അധ്യാപികയ്ക്ക് ജാമ്യം ലഭിച്ചു.ആരോപണങ്ങൾ പിതാവ് നിഷേധിച്ചു.മകൾ ചതിക്കപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു

April 23, 2022 - By School Pathram Academy

കണ്ണൂർ: സിപിഎം പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ആർഎസ്എസ് പ്രവർത്തകന് ഒളിവിൽ താമസിക്കാൻ സൗകര്യമൊരുക്കിയെന്ന് പറയുന്ന രേഷ്മക്ക് ജാമ്യം. പുന്നോൽ ഹരിദാസ് വധക്കേസ് പ്രതിയായ നിജിൽ ദാസാണ് രേഷ്മയുടെ വീട്ടിൽ എന്ന് പറയുന്ന വീട്ടിൽ ഒളിവിൽ താമസിച്ചത്.

സിപിഎം പാർട്ടിഗ്രാമമായ പിണറായി പാണ്ട്യാല മുക്കിലെ വീട്ടിലാണ് നിജിൽ ദാസ് ഒളിവിൽ താമസിച്ചത്. കഴിഞ്ഞ ദിവസമാണ് നിജിലിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഒളിവിൽ താമസിപ്പിച്ചു എന്ന സംശയത്തിൽ രേഷ്മയേയും പൊലീസ്കസ്റ്റഡിയിലെടുക്കുകയായിരുന്നു.പുന്നോൽ അമൃത വിദ്യാലയം അധ്യാപികയാണ് രേഷ്മ. ഇവരുടെ ഭർത്താവ് പ്രശാന്ത് വിദേശത്താണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന്റെ സമീപത്താണ് പ്രതി ഒളിവിൽ താമസിച്ച വീടുള്ളത്. നിജിൽ ദാസ് പിടിയിലായതിന് പിന്നാലെ ഇന്നലെ രാത്രി വീടിന് നേരെ ബോംബേറുണ്ടായി. വീടിന്റെ എല്ലാ ജനലുകളും അടിച്ചുതകർത്തശേഷം മുറ്റത്തേക്ക് രണ്ട് ബോംബുകൾ എറിഞ്ഞതായാണ് പൊലീസ് പറയുന്നത്.അതേസമയം രേഷ്മക്കെതിരായ ആരോപണങ്ങൾ പിതാവ് നിഷേധിച്ചു. നിജിൽ ദാസിന് രേഷ്മ വീട്ടിൽനിന്ന് ഭക്ഷണം ഉണ്ടാക്കിക്കൊടുത്തിട്ടില്ലെന്നും മകൾ ചതിക്കപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മകളുടെ സുഹൃത്തിന്റെ ഭർത്താവായതുകൊണ്ടാണ് വാടകക്ക് നൽകിയത്. കൊലയാളിയാണെന്നറിയില്ല, അതറിയുന്നത് ഇന്നലെയാണ്. പാരമ്പര്യമായി ഞങ്ങൾ മാർക്‌സിസ്റ്റുകാരാണ്. അതിൽ ഒരു മാറ്റവും വന്നിട്ടില്ല. സിപിഎം എന്തുകൊണ്ടാണ് ഇപ്പോൾ തള്ളിപ്പറയുന്നതെന്നറിയില്ല-അദ്ദേഹം പറഞ്ഞു.

Category: News