ആറാം ക്ലാസ് വിദ്യാര്‍ഥിനി ഹാദിയ ഫാത്തിമയുടെ ജീവന്‍ രക്ഷിച്ചത് അധ്യാപിക കെ.എം. ഷാരോണാണ്

July 25, 2023 - By School Pathram Academy

ഉച്ചഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ശ്വാസംമുട്ടി പിടഞ്ഞ വിദ്യാര്‍ഥിനിയുടെ ജീവന്‍ രക്ഷിച്ച് അധ്യാപികയുടെ സമയോചിത ഇടപെടല്‍. എവരും എന്ത് ചെയ്യണം എന്നറിയാതെ പകച്ച് നില്‍ക്കുമ്പോള്‍ കുട്ടിക്ക് സിപിആര്‍ നല്‍കി ജീവിതത്തിലേക്ക് തിരികെ കയറ്റുകയായിരുന്നു ഈ അധ്യാപിക. പുല്ലേപ്പടി ദാറുല്‍ ഉലും ഹയര്‍സെക്കന്ററി സ്കൂളിലാണ് സംഭവം. ആറാം ക്ലാസ് വിദ്യാര്‍ഥിനി ഹാദിയ ഫാത്തിമയുടെ ജീവന്‍ രക്ഷിച്ചത് അധ്യാപിക കെ.എം. ഷാരോണാണ്. 

 

സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ ചുതമലയുള്ള അധ്യാപികയായതിനാല്‍ സിപിആര്‍ നല്‍കുന്നതിനുള്ള പരിശീലനം ലഭിച്ചതാണ് തുണയായത് എന്ന് അധ്യാപിക ഷാരോണ്‍ മനോരമാ ന്യൂസിനോട് പറഞ്ഞു. ഞാന്‍ ചെല്ലുമ്പോള്‍ എന്ത് ചെയ്യണം എന്നറിയാതെ വിയര്‍ത്തു നില്‍ക്കുകയായിരുന്നു കുട്ടികളും അധ്യാപികയും. ആ നിമിഷം ഭയം ഒന്നും തോന്നിയില്ല. 

 

കുട്ടിയെ രക്ഷിക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസം ഉണ്ടായിരുന്നുവെന്നും ഷാരോണ്‍ കൂട്ടിച്ചേര്‍ത്തു. സിപിആര്‍ നല്‍കുന്നതിനുള്ള പരിശീലനം അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും നല്‍കേണ്ടതിന്റെ ആവശ്യകതയിലേക്കും ഷാരോണ്‍ വിരല്‍ചൂണ്ടുന്നു. സമയോചിത ഇടപെടലിലൂടെ വിദ്യാര്‍ഥിനിയുടെ ജീവന്‍ രക്ഷിച്ച ഷാരോണിനെ സ്കൂള്‍ അസംബ്ലിയില്‍ ആദരിച്ചു.

Category: NewsSchool News