ആൺകുട്ടികൾ പ്രാഥമിക വിദ്യാഭ്യാസത്തിൽ നിന്ന് പുറത്ത്,ഈ കണക്കുകൾ അതിശയിപ്പിക്കുന്നത്
സ്കൂളില്‍ ചേരേണ്ട പ്രായത്തിലുള്ള 13.2 കോടി ആൺകുട്ടികൾ പ്രാഥമിക വിദ്യാഭ്യാസത്തിൽ നിന്ന് പുറത്താണെന്ന് യുനെസ്കോ. പെൺകുട്ടികൾ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ നേരിട്ട് കൊണ്ടിരിക്കവെ തന്നെയാണ് ഈ കണക്കുകൾ അതിശയിപ്പിക്കുന്നത്.
പ്രൈമറി തലത്തിൽ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കാൻ കൂടുതൽ ബുദ്ധിമുട്ടുണ്ട്. എന്നാൽ പിന്നീടുള്ള ഘട്ടങ്ങളിൽ ആൺകുട്ടികൾ കൂടുതൽ വെല്ലുവിളികൾ നേരിടുന്നതായാണ് യുനെസ്കോ പഠനം വ്യക്തമാക്കുന്നത്.
ആഗോളതലത്തിൽ 100 സ്ത്രീകൾക്ക് 88 പുരുഷന്മാർ മാത്രമാണ് ഉന്നതവിദ്യാഭ്യാസത്തിൽ എത്തുന്നത്. 73 രാജ്യങ്ങളിൽ, പെൺകുട്ടികളേക്കാൾ കുറച്ച് ആൺകുട്ടികളാണ് അപ്പർ-സെക്കൻഡറി വിദ്യാഭ്യാസത്തിലുള്ളത്.
പെൺകുട്ടികൾക്ക് മേൽ അനാവശ്യ നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സമൂഹങ്ങളിലും വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ കൂടുതൽ പ്രശ്നങ്ങൾ നേരിടുന്നത് ആൺകുട്ടികളാണ്. ബാലവേലയും ദാരിദ്ര്യവും ആൺകുട്ടികൾ ജോലിക്ക് പോയി കുടുംബം നോക്കണമെന്ന പരമ്പരാഗത ചിന്തയുമെല്ലാമാണ് കാരണം. 2020-ൽ തൊഴിൽ മേഖലയിലുള്ള 160 ദശലക്ഷം കുട്ടികളിൽ 97 ദശലക്ഷം ആൺകുട്ടികളാണെന്നും യുനെസ്കോ പഠന റിപ്പോർട്ടിലുണ്ട്.
ലാറ്റിനമേരിക്ക, കിഴക്കൻ ഏഷ്യ, അറബ് രാജ്യങ്ങൾ എന്നിവിടങ്ങളിലാണ് ആൺകുട്ടികളുടെ കൊഴിഞ്ഞുപോക്ക് കൂടുതലുള്ളതെന്നും യുനെസ്കോ പ്രസിദ്ധീകരിച്ച കണക്കുകൾ വ്യക്തമാക്കുന്നു.
വിദ്യാഭ്യാസ പ്രശ്നങ്ങൾ മറികടക്കാൻ തടസ്സമാകുന്ന സാമൂഹിക മാനദണ്ഡങ്ങൾ, ലിംഗ അസമത്വങ്ങൾ തുടങ്ങിയവ തിരിച്ചറിയപ്പെടണം. ഇതിനായി ഇത്തരം വിഷയങ്ങളിലെ വിമർശനാത്മക സമീപനം ഉൾപ്പെടുന്ന ലിംഗ പാഠ്യപദ്ധതികളും പ്രവർത്തനങ്ങളും സ്കൂളുകളിൽ ഒരുക്കണം. ഒപ്പം സ്‌കൂളുകളിൽ കുട്ടികളുടെ പ്രവേശനം വർധിപ്പിച്ചും ലിംഗസമത്വം കൈവരിക്കണം. പഠന സൗകര്യങ്ങൾ അനുവദിക്കുക മാത്രമല്ല, ശാരീരിക ശിക്ഷ നിരോധിക്കുകയും സ്കൂളുകളിലെ അക്രമ സംഭവങ്ങൾ ഒഴിവാക്കുകയും വേണമെന്നും യുനെസ്കോ പഠന റിപ്പോർട്ട് പറയുന്നു.
ഇന്ത്യയിൽ സ്ഥിതി ഇങ്ങനെ
ലോവർ സെക്കൻഡറി വിദ്യാഭ്യാസം നേടുന്നതിൽ ആൺകുട്ടികളുടെ പോരായ്മ ഇന്ത്യയിലും ഉയർന്നുവന്നിട്ടുണ്ട്.
2000-ൽ, ഇന്ത്യയിലെ ഓരോ 100 ആൺകുട്ടികൾക്കും 85 പെൺകുട്ടികൾ ലോവർ സെക്കൻഡറി തലത്തിൽ പ്രവേശനം നേടി. 2015 ആയപ്പോഴേക്കും സ്ഥിതി വിപരീതമായി, ഓരോ 100 പെൺകുട്ടികൾക്കും 94 ആൺകുട്ടികൾ മാത്രമേ രജിസ്റ്റർ ചെയ്തിട്ടുള്ളൂ, 2019 ൽ ഇത് 100 പെൺകുട്ടികൾക്ക് 96 ആൺകുട്ടികൾ എന്ന നിലയിലാണ്.