ഡിസംബർ 18 അന്തരാഷ്ട്ര അറബി ഭാഷാദിനം .DEC. 18 INTERNATIONAL ARABIC DAY

December 18, 2021 - By School Pathram Academy

അറബിക് ഭാഷ അന്തര്‍ദേശീയമാവുമ്പോള്‍..

DEC. 18 INTERNATIONAL ARABIC DAY-

(ഡിസംബർ 18 അന്തരാഷ്ട്ര അറബി ഭാഷാദിനം)

അറബിക് ഭാഷ അന്തര്‍ദേശീയമാവുമ്പോള്‍

ലോകത്ത് 28 രാജ്യങ്ങളിലായി 422 മില്യണ്‍ ജനങ്ങളുടെ ഔദ്യോഗിക ഭാഷയാണ് അറിബിക്. 162 മില്യണില്‍ അധികം വരുന്ന മുസ്ലിംകളുടെ മതപരമായ ആവശ്യങ്ങള്‍ക്ക് അറബി ഭാഷയാണ് ഉപയോഗിക്കുന്നത്. മുസ്ലിംകളല്ലാത്ത അനേകം പേര്‍ അറബിക് മാതൃഭാഷയായി ഉപയോഗിക്കുന്നുണ്ട്.യു.എന്‍.ഒ. യുടെ ആറ് ഔദ്യോഗിക ഭാഷകളില്‍ ഒന്നാണ് അറബിക്. ഫ്രഞ്ച്, ഇഗ്ലീഷ്, റഷ്യന്‍, ചൈനീസ്, സ്പാനിഷ് എന്നിവയാണ മറ്റു ഭാഷകള്‍. 1973 ല്‍ ഡിസംബര്‍ 18 ന് ചേര്‍ന്ന ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയാണ് അറബിക് ഭാഷയെ ഔദ്യോഗിക ഭാഷയായി അംഗീകരിച്ചത്. ഭാഷാ സാംസ്കാരിക വൈവിധ്യങ്ങള്‍ ആഘോഷിക്കുക എന്ന ലക്ഷ്യത്തോടെ 2010 മുതല്‍ ഡിസംബര്‍ 18 അന്താരാഷ്ട്ര അറബിക് ദിനമായി ആചരിച്ചുവരുന്നു.

ചരിത്രം

സെമിറ്റിക് ഭാഷാംഗമായ അറബിക് പുരാതനം, ജാഹിലിയ്യ, സുവര്‍ണ്ണം, അപചയം, ആധുനികം, ഉത്തരാധുനികം, വര്‍ത്തമാനം എന്നീ കാലഘട്ടങ്ങളിലൂടെ അതിജീവനം നടത്തിയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും വികാസത്തിന്‍റെ നെറുകയില്‍ നില്‍ക്കുന്നത്.

ലോക ഭാഷകളില്‍ പലതുകൊണ്ടും വ്യതിരിക്തത പുലര്‍ത്തുന്ന അറബി ഭാഷയുടെ സവിശേഷതകള്‍ നിരവധിയാണ്.നാലായിരത്തില്‍ പരം വര്‍ഷങ്ങള്‍ പഴക്കമുണ്ടായിട്ടും നൂറ്റി അമ്പതോളം തലമുറകളായി ലക്ഷോപലക്ഷം ജനവിഭാഗങ്ങള്‍ കൈകാര്യം ചെയ്തിട്ടും ശുദ്ധിക്കോ തനിമക്കോ മൗലികതക്കോ ലവലേശം പോറലേല്‍ക്കാത്ത ഏക ഭാഷ, എട്ട്, ഒന്‍പത്, പത്ത് , പതിനൊന്ന് നൂറ്റാണ്ടുകളില്‍ ഭൂമുഖത്ത് അറിയപ്പെട്ടിരുന്ന ശാസ്ത്ര സാങ്കേതിക വൈജ്ഞാനിക ഗ്രന്ഥങ്ങളെല്ലാം അതേ കാലഘട്ടത്തില്‍ തന്നെ ലോകത്തിന് ലഭ്യമാക്കിയ ഏക ഭാഷ, ഗ്രീക്ക് ഭാഷയിലും സംസ്‌കൃതത്തിലുമുള്ള പ്രാചീന ഗ്രന്ഥങ്ങള്‍ ഭാഷാന്തരം ചെയ്ത് ആധുനിക ലോകത്തിന് സമ്മാനിച്ച പ്രായം കുറഞ്ഞ സെമിറ്റിക് ഭാഷ, ഫിലിപ്പ് ഹിറ്റിയുടെ വീക്ഷണത്തില്‍ എട്ടാം നൂറ്റാണ്ടിന്റേയും പതിമൂന്നാം നൂറ്റാണ്ടിന്റേയുമിടയില്‍ ലോക സംസ്‌കാരത്തിന്റേയും നാഗരികതയുടേയും വാഹകരായിരുന്ന അറബികളുടെ മാതൃഭാഷ, വാസ്‌കോഡി ഗാമയും കൊളമ്പസും ലോകസഞ്ചാരത്തിനുപയോഗിച്ച ഭൂപടത്തിന്റെ ഭാഷ, സൈഫറിന്റേയും ആള്‍ജിബ്രയുടേയും മാത്രമല്ല ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ടുകിടക്കുന്ന അരിത്‌മെറ്റിക്‌സിന്റേയും അടിസ്ഥാന ഭാഷ, സമഗ്രവും അന്താരാഷ്ട്രീയവുമായ ഒരു സംസ്‌കാരത്തിന് അടിത്തറ പാകി മനുഷ്യകോടികളെ ഒരു ഏകീകൃത ചിന്താധാരയില്‍ പിടിച്ചുനിര്‍ത്തുവാന്‍ കഴിഞ്ഞ ഏക ഭാഷ, ഇന്നു പ്രചാരത്തിലുളള ഭാഷകളില്‍ ഭൂമി ശാസ്ത്രത്തിന്റെ അതിര്‍വരമ്പുകളെ വകവെക്കാതെ ജനകോടികളുടെ ഹൃദയങ്ങളില്‍ ഏറ്റവുമധികം സ്വാധീനം ചെലുത്തിയ ഭാഷ, ബ്രാഫാള്‍ട്ടിന്റെ ദൃഷ്ടിയില്‍, ‘ഭൂമുഖത്ത് മറ്റേത് ഗ്രന്ഥത്തേക്കാളുമേറെ പാരായണം ചെയ്യപ്പെടുന്ന ഖുര്‍ആനിന്റെ ഭാഷ’, ഒരു അന്ധനായ മനുഷ്യന് പോലും ഇതരന്‍  സംസാരിക്കുന്നത് സ്ത്രീയോടോ പുരുഷനോടോ എന്ന് നിഷ്പ്രയാസം മനസ്സിലാക്കുവാന്‍ കഴിയുന്ന ഭാഷ.

കേരളത്തില്‍ വ്യവസ്ഥാപിത രീതിയിലുള്ള അറബി ഭാഷാ പഠന പരിപാടിക്ക് ഏകദേശം ഒരു നൂറ്റാണ്ട് തികയുകയാണ്. ഇസ്‌ലാമിക പ്രമാണങ്ങള്‍ മനസ്സിലാക്കുന്നതിനും സാംസ്‌കാരിക പൈതൃകങ്ങള്‍ ഉള്‍കൊള്ളുന്നതിനും വേണ്ടിയായിരുന്നു മുഖ്യമായും കേരളത്തില്‍ അറബി ഭാഷാ പഠനപരിപാടികള്‍ തുടങ്ങിയതെങ്കിലും തൊഴില്‍പരമായും സാമൂഹികമായും വലിയ മാറ്റത്തിന്  തന്നെ അത് വഴിയൊരുക്കിയെന്നത് പില്‍കാല ചരിത്രം. പലപ്പോഴും അറബി കോളെജുകളും പള്ളി ദര്‍സുകളുമൊക്കെ കഷ്ടപ്പെട്ടാണ് വിദ്യാര്‍ഥികളെ പഠിപ്പിച്ചത്. ക്രമേണ ഔദ്യോഗിക വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സ്‌കൂള്‍, കോളേജ് തലങ്ങളിലും സര്‍വകലാശാലകളിലുമൊക്കെ അറബി ഭാഷയും സാഹിത്യവും പഠിപ്പിക്കാന്‍ തുടങ്ങിയതോടെ പഠന സൗകര്യങ്ങള്‍ വിപുലമായി. ഗള്‍ഫ് മേഖലയിലെ തൊഴില്‍ സാധ്യതകള്‍ തുറന്നുകിട്ടിയത്  ഭാഷാ പഠനം മറ്റൊരുതലത്തിലും പ്രാധാന്യമുള്ളതാക്കി മാറ്റി.

ഭാഷകള്‍ മനുഷ്യ നാഗരികതയുടെ അടയാളങ്ങളാണ്. സംസ്‌കാരവും സ്വഭാവവും പകര്‍ന്നു നല്‍കുന്ന ഓരോ ഭാഷയും ലോകസംസ്‌കാരത്തിന്റെ പൊതുസ്വത്താണ്. അറബി ഭാഷക്ക് നിഷേധിക്കാനാവാത്ത പ്രാധാന്യം ഇസ്‌ലാമിലുണ്ടെങ്കിലും ഏതെങ്കിലും ഭാഷയെ മതവുമായോ ജാതിയുമായോ മാത്രം ബന്ധപ്പെടുത്തി വിലയിരുത്തുന്നത് തികഞ്ഞ സങ്കുചിതത്വമായിരിക്കും. തുറന്ന മനസോടെ ഓരോ ഭാഷയുടേയും സാംസ്‌കാരിക പാരമ്പര്യവും സംഭാവനകളും ഉള്‍കൊള്ളുവാനാണ് പ്രബുദ്ധ സമൂഹം ശ്രമിക്കേണ്ടത്.

ലോക ഭാഷകളില്‍ പലതുകൊണ്ടും സവിശേഷമാണ് അറബി ഭാഷ. മതപരവും സാമൂഹികവും സാംസ്‌കാരികവും രാഷ്ട്രീയവുമായ നിരവധി മാനങ്ങളുള്ള അറബി ഭാഷയുടെ പ്രാധാന്യവും പ്രസക്തിയും നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്.

ലളിതമായും ഒഴുക്കോടെയും അനായാസം സംസാരിക്കുവാന്‍ കഴിയുന്നത് എന്നാണ് അറബി എന്ന പദത്തിന്റെ അര്‍ഥം. കുറഞ്ഞ വാക്കുകള്‍കൊണ്ട് വിശാലമായ അര്‍ഥ വ്യാപ്തി പ്രതിഫലിപ്പിക്കുവാന്‍ കഴിയുന്ന സജീവമായ ഭാഷകളിലൊന്നാണ് അറബി.

ഭാഷാപഠനം മനസ്സിനെ നിര്‍മലമാക്കുകയും ചിന്തയുടെ ചക്രവാളങ്ങള്‍ വികസിപ്പിക്കുകയും ഭാവനകള്‍ക്ക് ചിറക് വിരിക്കുകയും ചെയ്യുമെന്നാണ് ഗവേഷകര്‍ പറയുന്നത്. അറബി ഭാഷയെ സംബന്ധിച്ചിടത്തോളം ഇത് തീര്‍ത്തും വാസ്തവമാണ്. സുതാര്യമായ അറബി സംസ്‌കാരത്തിന്റേയും ധന്യമായ അറബി പാരമ്പര്യത്തിന്റേയും വിശാലമായ ലോകത്തേക്കുള്ള കവാടം തുറക്കുന്നതോടൊപ്പം ലോകത്തെ ഒരു വലിയ വിഭാഗം ജനങ്ങളുമായും ആശയവിനിമയം നടത്തുന്നതിനും സൗഹൃദം സ്ഥാപിക്കുന്നതിനും അറബി ഭാഷ സഹായിക്കുന്നു.

ലോക ഭാഷകളില്‍ വളരെ ലളിതമായ ഭാഷകളിലൊന്നാണ് അറബി. ജാതി മത ഭേദമന്യേ ആര്‍ക്കും വേഗത്തില്‍ മനസിലാക്കുവാനും പഠിച്ചെടുക്കുവാനും കഴിയുന്ന ഭാഷയാണത്. അറബി ഭാഷയിലെ പ്രസിദ്ധമായ പല നിഘണ്ടുകളും സാഹിത്യ ചരിത്രകൃതികളുമൊക്കെ തയ്യാറാക്കിയത് അമുസ്‌ലിംകളാണ് എന്നത് ചിലര്‍ക്കെങ്കിലും ഒരു പുതിയ അറിവായിരിക്കും. അറബി ഭാഷയുടെ പ്രാധാന്യവും പ്രസക്തിയും മതപരമായ പരിധിക്കപ്പുറത്തും പ്രസക്തമാണ് എന്ന് സൂചിപ്പിക്കുവാനാണ് ഇത്രയും പറഞ്ഞത്.  ഇരുപത്തഞ്ചോളം രാജ്യങ്ങളുടെ ഔദ്യോഗിക ഭാഷയായ അറബി ചില രാജ്യങ്ങളുടെ ദേശീയ ഭാഷയുമാണ്.

ലോകത്ത് ഏറ്റവും സ്വാധീനമുള്ള പത്തു ഭാഷകളില്‍ മുന്‍പന്തിയിലുള്ള അറബി ഭാഷ ഐക്യരാഷ്ട്രസഭ അംഗീകരിച്ച ആറ് ഔദ്യോഗിക ഭാഷകളില്‍പെട്ടതാണ്.

പാശ്ചാത്യ ലോകത്തും പൗരസ്ത്യ ദിക്കുകളിലും അറബി ഭാഷ പഠിക്കുന്നതിനും മനസ്സിലാക്കുന്നതിനുമുള്ള തീവ്രമായ പരിശ്രമങ്ങളാണ് നടക്കുന്നത്. മതപരമായും സാമ്പത്തികമായും നയതന്ത്രതലങ്ങളിലുമൊക്കെയുള്ള താത്പര്യങ്ങള്‍ ഇത്തരം ശ്രമങ്ങള്‍ക്ക് കരുത്തേകുന്നതായാണ് പഠനങ്ങള്‍ നല്‍കുന്ന സൂചന.

ആഗോളതലത്തില്‍ ഇത്രയും കൂടുതല്‍ ആളുകള്‍ മതപരവും സാമൂഹ്യവുമായ ആവശ്യങ്ങള്‍ക്ക്‌ ഉപയോഗിക്കുന്ന സജീവവും സക്രിയവുമായ ഭാഷയാണ്‌ അറബി ഭാഷ. ലോകജനസംഖ്യയുടെ കാല്‍ഭാഗത്തോളം വരുന്ന മുസ്‌ലിംകള്‍, അവരുടെ മതപരവും ആരാധനാപരവുമായ ആവശ്യങ്ങള്‍ക്ക്‌ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഭാഷയായ അറബിക്‌, മുസ്‌ലിംകളല്ലാത്ത ഒട്ടേറെ ജനങ്ങള്‍ മാതൃഭാഷയായി ഉപയോഗിച്ചുവരുന്നുണ്ട്‌. അറബികളും അനറബികളും മുസ്‌ലിംകളും അമുസ്‌ലിംകളുമായ കോടിക്കണക്കിന്‌ ജനങ്ങള്‍ ഉപയോഗിക്കുന്ന ഭാഷയായ അറബി ഭാഷയുടെ ഗുണഭോക്താക്കളില്‍ പകുതിയിലേറെ പേര്‍ യുവാക്കളാണെന്നത്‌ അതിന്റെ തുടര്‍ സാധ്യതകള്‍ വിപുലമാക്കുന്നു.

അറബ്‌ രാഷ്‌ട്രങ്ങളില്‍ സ്വദേശീവല്‍ക്കരണവും നിതാഖതിനോടനുബന്ധിച്ച പ്രശ്‌നങ്ങളും സജീവമാകുകയാണല്ലോ. ഏത്‌ രാജ്യവും ആശ്രയിക്കുന്നത്‌ അവിടത്തെ പൗരന്മാര്‍ക്ക്‌ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുക എന്നതും കുഞ്ചിക സ്ഥാനങ്ങളില്‍നിന്നും വിദേശികളെ ഒഴിവാക്കി പകരം തദ്ദേശീയരെ കുടിയിരുത്തുക എന്നതുമാണ്‌. എന്നാല്‍ സ്വദേശിവല്‍ക്കരണത്തേക്കാള്‍ ഏറെ ഗൗരവമായ ഒരു പ്രശ്‌നത്തിലേക്ക്‌ മിക്ക രാജ്യങ്ങളും പ്രവേശിക്കാന്‍ തുടങ്ങിയിരിക്കുന്നു.

ഭരണഭാഷ മാതൃഭാഷയാക്കുക എന്ന സങ്കല്‍പം സുഗമമായ ഭരണക്രമത്തിന്റെ ഭാഗമായ ഈസീ ഗവേര്‍ണസ്‌ മിക്ക രാജ്യങ്ങളും പ്രാവര്‍ത്തികമാക്കാന്‍ പോവുകയാണ്‌. കേരളംപോലും മലയാളഭാഷ, ഭരണഭാഷയായി തിരിച്ചറിഞ്ഞുകൊണ്ട്‌, സര്‍ക്കാര്‍ ഉത്തരവുകളും മറ്റ്‌ അനുബന്ധ നടപടിക്രമങ്ങളും മലയാളീകരിച്ചുകഴിഞ്ഞു. അറബ്‌ രാജ്യങ്ങളിലെ ഭരണഭാഷ അറബിക്‌ ആണെങ്കിലും, പലപ്പോഴും ഇംഗ്ലീഷ്‌ ഒരു സഹോദര ഭാഷയായി കടന്നുവരാറുണ്ടായിരുന്നു. എന്നാല്‍ സ്വദേശീവല്‍ക്കരണത്തിനോടൊപ്പം ഭരണഭാഷ മാതൃഭാഷ എന്ന ആശയം രംഗത്ത്‌ വരികയും അനന്തര നടപടിയായിക്കൊണ്ട്‌ എല്ലാ രംഗങ്ങളിലും അറബിഭാഷയെ അവരോധിക്കാനുള്ള ശ്രമങ്ങള്‍ക്ക്‌ താത്വികമായ അംഗീകാരങ്ങള്‍ ലഭിക്കുകയും ചെയ്‌തിരിക്കുന്നു.

സ്വദേശിവല്‍ക്കരണത്തോടൊപ്പം കടന്നുവരുന്ന മാതൃഭാഷാവല്‍ക്കരണം, അറബി ഭാഷ പഠിച്ചവര്‍ക്ക്‌ ഒട്ടനവധി തൊഴില്‍ സാധ്യതകള്‍ തുറന്നുവെക്കുകയാണ്‌ ചെയ്യുന്നത്‌. ട്രാന്‍സിലേഷന്‍, ട്രാന്‍സ്‌ലിറ്ററേഷന്‍, ട്രാന്‍സ്‌ക്രിപ്‌ഷന്‍, ഫംഗ്‌ഷണല്‍ അറബിക്‌, അറബിക്‌ വെബ്‌ എഡിറ്റിങ്‌ തുടങ്ങിയ ഒട്ടനവധി പുതിയ കവാടങ്ങളാണ്‌ അറബി പഠിതാക്കളെ കാത്തിരിക്കുന്നത്‌. താരതമ്യേന ലളിതമായ അറബിഭാഷ, മൂന്നു നാലു വര്‍ഷം പഠിച്ചാല്‍, ജീവിതകാലം മുഴുവന്‍ സംതൃപ്‌തമായ സാധ്യതകളുള്ള ഒരു മേഖല പഠിതാക്കളെ കാത്തിരിക്കുന്നുണ്ട്‌.

ആഗോള സാധ്യതകള്‍ക്കനുസരിച്ച്‌, വേണ്ടത്ര മാര്‍ക്കറ്റ്‌ ചെയ്യപ്പെടാതെപോകുന്ന ഒരു അന്താരാഷ്‌ട്ര ഭാഷയാണ്‌ അറബിക്‌. ബോധപൂര്‍വമോ അല്ലാതെയോ, മുസ്‌ലിംകളുടെ മാത്രം ഭാഷയായി ചിത്രീകരിക്കപ്പെടുന്ന ഒന്നാണത്‌. അതിന്‌ പിറകില്‍ രാഷ്‌ട്രീയവും വാണിജ്യപരവുമായ ലക്ഷ്യങ്ങളുണ്ട്‌. അറബ്‌ വംശജനും അറബി ഭാഷ കൈകാര്യം ചെയ്യുന്നവരും അവരുടെ രാഷ്‌ട്രഭാഷയും ഭരണഭാഷയുമായി അറബിയെ തെരഞ്ഞെടുത്തുകഴിഞ്ഞാല്‍ പല മുതലാളിത്ത രാജ്യങ്ങളുടെയും രാഷ്‌ട്രീയ അജണ്ടകള്‍ക്കും കൊളോണിയന്‍ താല്‍പര്യങ്ങള്‍ക്കും അത്‌ തിരിച്ചടിയാകാനിടയുണ്ട്‌. വാണിജ്യാവശ്യങ്ങള്‍ക്ക്‌ അറബി ഭാഷ ഉപയോഗപ്പെടുത്താന്‍ തുടങ്ങിയാല്‍ ഊഹക്കച്ചവടങ്ങളില്‍ പടുത്തുയര്‍ത്തിയ പല വാണിജ്യ സാമ്രാജ്യങ്ങളും തകര്‍ന്നുവീഴുമെന്നത്‌ ഉറപ്പാണ്‌.

അറബി ഭാഷയുടെ ആഗോള സാധ്യതകള്‍ ഉപയോഗപ്പെടുത്തുകയും കടലാസ്‌ കറന്‍സിയായ ഡോളറിനു പകരം ക്രയവിക്രയങ്ങളുടെ മൂല്യമായി സ്വര്‍ണവും വെള്ളിയും മാറാനിടയുണ്ടെന്ന യാഥാര്‍ഥ്യവും നടുക്കത്തോടെയാണ്‌ പാശ്ചാത്യ സമൂഹം തിരിച്ചറിയുന്നത്‌. അറബ്‌ ദേശീയതയെയും അറബി ഭാഷാ പ്രചാരണത്തേയും സാംസ്‌കാരികതയുടെ അറേബ്യന്‍ വേരുകളേയും പാശ്ചാത്യസമൂഹം ഏറെ ഭയപ്പെടുന്നതിന്റെ പിറകിലും, പില്‍ക്കാലത്ത്‌ ശക്തിപ്രാപിക്കാനിടയുള്ള രാഷ്‌ട്രീയവും സാമ്പത്തികവുമായ ഭീഷണിയാണുള്ളത്‌.

 

അമേരിക്കന്‍ ഐക്യനാടുകളെ പ്രത്യേകിച്ച്‌ ബാധിച്ചിരിക്കുന്ന ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ പ്രതിഫലനമായി പൗരസ്‌ത്യദേശങ്ങളിലെ രാഷ്‌ട്രങ്ങളില്‍ രൂപപ്പെടുന്ന ദേശീയവും വംശീയവുമായ കൂട്ടായ്‌മകള്‍ പുതിയ ലോകക്രമത്തിന്‌ കാരണമാകുമെന്ന്‌ പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്‌. പൗരസ്‌ത്യ ദേശങ്ങളിലെ അറബ്‌ ഭാഷാ കൂട്ടായ്‌മയും അതിന്റെ ആഗോള പരിപ്രേക്ഷ്യവും ഗവേഷണങ്ങള്‍ക്ക്‌ വിധേയമാകുന്നുണ്ട്‌. ചൈനീസ്‌ ഭാഷയാണ്‌ തൊട്ടടുത്ത്‌ നില്‍ക്കുന്ന മറ്റൊരു സാധ്യതാ ഭാഷ.അറബി ഭാഷയ്‌ക്ക്‌ ആഗോള സാധ്യതകളും ഭൗതികമായ നേട്ടങ്ങളും കൂടിയുണ്ടാകുമ്പോള്‍, മാന്യമായ ഉപജീവനത്തിനും തൊഴിലിനും അതേ ഭാഷതന്നെ ഉപകരിക്കുമെന്ന്‌ തിരിച്ചറിയുമ്പോള്‍ ആ പഠനത്തിന്റെ പ്രസക്തി വര്‍ധിക്കുകയാണ്‌.

Category: School News

Recent

Load More