അപൂർവ രോഗമായ ബ്രെയിൻ ഈറ്റിങ് അമീബിയ (നെയ്ഗ്ലെറിയ ഫൗളറി) ബാധിച്ച് പത്താം ക്ലാസ് വിദ്യാർഥി മരിച്ചു

July 07, 2023 - By School Pathram Academy

അപൂർവ രോഗമായ ബ്രെയിൻ ഈറ്റിങ് അമീബിയ (നെയ്ഗ്ലെറിയ ഫൗളറി) ബാധിച്ച് പത്താം ക്ലാസ് വിദ്യാർഥി മരിച്ചു.

പാണാവള്ളി കിഴക്കേ മായിത്തറ അനിൽ കുമാറിന്റെയും ശാലിനിയുടെയും മകൻ ഗുരുദത്ത് (15) ആണ് മരിച്ചത്. കഴിഞ്ഞ ഞായർ മുതൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. തോട്ടിൽ കുളിച്ചതിനെ തുടർന്നാണ് രോഗമുണ്ടായതെന്നാണ് വിവരം.ചെളി നിറഞ്ഞ ജലാശയങ്ങളിൽ കണ്ടുവരുന്ന നെയ്ഗ്ലെറിയ ഫൗളറി മനുഷ്യർ മുങ്ങിക്കുളിക്കുമ്പോൾ മൂക്കിലൂടെ ശിരസ്സിൽ എത്തി തലച്ചോറിൽ അണുബാധയുണ്ടാക്കുന്നതാണ് മാരകമാകുന്നതെന്നു ഡോക്ടർമാർ പറഞ്ഞു. ഗുരുദത്തിന്റെ സംസ്കാരം ഇന്നു 12ന് നടക്കും. സഹോദരി: കാർത്തിക2017 ൽ ആലപ്പുഴ മുനിസിപ്പാലിറ്റി പ്രദേശത്താണ് മെനിഞ്ചോ എങ്കഫലൈറ്റിസ് എന്ന ഈ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത്. അതിനുശേഷം ഇപ്പോഴാണ് രോഗം റിപ്പോർട്ട് ചെയ്യുന്നത്. പരാദ സ്വഭാവമില്ലാതെ ജലത്തിൽ സ്വതന്ത്രമായി ജീവിക്കുന്ന അമീബ വിഭാഗത്തിൽപ്പെടുന്ന രോഗാണുക്കൾ നീർച്ചാലിലോ കുളത്തിലോ കുളിക്കുന്നത് വഴി മൂക്കിലെ നേർത്ത തൊലിയിലൂടെ മനുഷ്യന്റെ ശരീരത്തിൽ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന എൻകഫലൈറ്റിസ് ഉണ്ടാക്കാനിടയാക്കുകയും ചെയ്യുന്നു.പനി, തലവേദന, ഛർദി, അപസ്മാരം എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങൾ. മലിനമായ വെള്ളത്തിൽ മുങ്ങി കുളിക്കുന്നതും, മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തിൽ കഴുകുന്നതും രോഗം വരുവാൻ കാരണമാകുന്നതിനാൽ അത് പൂർണമായും ഒഴിവാക്കുക. മഴ തുടങ്ങുമ്പോൾ ഉറവ എടുക്കുന്ന നീർചാലുകളിൽ കുളിക്കുന്നതും ഒഴിവാക്കുക. മലിനജലം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ഡിഎംഒ അറിയിച്ചു.

Category: News