ആശങ്കയുണ്ടാക്കുന്ന വകഭേദമെന്ന് ലോകാരോഗ്യ സംഘടന. ഇതുവരെ കണ്ടെത്തിയ മറ്റു വൈറസ് വകഭേദങ്ങളേക്കാൾ വ്യാപന ശേഷിയുള്ളതാണ് ഒമിക്രോൺ
ന്യൂഡൽഹി ∙ കോവിഡ് വേളയിൽ ഉചിതമായി പെരുമാറാനുള്ള ‘ഉണർത്തുവിളി’യായി പുതിയ വകഭേദത്തെ ഇന്ത്യ കണക്കാക്കണമെന്ന് ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റ് ഡോ.സൗമ്യ സ്വാമിനാഥൻ. നമ്മുടെ പോക്കറ്റുകളിലുള്ള വാക്സീനായി മാസ്കിനെ കണക്കാക്കി അത് ശ്രദ്ധയോടു കൂടി ഉപയോഗിക്കുന്നത് തുടരണം. കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെ നേരിടാൻ ശാസ്ത്രാധിഷ്ഠിത രീതികൾ ആവശ്യമാണെന്നും സൗമ്യ ദേശീയ മാധ്യമത്തോട് പ്രതികരിച്ചു.
ഡെൽറ്റ വകഭേദത്തേക്കാൾ കൂടുതൽ വ്യാപന ശേഷിയുള്ളതാണ് ഒമിക്രോണെങ്കിലും ഇതേക്കുറിച്ച് ആധികാരികമായി പറയാറായിട്ടില്ല. എല്ലാവരും വാക്സീൻ സ്വീകരിക്കുക, ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക, ജനിതക ശ്രേണീകരണം വ്യാപകമായി നടപ്പാക്കുക, കോവിഡ് കേസുകളുടെ വർധന കൃത്യമായി നിരീക്ഷിക്കുക എന്നിവയിലൂടെ ഒമിക്രോണിനെ നേരിടാനാകുമെന്നും അവർ പറഞ്ഞു.
ആശങ്കയുണ്ടാക്കുന്ന വകഭേദമെന്ന് ലോകാരോഗ്യ സംഘടന ഇതുവരെ കണ്ടെത്തിയ മറ്റു വൈറസ് വകഭേദങ്ങളേക്കാൾ വ്യാപന ശേഷിയുള്ളതാണ് ഒമിക്രോൺ എന്നാണു റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ വകഭേദം ലോകത്താകെ വീണ്ടും ആശങ്ക ഉയർത്തുകയാണ്. ഓഹരി വിപണിയിൽ വൻ ഇടിവ് രേഖപ്പെടുത്തി. പല രാജ്യങ്ങളും യാത്രാ നിയന്ത്രണങ്ങൾ ശക്തമാക്കി.