അധ്യാപികയെ കഴുത്തറുത്ത് കൊന്നത് മുൻ വിദ്യാർഥികൾ
പ്രായമായ മാതാപിതാക്കളെ അക്രമിച്ച് കൊള്ള നടത്തിയവർക്കുള്ള ശിക്ഷ കേൾക്കാൻ നാലരവർഷത്തെ കാത്തിരിപ്പിനുശേഷം മകൻ ഡോ. മനോജ് ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ കോടതിയിലെത്തി.
പ്രഥമാധ്യാപികായായിരുന്ന പുലിയന്നൂർ ജാനകിയുടെ മകനും കുടുംബാംഗങ്ങളുമാണ് കേസിന്റെ വിധി കേൾക്കാൻ കാസർകോട് കോടതിയിലെത്തിയത്.
കൊള്ളസംഘത്തിന്റെ അക്രമത്തിൽ അമ്മയ്ക്ക് ജീവൻ നഷ്ടപ്പെടുകയും അച്ഛൻ ഗുരുതര പരിക്കുകളോടെ ആസ്പത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതിന്റെയും വേദനിക്കുന്ന ഓർമകളുമായാണ് കുടുംബം കോടതിയിലെത്തിയത്. കോടതി വിധിയിൽ സന്തോഷമുണ്ടെങ്കിലും കുറ്റകൃത്യങ്ങളിൽ പങ്കാളിയായിരുന്ന ഒരു പ്രതിയെ വെറുതേ വിട്ടതിനെതിരേ മേൽക്കോടതിയെ സമീപിക്കുമെന്ന് കുടുംബാംഗങ്ങൾ പ്രതികരിച്ചു.
ഏറെ കിംവദന്തികളും നുണപ്രചാരണങ്ങളെയും പൊളിച്ചാണ് കേസിൽ പോലീസ് പ്രതികളെ കണ്ടെത്തിയത്. സംഭവം നടന്ന് ഒരുമാസത്തോളം പ്രതികളെക്കുറിച്ചുള്ള പല ഊഹാപോഹങ്ങൾക്കുമിടയിൽ വീട്ടുകാരെയും ബന്ധുക്കളെയും വരെ പ്രതിക്കൂട്ടിലാക്കുന്ന കഥകളും പ്രചരിച്ചിരുന്നു. സ്വത്തിനുവേണ്ടി ഈ വയോധികരെ കൊലപ്പെടുത്തിയതാണെന്ന തരത്തിലുള്ള കെട്ടുകഥകളായിരുന്നു നാട്ടിൽ പ്രചരിച്ചത്. വീട്ടുകാരെ ഏറെ വേദനിപ്പിച്ച ഈ അസത്യ പ്രചാരണത്തിനിടയിലാണ് പഴുതടച്ചുള്ള അന്വേഷണത്തിനൊടുവിൽ യഥാർഥ കുറ്റവാളികളെ പോലീസ് പിടിച്ചത്.വീട്ടുകാരെ സംശയിച്ചവർക്കുള്ള മറുപടിയായി ഇത് മാറിയെങ്കിലും നുണകളിൽ ആനന്ദം കണ്ടെത്തുന്ന ചിലർ വിടാതെ വീട്ടുകാരെ തന്നെ സംശയത്തിന്റെ നിഴലിൽ നിർത്തിയിരുന്നു. ഒടുവിൽ 2018 ഫെബ്രുവരിയിൽ കള്ളക്കഥകളെയെല്ലാം അസ്ഥാനത്താക്കിയാണ് ജാനകി ടീച്ചറുടെ പഴയ വിദ്യാർഥികളും നാട്ടുകാരുമായ മൂന്നംഗസംഘത്തെ പോലീസ് പിടിച്ചത്. തുടർന്നുനടന്ന വാദത്തിനും വിസ്താരത്തിനും ശേഷം 2019 ഡിസംബറോടെ കേസിന്റെ വിചാരണ പൂർത്തിയായെങ്കിലും ജഡ്ജിമാരുടെ സ്ഥലംമാറ്റവും കോവിഡും കാരണം വിധി പറയുന്നത് വൈകി.ആറ് ജഡ്ജിമാരാണ് ജില്ലാ സെഷൻസ് കോടതിയിൽ നടന്ന ഈ കേസ് പരിഗണിച്ചിരുന്നത്. അജിത്കുമാർ, പഞ്ചാപകേശൻ, അഹമ്മദ് കോയ, വിൻസെന്റ്, ബാലകൃഷ്ണൻ എന്നിവർക്കുശേഷമാണ് നിലവിൽ വിധി പറഞ്ഞ ജഡ്ജിയായ സി. കൃഷ്ണകുമാർ ഈ കേസ് പരിഗണിച്ചത്.
പ്രതികൾ വിറ്റ മുഴുവൻ സ്വർണവും പയ്യന്നൂർ, കണ്ണൂർ, മംഗളൂരു എന്നിവിടങ്ങളിലെ ജൂവലറികളിൽനിന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഒന്നാം പ്രതി വിശാഖിന്റെ വീട്ടിൽനിന്ന് 60,000 രൂപയും കണ്ടെത്തി. കേസിന്റെ വിചാരണവേളയിൽ 212 രേഖകളും 54 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ ഹാജരാക്കി. വിചാരണഘട്ടത്തിൽ ഒരിക്കൽപോലും പ്രതികൾക്ക് ജാമ്യം അനുവദിച്ചിട്ടില്ല.