ദേശീയ പതാക ഉയർത്തുമ്പോഴും ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :- ഇന്ത്യൻ ഫ്ലാഗ് കോഡ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

August 13, 2022 - By School Pathram Academy

പഠിക്കണം നമ്മുടെ ഫ്ലാഗ് കോഡ്

ദേശീയ പതാക ഉയർത്തുമ്പോഴും ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദീകരിച്ച് 2002 ൽ കേന്ദ്ര സർക്കാർ ഇന്ത്യൻ ഫ്ലാഗ് കോഡ് പുറത്തിറക്കിയിട്ടുണ്ട്. അത് ലംഘിച്ചാൽ‍ നിയമനടപടികൾ നേരിടേണ്ടി വരും. 2021 ഡിസംബറിലും 2022 ജൂലൈയിലും ഫ്ലാഗ് കോഡിൽ ഭേദഗതികൾ‍ വരുത്തിയിട്ടുണ്ട്.

 

  • നീളം, വീതി: ദേശീയ പതാക ദീർഘചതുരാകൃതിയിൽ മാത്രമേ നിർമിക്കാവൂ. നീളവും വീതിയും തമ്മിലുള്ള അനുപാതം 3:2 തന്നെ ആകണം.

 

  • ഏതു വലുപ്പത്തിലും ദേശീയ പതാക നിർമിക്കാം. മൂന്നു നിറങ്ങളും ഒരേ വലുപ്പത്തിൽ പതാകയിൽ ഉണ്ടായിരിക്കണം.

 

  • പതാകയോടുള്ള ആദരം സൂക്ഷിച്ചുകൊണ്ട് ഏതൊരു പൗരനും സ്ഥാപനങ്ങൾക്കും ഏതു ദിവസവും ദേശീയ പതാക ഉയർത്താം.

 

  • 2021 ലെ ഭേദഗതി അനുസരിച്ച് കോട്ടൺ, പോളിസ്റ്റർ, കമ്പിളി, പട്ട്, ഖാദി തുടങ്ങിയ വസ്തുക്കളാൽ പതാക നിർമിക്കാം. യന്ത്രനിർമിതമോ കൈ കൊണ്ടു തുന്നിയവയോ ആകാം.

 

  • 2022 ലെ ഭേദഗതി പ്രകാരം പകലോ രാത്രിയോ പതാക ഉയർത്താം. നേരത്തേ രാത്രി പതാക ഉയർത്താൻ അനുമതി ഇല്ലായിരുന്നു. പുതിയ മാറ്റം പ്രകാരമാണ് വീടുകളിൽ ഉൾപ്പെടെ എല്ലാവരും പതാക ഉയർത്താൻ പ്രധാന മന്ത്രിയുടെ ആഹ്വാനം.

 

  • കൊടിമരത്തിൽ ദേശീയ പതാക അല്ലാതെ മറ്റു പതാകകൾ പാടില്ല.

 

  • ദേശീയപതാകയ്ക്കു മുകളിലോ ഒപ്പമോ കാണുന്ന രീതിയിൽ മറ്റു പതാകകൾ പ്രദർശിപ്പിക്കരുത്.

 

  • പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, പ്രധാനമന്ത്രി, ഗവർണർ തുടങ്ങി 2022 ലെ ഫ്ലാഗ് കോഡിൽ പറഞ്ഞിരിക്കുന്നവരുടെ വാഹനങ്ങളിൽ മാത്രമേ ദേശീയ പതാക ഉപയോഗിക്കാവൂ.

 

  • പ്രത്യേക സർക്കാർ നിർദേശമില്ലാതെ പതാക താഴ്ത്തിക്കെട്ടരുത്.

 

  • ഒരു വസ്തുവും പൊതിയാൻ പതാക ഉപയോഗിക്കരുത്. എന്നാൽ പതാക ഉയർത്തുമ്പോൾ താഴെ വീഴുന്ന തരത്തിൽ പൂക്കൾ നിറയ്ക്കുന്നത് അനുവദനീയമാണ്.

 

  • ദേശീയ പതാക തറയിലോ വെള്ളത്തിലോ‍ മുട്ടുന്ന തരത്തിൽ സ്ഥാപിക്കുകയോ പിടിക്കുകയോ ചെയ്യരുത്.

 

  • മനഃപൂർവം തലകീഴായി ഉയർത്തുകയോ പിടിക്കുകയോ ചെയ്യരുത്.

 

  • പേപ്പർ പതാകകൾ ദേശീയ,കായിക, കലാപരിപാടികളിൽ പൊതുജനത്തിന് ഉപയോഗിക്കാമെങ്കിലും ആവശ്യം കഴിഞ്ഞ് അവ തറയിൽ ഉപേക്ഷിക്കുകയോചവിട്ടുകയോ അരുത്.

 

  • കീറിയതോ ഉപയോഗശൂന്യമായതോ ആയ പതാക പൊതു സ്ഥലത്ത് ഉപോക്ഷിക്കരുത്. അവ ആളൊഴിഞ്ഞ സ്ഥലത്ത് പൂർണമായി കത്തിച്ചുകളയുകയോ മറ്റു മാർഗങ്ങളിൽസംസ്കരിക്കുകയോ വേണം.

 

  • ദേശീയ പതാകയുടെ ചിത്രം എഡിറ്റ് ചെയ്ത് ഉപയോഗിക്കരുത്.

കർണാടക വിജയനഗരത്തിലെ ഹൊസ്പേട്ടിലാണ് ഏറ്റവും ഉയരത്തിൽ ദേശീയ പതാക പാറുന്ന കൊടിമരം (123 മീറ്റർ).

കർണാടകയിലെ തന്നെ ബെളഗാവികോട്ട, പഞ്ചാബിലെ അട്ടാരി അതിർത്തി എന്നിവിടങ്ങളിലെ കൊടിമരങ്ങൾക്കാണ് ഉയരത്തിൽ രണ്ടും മൂന്നും സ്ഥാനം.

Category: News