പാലക്കാട് ജില്ലയിൽ നിരോധനാജ്ഞ. എന്താണ് 144 അഥവാ നിരോധനാജ്ഞ ?

December 19, 2021 - By School Pathram Academy

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അവശ്യപ്രകാരം അതാത് ജില്ലകളിലെ കളക്ടർമാർ ക്രിമിനൽ നിയമസംഹിത (സി.ആർ.പി സി) പ്രകാരം144 പ്രഖ്യാപിച്ചിരിക്കുകയാണല്ലോ..എന്താണ് ഈ 144 ?

ബ്രിട്ടീഷ് കാലഘട്ടം മുതൽ തുടർന്ന് പോരുന്ന ഒരു നടപടിയാണ് ക്രിമിനൽ നിയമസംഹിതയിലെ സെക്ഷൻ 144. ഇത് നിരോധനാജ്ഞ എന്ന പേരിലും അറിയപ്പെടുന്നു. ഒരു ജില്ലാ മജിസ്ട്രേറ്റ്, സബ് ഡിവിഷണൽ മജിസ്ട്രേറ്റ് അല്ലെങ്കിൽ സർക്കാർ നിശ്ചയിക്കുന്ന എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ഇവർക്കാണ് 144 പ്രകാരമുള്ള നിരോധനാജ്ഞ പ്രഖ്യാപിക്കാനുള്ള അധികാരം ഉള്ളത്.

മനുഷ്യ ജീവിതത്തിനോ സ്വത്തിനോ കേടുപാടുകൾ വരുത്തുന്നതിനോ നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നതിനോ ആയ സാഹചര്യങ്ങൾ അവ പ്രധാനമായും കലാപം, പ്രക്ഷോഭം, പകർച്ചവ്യാധികൾ തുടങ്ങിയ അനിയന്ത്രിത സാഹചര്യങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുന്നു.

നിരോധനാജ്ഞ ഭരണഘടനയുടെ ആർട്ടിക്കിൾ 19 പ്രകാരമുള്ള സമ്മേളനത്തിനും ഒത്തുകൂടലിനും ഉള്ള മൗലിക അവകാശങ്ങളെ വിലക്കുന്നു 144 പ്രഖ്യാപിച്ചിട്ടുള്ള പ്രദേശങ്ങളിൽ അഞ്ചോ അതിലധികമോ ആയ ആളുകൾ ഒത്തുകൂടുന്നത് നിരോധിച്ചിരിക്കുന്നു.ഇത് പ്രകാരം ആയുധങ്ങൾ കൈവശം വയ്ക്കുന്നതും അവ കൊണ്ടുനടക്കുന്നതും കുറ്റകരമാകുന്നു. വേണമെങ്കിൽ ഇന്റർനെറ്റ് സേവനങ്ങൾക്കും നിയന്ത്രണം ഏർപെടുത്താവുന്നതാണ്.

സാധാരണയായി 144 ന്റെ കാലാവധി 2 മാസം വരെയാണ്.എന്നാൽ അടിയന്തിരസാഹചര്യങ്ങളിൽ ഇത് 6 മാസമായി നീട്ടാവുന്നതാണ്.സാഹചര്യങ്ങൾ സാധാരണമായാൽ അവ പിൻവലിക്കാവുന്നതാണ്. ഇതിൽ ഇന്ത്യൻ ശിക്ഷാനിയമം (ഐ.പി.സി) 141 മുതൽ 149 വരെയാണ് കേസുകൾ എടുക്കുന്നത്. 144 പ്രകാരം ശിക്ഷിക്കപ്പെടുന്നവർക്ക് പരമാവധി 3 വർഷം വരെ തടവും പിഴയും ലഭിക്കുന്നു.

Category: News