പ്ലസ് വൺ അപേക്ഷ, പ്രവേശനനടപടികൾ, കമ്യൂണിറ്റി ക്വാട്ട, ബോണസ് മാർക്ക്; പ്ലസ് വൺ ഏകജാലകം അറിയേണ്ടതെല്ലാം

July 09, 2022 - By School Pathram Academy

അപേക്ഷ, പ്രവേശനനടപടികൾ, കമ്യൂണിറ്റി ക്വാട്ട, ബോണസ് മാർക്ക്; പ്ലസ് വൺ ഏകജാലകം അറിയേണ്ടതെല്ലാം

ഹയർ സെക്കണ്ടറി കോഴ്‌സിലേക്കുള്ള പ്രവേശന നടപടികൾ ജൂലായ് 11 ന് ആരംഭിക്കുകയാണ്. പ്ലസ് വൺ പ്രവേശനത്തിന്റെ നടപടിക്രമങ്ങൾ അറിയാം.

ഏകജാലക രീതിയിലാണ് ഹയർ സെക്കണ്ടറി കോഴ്സുകളിലേക്ക് പ്രവേശനം നടത്തുന്നത്. ഒരു ജില്ലയിലെ എല്ലാ സർക്കാർ, എയ്ഡഡ് ഹയർ സെക്കണ്ടറി സ്കൂളുകളിലെയും മെറിറ്റ് സീറ്റുകളിലേക്ക് പ്രവേശനം നേടാൻ ഒറ്റ അപേക്ഷ നൽകിയാൽ സാധിക്കും എന്നതാണ് ഈ സംവിധാനത്തിന്റെ ഗുണം. അപേക്ഷ നൽകുന്നതിന് മുൻപേ ചേരാൻ ആഗ്രഹിക്കുന്ന കോഴ്സ്, സ്കൂളുകൾ ഇവയെപ്പറ്റി ഒരു ഏകദേശ ധാരണ ഉണ്ടാക്കുന്നത് നല്ലതാണ്.

  • ഏതൊക്കെയാണ് കോഴ്സുകൾ?

സയൻസ്, ഹ്യൂമാനിറ്റീസ്, കൊമേഴ്സ് എന്നീ മൂന്നു മുഖ്യകോഴ്സുകളാണ് ഹയർ സെക്കണ്ടറിയിൽ ഉള്ളത്. ഇതിൽ സയൻസിൽ ഒൻപത് സബ്ജക്ട് കോമ്പിനേഷനുകളും (ടെക്നിക്കൽ ഹയർ സെക്കണ്ടറി സ്കൂളിൽ 40 എന്ന കോഡിൽ ഒരു കോമ്പിനേഷൻ വേറെയും ഉണ്ട്) ഹ്യുമാനിറ്റീസിൽ 32 സബ്ജക്ട് കോമ്പിനേഷനുകളും കൊമേഴ്സിൽ നാല് സബ്ജക്ട് കോമ്പിനേഷനുകളുമാണ് ഉള്ളത്.

സയൻസിൽ ഏറ്റവും കൂടുതൽ സ്കൂളുകളിൽ ഉള്ള സബ്ജക്ട് കോമ്പിനേഷൻ ’01’ആണ്. ഇങ്ങനെ ഓരോ സബ്ജക്ട് കോമ്പിനേഷനും ഓരോ കോഡ് നമ്പറും ഉണ്ടായിരിക്കും. ഇത് അപേക്ഷ നൽകുമ്പോൾ ആവശ്യമാണ്. ഇഷ്ടമുള്ള കോമ്പിനേഷനുകളുടെ കോഡുകൾ നേരത്തേ നോക്കി വെയ്ക്കുന്നത് അപേക്ഷ തെറ്റാതിരിക്കാൻ സഹായിക്കും.

  • സ്കൂളുകളും കോഡുകളും

സ്കൂളുകൾക്കും ഓരോ കോഡ് നമ്പർ നൽകിയിട്ടുണ്ട്. സ്കൂളുകൾ കണ്ടെത്തിക്കഴിഞ്ഞാൽ ആ സ്കൂളിന്റെ കോഡ് നമ്പർ ശ്രദ്ധിച്ച് നോട്ട് ചെയ്യുക. തിരുവനന്തപുരം മുതൽ പാലക്കാട് വരെയുള്ള ഒമ്പത് ജില്ലകൾക്ക് നാല് അക്കമുള്ള സ്കൂൾ കോഡുകളും മലപ്പുറം മുതൽ കാസർകോട് വരെയുള്ള അഞ്ച് ജില്ലകൾക്ക് അഞ്ച് അക്ക സ്കൂൾ കോഡുകളും ആണ് ഉള്ളത്.

സ്കൂൾ കോഡുകളും കോഴ്സ് കോഡുകളും കണ്ടെത്തി മുൻഗണനാക്രമത്തിൽ പട്ടിക തയ്യാറാക്കുക എന്നതാണ് ഏകജാലക അപേക്ഷ സമർപ്പിക്കാനായി ആദ്യം ചെയ്യേണ്ടത്.

  • ബോണസ് പോയന്റ്, ആനുകൂല്യങ്ങൾ

ബോണസ് പോയന്റ് ലഭിക്കാൻ അർഹതയുള്ള യോഗ്യതകൾ നേടിയവർ അവയുടെ സർട്ടിഫിക്കറ്റുകൾ സംഘടിപ്പിച്ച് വെക്കുക. അതേപോലെ SC/ST/OEC വിഭാഗക്കാരും OEC ക്ക് തുല്യമായ വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്ക് അർഹതയുള്ള OBC വിഭാഗക്കാരും കമ്യൂണിറ്റി, നേറ്റിവിറ്റി, ഇൻകം സർട്ടിഫിക്കറ്റുകളും വാങ്ങി വെക്കേണ്ടതാണ്. ഇവയൊന്നും അപേക്ഷ നൽകുന്ന സമയത്ത് ആവശ്യമില്ല. പക്ഷേ പ്രവേശന സമയത്ത് ഇവയുടെ അസ്സൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കേണ്ടിവരും.

  • അപേക്ഷാ സമർപ്പണം

www.admission.dge.kerala.gov.in എന്ന പോർട്ടലിലൂടെ അപേക്ഷ സമർപ്പിക്കാം. പോർട്ടൽ തുറന്നാൽ ഹയർസെക്കണ്ടറിയിലേക്കും വൊക്കേഷണൽ ഹയർ സെക്കണ്ടറിയിലേക്കും അപേക്ഷ സമർപ്പിക്കാനുള്ള രണ്ട് ബട്ടണുകൾ കാണാം. ഹയർ സെക്കണ്ടറി തിരഞ്ഞെടുത്താൽ തുടർന്നു വരുന്ന പേജിൽ കുട്ടിയുടെ പ്രധാന വിവരങ്ങൾ രേഖപ്പെടുത്തണം.

SSLC/CBSE/ICSE തുടങ്ങിയ യോഗ്യതാ പരീക്ഷകളുടെ രജിസ്റ്റർ നമ്പർ, പരീക്ഷ പാസായ വർഷം, മാസം (പൊതുവേ മാർച്ച് സെലക്ട് ചെയ്യുന്നതാണ് ഉചിതം) തുടങ്ങിയവയും ഒരു മൊബൈൽ നമ്പറും ഇവിടെ രേഖപ്പെടുത്തേണ്ടതുണ്ട്. (മൊബൈൽ നമ്പർ ഏറ്റവും കുറഞ്ഞത് പ്രവേശന നടപടികൾ പൂർത്തിയാകുന്നതുവരെ എങ്കിലും ഉപയോഗത്തിലിരിക്കേണ്ടതാണ് എന്നത് പ്രത്യേകം ശ്രദ്ധിക്കുക) ഇത് കുട്ടിയുടേതോ രക്ഷിതാവിന്റെയോ തന്നെ ആയിരിക്കണം.

ഓൺലൈൻ അപേക്ഷയുടെ രണ്ടാം ഭാഗം കൂടുതൽ വ്യക്തിവിവരങ്ങൾ ഉൾപ്പെടുന്നതാണ്. ഇവിടെ കുട്ടിയുടെ ജാതി, മതം, വിഭാഗം തുടങ്ങിയവ രേഖപ്പെടുത്തേണ്ടതുണ്ട്. ഇവ തെറ്റു കൂടാതെ രേഖപ്പെടുത്തുക. അല്ലാത്തപക്ഷം പ്രവേശനത്തെ ബാധിക്കാനിടയുണ്ട്. കാരണം വിവിധ സംവരണ വിഭാഗങ്ങൾക്ക് നിശ്ചിത എണ്ണം സീറ്റുകൾ റിസർവ് ചെയ്താണ് പ്രവേശനം നടത്തുന്നത്. കുട്ടികൾ വിഭാഗം തെറ്റായി രേഖപ്പെടുത്തിയാൽ അഡ്മിഷൻ നിരസിക്കപ്പെടും. ബോണസ് പോയന്റുകൾ സംബന്ധിച്ച വിവരങ്ങളും രേഖപ്പെടുത്തുന്നത് ഇതേ ഭാഗത്താണ്. ഇവ പൂർത്തിയാക്കിയാൽ അടുത്ത ഘട്ടത്തിലേക്ക് കടക്കാം.

  • രണ്ടാം ഘട്ടം

യോഗ്യതാ പരീക്ഷയുടെ ഗ്രേഡുകൾ രേഖപ്പെടുത്തേണ്ടത് ഈ ഭാഗത്താണ്. 2022 ൽ SSLC കഴിഞ്ഞ വിദ്യാർഥികളുടെ ഗ്രേഡുകൾ ഇവിടെ വന്നതായി കാണാം. (പുനർമൂല്യ നിർണയത്തിൽ ഗ്രേഡിൽ മാറ്റം വന്ന കുട്ടികളുടെ മാറിയ ഗ്രേഡ് ആണ് ഇവിടെ കാണിക്കുന്നത് എന്ന് ഈ ഘട്ടത്തിൽ ഉറപ്പാക്കേണ്ടതാണ്) SSLC ഒഴികെയുള്ള മറ്റ് യോഗ്യതാ പരീക്ഷകൾ (CBSE, ICSE etc) പാസായ കുട്ടികൾ ഇവിടെ സ്വന്തം ഗ്രേഡുകൾ രേഖപ്പെടുത്തി സബ്മിറ്റ് ചെയ്യുകയാണ് വേണ്ടത്.അടുത്ത ഘട്ടത്തിലാണ് സ്കൂൾ, കോഴ്സ് ഇവ രേഖപ്പെടുത്തേണ്ടത്. ഇവിടെ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന സ്കൂളും കോഴ്സും ആദ്യം, തുടർന്ന് രണ്ടാമത് ആഗ്രഹിക്കുന്നത് എന്നിങ്ങനെ ക്രമത്തിൽ രേഖപ്പെടുത്തുക.

സ്കൂൾ കോഡുകൾ രേഖപ്പെടുത്തുമ്പോൾ ഉദ്ദേശിച്ച സ്കൂൾ തന്നെയാണ് വന്നിട്ടുള്ളത് എന്ന് ഉറപ്പാക്കേണ്ടതാണ്.

യാതൊരു കാരണവശാലും പ്രവേശനം നേടാൻ താല്പര്യമില്ലാത്ത സ്കൂൾ, കോഴ്സ് ഇവ അപേക്ഷയിൽ ഉൾപ്പെടുത്താതിരിക്കുക. ട്രാൻസ്ഫറിനുള്ള സാധ്യത ഉണ്ടെങ്കിലും അത് പരിമിതമാണ്.

കോഴ്സുകളും സ്കൂളുകളും മുൻഗണനാ ക്രമത്തിൽ രേഖപ്പെടുത്തിക്കഴിഞ്ഞാൽ മറ്റ് ചില കാര്യങ്ങൾ കൂടി രേഖപ്പെടുത്തി (ബോണസ് പോയന്റിനായി സമർപ്പിച്ച രേഖയുടെ നമ്പർ, തീയതി തുടങ്ങിയവ) അപേക്ഷ സമർപ്പണം പൂർത്തിയാക്കാം.

അവസാന സമർപ്പണം പൂർത്തിയാക്കിയ അപേക്ഷയുടെ ഒരു പ്രിന്റ് എടുത്ത് വയ്ക്കുന്നത് നല്ലതാണ്.

ഇത്രയുമാണ് ഹയർ സെക്കണ്ടറി മെറിറ്റ് സീറ്റിലേക്ക് ഉള്ള അപേക്ഷ സമർപ്പണ നടപടിക്രമം. ഇതുകൂടാതെ അൺഎയ്ഡഡ് സ്കൂളുകളിലേക്കും, കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്കും, മാനേജ്മെന്റ് സീറ്റുകളിലേക്കും, സ്പോർട്സ് ക്വാട്ട സീറ്റുകളിലേക്കും പ്രവേശനത്തിനായി വെവ്വേറെ നടപടി ക്രമങ്ങൾ ഉണ്ട്.

അൺ എയ്ഡഡ് സ്കൂൾ പ്രവേശനം ഏകജാലകത്തിൽ ഉൾപ്പെടുന്നില്ല. വിദ്യാർഥി പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന സ്കൂളിൽ നേരിട്ട് അപേക്ഷ നൽകി പ്രവേശനം നേടാവുന്നതാണ്.

  • കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനം

എയ്ഡഡ് ഹയർ സെക്കണ്ടറി സ്കൂളുകളിൽ അവ നടത്തുന്ന സമുദായത്തിൽപെട്ട കുട്ടികൾക്ക് നിശ്ചിത സീറ്റുകൾ നീക്കിവെച്ചിട്ടുണ്ട്. ഈ സീറ്റുകളിൽ പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന കുട്ടികൾ ഈ സ്കൂളുകളിൽ നേരിട്ട് അപേക്ഷ നൽകേണ്ടതാണ്. അപേക്ഷകൾ കേന്ദ്രീകൃത അഡ്മിഷൻ പോർട്ടലിലേക്ക് അപ്ലോഡ് ചെയ്ത് പോർട്ടലിൽ നിന്നും ലഭിക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരമാണ് കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നത്.

(ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകനും കോഴിക്കോട് ജില്ല കരിയർ ഗൈഡൻസ് & അഡോളസന്റ് കൗൺസിലിംഗ് സെൽ ജോ.കോ ഓർഡിനേറ്റുമാണ് ലേഖകൻ)

Category: News

Recent

സ്കൂളുകളിൽ മലയാളഭാഷ പഠിപ്പിക്കുന്നുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ…

July 12, 2024

സി.വി രാമനെ പരാമർശിക്കാതെ ‘കൽക്കട്ട യാത്രാഡയറി ‘ പൂർത്തിയാകുമോ

July 12, 2024

ഇന്ന് World Paper Bag Day ; പേപ്പർ ബാഗിനും ഒരു ദിനം; ഈ…

July 12, 2024

മറവന്തുരുത്ത് ശാന്തിനികേതൻ എൽ പി സ്കൂളിൽ നിറവ് 2024 പദ്ധതിക്ക്‌ തുടക്കമായി

July 12, 2024

കൽക്കട്ട യാത്ര :- ഹൂഗ്ലി നദിയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മെറ്റ്കാൾഫിലേക്ക്

July 12, 2024

സമാധാനപരവും രാഷിട്രീയ പാർട്ടികളുടെ ഇടപെടൽ ഇല്ലാതേയും സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്താൻ പൊതുവിദ്യാഭ്യാസ…

July 12, 2024

മദർ തെരേസ താമസിച്ച കൽക്കട്ടയിലെ വീട്ടിൽ നിന്നും എഴുതുന്നത്

July 11, 2024

തൊടുപുഴയിൽ തൊഴിലവസരം

July 11, 2024
Load More