ആടിയും പാടിയും ആർത്തുല്ലസിച്ചും അതിനൊപ്പം പഠിക്കാനുള്ളത് പഠിച്ചും അവധിക്കാലം ആഘോഷമാക്കി അതിഥി വിദ്യാർത്ഥികൾ
അവധിക്കാലം ആഘോഷമാക്കി
ജില്ലയിലെ അതിഥി വിദ്യാർത്ഥികൾ
ആടിയും പാടിയും ആർത്തുല്ലസിച്ചും അതിനൊപ്പം പഠിക്കാനുള്ളത് പഠിച്ചും അവധിക്കാലം ആഘോഷമാക്കി അതിഥി വിദ്യാർത്ഥികൾ. എറണാകുളം ജില്ലയിലെ ഇതര സംസ്ഥാനക്കാരായ വിദ്യാർത്ഥികൾക്കായി ഒരുക്കിയ റോഷ്നി സമ്മർ ക്യാമ്പാണ് കുട്ടികൾക്ക് ഒരേസമയം ആനന്ദവും അറിവും പകർന്ന് അനുഭവമായി മാറിയത്. കഴിഞ്ഞ തിങ്കളാഴ്ച മുതൽ ആരംഭിച്ച ക്യാമ്പുകൾ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ തുടരുകയാണ്.
കോവിഡിനെ തുടർന്ന് രണ്ട് വർഷത്തിലധികമായി പ്രത്യേക പരിപാടികളൊന്നും ഇല്ലാതിരുന്നത് കണക്കിലെടുത്ത് കുട്ടികളെ വിനോദവും അറിവും സമന്വയിപ്പിച്ച് മുൻപന്തിയിലേക്ക് തിരിച്ചെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പുകൾ നടത്തുന്നത്. അഭിരുചി അനുസരിച്ച് കലാ കായിക, പാഠ്യ പാഠ്യേതര വിഷയങ്ങളിലും പ്രത്യേക പരിശീലനമാണ് നൽകുന്നത്. രണ്ട് ദിവസത്തെ ക്യാമ്പിൽ കുട, പേന സ്റ്റാൻ്റുകൾ, പേപ്പർ ബാഗുകൾ തുടങ്ങിയയുടെ നിർമ്മാണത്തിലും കരകൗശല വിദ്യയിലും ഉൾപ്പടെ പരിശീലനം നൽകുന്നുണ്ട്. സ്വയം വരുമാനം കണ്ടെത്താൻ കഴിയുന്ന തരത്തിൽ കുട്ടികൾ തന്നെ നിർമ്മിച്ച ഇത്തരം സാധനങ്ങളുടെ വിപണന മേള ഒരുക്കുന്നതും ജില്ല ഭരണകൂടത്തിൻ്റെ പരിഗണനയിലുണ്ട്.
ജില്ലയിലെ 34 സ്കൂളുകളിലായി 741 അതിഥി വിദ്യാർത്ഥികളാണ് ക്യാമ്പ് ഉപയോഗപ്പെടുത്തുന്നത്. ജില്ലാ കളക്ടർ ജാഫർ മാലിക്കും വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടർ ഹണി ജി അലക്സാണ്ടറും മികച്ച പിന്തുണയാണ് ക്യാമ്പുകൾക്ക് നൽകുന്നത്. കഴിഞ്ഞ ദിവസം ജി.എച്ച്.എസ്.എസ് എളമക്കരയിൽ നടന്ന സമ്മർ ക്യാമ്പിൽ ഇരുവരും പങ്കെടുത്തു.
എറണാകുളം ജില്ലക്ക് സംസ്ഥാന തലത്തിൽ തന്നെ ഏറെ പ്രശംസ നേടിയ പദ്ധതിയായിരുന്നു റോഷ്നി. ജില്ലയിലെ വിവിധ സ്കൂളുകളിൽ പഠിക്കുന്ന അതിഥി തൊഴിലാളികളുടെ മക്കൾക്ക് മികച്ച വിദ്യാഭ്യാസം നൽകുക എന്നതാണ് ബി.പി.സി.എല്ലിൻ്റെ കൂടി സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പല ഭാഷകൾ സംസാരിക്കുന്ന വിവിധ സംസ്ഥാനക്കാരായ വിദ്യാർത്ഥികളെ കോഡ് സ്വിച്ചിംഗ് എന്ന പ്രത്യേക പാഠ്യ പദ്ധതി ഉപയോഗിച്ചാണ് മലയാളവും ഇംഗ്ലീഷും മാത്രമറിയുന്ന അധ്യാപകർ പഠിപ്പിക്കുന്നത്. 1200 നടുത്ത് കുട്ടികളാണ് റോഷ്നിയുടെ ഭാഗമായുള്ളത്.
ഇതര സംസ്ഥാനക്കാരായ നിരവധി കുട്ടികൾ പഠിക്കുന്ന ബിനാനിപുരം ഗവ. ഹൈസ്കൂളിലെ അധ്യാപികയായിരുന്ന ഡോ. ജയശ്രീ കുളക്കുന്നത്തായിരുന്നു റോഷ്നി പദ്ധതിയുടെ അമരക്കാരി. ജയശ്രീ ടീച്ചർ സ്കൂളിൽ നടപ്പാക്കിയ പഠനരീതി പിന്നീട് കൂടുതൽ സ്കൂളുകളിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു. മുൻ എറണാകുളം ജില്ല കളക്ടർ മുഹമ്മദ് വൈ സഫീറുള്ളയുടെ നിർദ്ദേശപ്രകാരമായിരുന്നു ഇത്.
വിദ്യാഭ്യാസ ഉപഡയറക്ടർ നോഡൽ ഓഫീസർ ആയി പ്രവർത്തിക്കുന്ന പദ്ധതിയിൽ എറണാകുളം അഡീഷണൽ ജില്ല മജിസ്ട്രേറ്റ് ആയിരുന്ന പി.കെ പ്രകാശ് ജനറൽ കോർഡിനേറ്ററും ജയശ്രീ ടീച്ചർ അക്കാദമിക് കോർഡിനേറ്ററുമാണ്.