അവധിക്കാലത്തെ സ്‌പെഷ്യൽ LSS,USS പരിശീലനം വിലക്കി ബാലാവകാശകമ്മീഷൻ 

April 02, 2023 - By School Pathram Academy

അവധിക്കാലത്തെ സ്‌പെഷ്യൽ LSS,USS പരിശീലനം വിലക്കി ബാലാവകാശകമ്മീഷൻ 

അവധിക്കാലത്തെ പരീക്ഷ കാരണം കുട്ടികൾക്ക് വേനലവധി ആസ്വദിക്കാനാകില്ലെന്ന പരാതി പരിഗണിച്ചാണ് കമ്മീഷന്റെ ഉത്തരവ്.

തിരുവനന്തപുരം: വേനലവധി നഷ്ടപ്പെടുത്തിയുള്ള എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷാ പരിശീലനം വിലക്കി സംസ്ഥാനബാലാവകാശ കമ്മീഷൻ. കൊടുംചൂട് കുട്ടികളെ ബാധിക്കാതിരിക്കാൻ പരീക്ഷകൾ രാവിലെ മുതൽ വൈകുന്നേരം വരെ നടത്താനും കമ്മീഷൻ ഉത്തരവിട്ടു. ഇതിനായി എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷ എഴുതുന്ന കുട്ടികൾക്ക് ഉച്ചഭക്ഷണവും തിളപ്പിച്ചാറിയ വെളളവും ലഭ്യമാക്കണമെന്നും കമ്മീഷൻ ഉത്തരവിൽ പറയുന്നു. ഏപ്രിൽ 26-നാണ് എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകൾ

അവധിക്കാലത്തെ പരീക്ഷ കാരണം കുട്ടികൾക്ക് വേനലവധി ആസ്വദിക്കാനാകില്ലെന്ന പരാതി പരിഗണിച്ചാണ് കമ്മീഷന്റെ ഉത്തരവ്. എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകൾക്കായുള്ള സ്വകാര്യ സ്ഥാപനങ്ങളുടെ പ്രത്യേക പരിശീലനം നിർത്തലാക്കണമെന്നും കമ്മീഷൻ ഉത്തരവിൽ പറയുന്നു. രാവിലെയും, രാത്രിയും, അവധിദിവസം പോലും കുട്ടികൾ പരിശീലനക്ലാസിൽ പോകേണ്ട അവസ്ഥയാണ് നിലവിലെന്നും ബാലാവകാശകമ്മീഷൻ ചൂണ്ടിക്കാട്ടി. ഇത് കുട്ടികളിൽ കടുത്ത മാനസിക സംഘർഷങ്ങൾക്ക് വഴിവെയ്ക്കുന്നതായും കമ്മീഷൻ ഉത്തരവിൽ പറയുന്നു.

കുട്ടികളുടെ ഫോട്ടോ ഉപയോഗിച്ച് സ്കൂളുകളിൽ പ്രദർശിപ്പിക്കുന്ന ബോർഡുകളും പരസ്യങ്ങളും ബാലാവകാശ കമ്മീഷൻ വിലക്കിയിട്ടുണ്ട്. സ്കൂളുകളിൽ കുട്ടികളെ വേർതിരിച്ചിരുത്തി അവധി ദിവസങ്ങളിലടക്കം പ്രത്യേക പരിശീലനം നൽകുന്നതും കമ്മീഷൻ വിലക്കി. അനാവശ്യ മത്സരബുദ്ധിയും സമ്മർദവും സൃഷ്ടിക്കുന്ന പരീക്ഷകളിൽ മാറ്റം വരുത്തണമെന്നും കമ്മീഷൻ ഉത്തരവിൽ പറയുന്നു.

നിർദേശങ്ങൾ നടപ്പിലാക്കാൻ കമ്മീഷൻ പൊതുവിദ്യാഭ്യാസ വകുപ്പിന് നിർദേശം നൽകി. കമ്മിഷൻ ചെയർപേഴ്സൺ കെ.വി. മനോജ്കുമാർ, അംഗങ്ങളായ സി.വിജയകുമാർ, ശ്യാമളാദേവി പി.പി എന്നിവരുടെ ഫുൾ ബഞ്ചാണ് ഉത്തരവിട്ടത്. ഉത്തരവിന്മേൽ സ്വീകരിച്ച നടപടി 30 ദിവസത്തിനകം ലഭ്യമാക്കാനും കമ്മീഷൻ നിർദ്ദേശിച്ചു.

Category: News