമർശം (2) ലെ വിധിന്യായത്തിലെ നിർദേശങ്ങൾ നടപ്പാക്കുന്നതുമായി ബന്ധപെട്ടു പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അധ്യാപകരുടെ സീനിയോറിറ്റി ലിസ്റ്റ് സമന്വയ മുഖേന നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടു മൊഡ്യൂൾ തയാറാക്കുന്ന നടപടികൾ പൂർത്തീകരിക്കുവാൻ പരാമർശം (3) പ്രകാരം തീരുമാനിച്ചിട്ടുണ്ട്.
മേൽ സാഹചര്യത്തിൽ പരാമർശം (2) ലെ വിധിന്യായത്തിൻ്റെയും, പരാമർശം (3) ലെ യോഗ തീരുമാനത്തിന്റെയും, പരാമർശം )4( പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ശിപാർശയുടെയും അടിസ്ഥാനത്തിൽ, നിലവിൽ മാന്വൽ ആയി ചെയ്തുവരുന്ന സംസ്ഥാനത്തെ എയ്ഡഡ് സ്കൂൾ അധ്യാപക, അനദ്ധ്യാപക ജീവനക്കാരുടെ സീനിയോറിറ്റി ലിസ്റ്റ്, ബന്ധപ്പെട്ട മാനേജർമാർ സമന്വയ മുഖേന ഓൺലൈൻ ആയി തയാറാക്കി സമർപ്പിക്കുന്നതിനും ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസർമാർ സമയബന്ധിതമായി ആയതിന് അംഗീകാരം നൽകുന്നതിനും അനുമതി നൽകി ഉത്തരവ് പുറപ്പെടുവി ക്കുന്നു.ഇത് സംബന്ധിച്ച് വിശദമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുന്നതിനും ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുന്നതിനും പൊതു വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തുന്നു.
തദനുസൃതമായി കേരള വിദ്യാഭ്യാസ ചട്ടങ്ങളിൽ വരുത്തേണ്ട ഭേദഗതി സംബന്ധിച്ച പ്രൊപ്പോസൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ ഉടൻ സമർപ്പിക്കേണ്ടതാണ്.