ഇൻകം ടാക്സ് റിട്ടേൺ നിർബന്ധമായും സമർപ്പിക്കേണ്ടവർ ആരെല്ലാം
വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും പണം സമ്പാദിക്കാൻ പല വഴികളുണ്ട്. ശമ്പളം, ഒറ്റക്കോ പാർട്ണർഷിപ്പിലോ കമ്പനി രൂപവത്കരിച്ചോയുള്ള ബിസിനസ് വരുമാനം, ഫ്രീലാൻസായി പ്രവർത്തിച്ചുള്ള വരുമാനം, വാടക, ഓഹരി വ്യാപാരം, ബാങ്ക് പലിശ തുടങ്ങി വരുമാനമുണ്ടാക്കാൻ എണ്ണിയാലൊടു ങ്ങാത്ത വഴികളുണ്ട്.
ഇങ്ങനെ കിട്ടുന്ന മുഴുവൻ തുകയും ആദായനികുതി നിയമമനുസരിച്ച് ഒരാളുടെ വരുമാനമായി കണക്കാക്കുന്നില്ല. ഓരോ വഴിക്ക് കിട്ടുന്ന തുകയിൽനിന്ന് അതുമായി ബന്ധപ്പെട്ട ചെലവുകൾ കഴിച്ച് ബാക്കിവരുന്നത് മാത്രമാണ് വരുമാനമായി കണക്കാക്കുന്നത്.
അങ്ങനെയുള്ള വാർഷിക വരുമാനം ഒരു നിശ്ചിത പരിധിയിൽ കൂടിയാൽ നിയമപ്രകാരം നികുതി അടയ്ക്കാനും അതുമായി ബന്ധപ്പെട്ട കണക്ക് / റിട്ടേൺ സമർപ്പിക്കാനും ബാധ്യസ്ഥരാകും. ചില സാഹചര്യങ്ങളിൽ നികുതി മുൻകൂറായും അടക്കേണ്ടിവരും (അഡ്വാൻസ് ടാക്സ്).
ഇനി നികുതി അടയ്ക്കാനില്ലെങ്കിലും താഴെ പറയുന്ന വിഭാഗക്കാർ നിർബന്ധമായും നികുതി റിട്ടേൺ സമർപ്പിക്കണം.
കമ്പനി/പാർട്ണർഷിപ്/ ലിമിറ്റഡ് ലാബിലിറ്റി പാർട്ണർഷിപ് തുടങ്ങിയ സ്ഥാപനങ്ങൾ ലാഭമുണ്ടെങ്കിലും നഷ്ടത്തിലാണെങ്കിലും നിർബന്ധമായി റിട്ടേൺ സമർപ്പിക്കണം.
ഇനി 60 വയസ്സിന് താഴെയുള്ള വ്യക്തികൾക്കാണെങ്കിൽ, അവർക്ക് നിയമം അനുവദിച്ച ഒഴിവുകളും (വകുപ്പ് 10 എ ,10 ബി , 10ബി.എ) കിഴിവുകളും (80 സി മുതൽ 80യുവരെ) കുറക്കുന്നതിന് മുമ്പ് രണ്ടരലക്ഷം രൂപയിൽ കൂടുതൽ വരുമാനമുണ്ടെങ്കിൽ നിർബന്ധമായും റിട്ടേൺ സമർപ്പിച്ചിരിക്കണം.
60 നും 80 നുമിടയിൽ പ്രായമുള്ളവരാണെങ്കിൽ മൂന്നു ലക്ഷം രൂപയിൽ കൂടുതലും, 80 വയസ്സിന് മുകളിലുള്ളവർ അഞ്ചു ലക്ഷം രൂപയിൽ കൂടുതലും വരുമാനമുണ്ടെങ്കിൽ നികുതി റിട്ടേൺ സമർപ്പിക്കണം. മുകളിൽ പറഞ്ഞത് വരെയുള്ള വരുമാനത്തിന് നികുതി അടയ്ക്കേണ്ട ആവശ്യമില്ല.
ഇതിൽ കൂടുതൽ വരുമാനമുണ്ടെങ്കിൽ വ്യക്തികൾക്ക് രണ്ടുതരം നികുതി നിരക്കുകളിൽനിന്ന് ഏത് വേണമെങ്കിലും സ്വീകരിക്കാം. എളുപ്പത്തിൽ മനസ്സിലാക്കാൻ വേണ്ടി പഴയ നിരക്കെന്നും പുതിയ നിരക്കെന്നും (115 ബി.എ.സി) പറയാം. പുതിയ നിരക്ക് അനുസരിച്ചാണ് നികുതി കണക്കാക്കുന്നതെങ്കിൽ പ്രായഭേദമന്യേ മൂന്നു ലക്ഷം രൂപയിലധികം വരുമാനമുള്ളവർ നികുതി റിട്ടേൺ സമർപ്പിക്കേണ്ടി വരും.
ഒരാളുടെ നികുതി വരുമാനം അഞ്ചുലക്ഷം രൂപയിൽ താഴെയാണെങ്കിൽ പഴയനിരക്ക് തെരഞ്ഞെടുത്താൽ അയാൾക്ക് നികുതിയിൽനിന്ന് 12,500 രൂപവരെ 87എ വകുപ്പ് പ്രകാരം ഇളവ് ചെയ്യാം. പുതിയ നിരക്കിലാണെങ്കിൽ നികുതി വരുമാനം ഏഴു ലക്ഷം രൂപവരെ 25,000 രൂപവരെ ഇളവ് ചെയ്യാം. ഫലത്തിൽ ഇത്രയും രൂപയിൽ താഴെയാണ് വരുമാനമെങ്കിൽ സാധാരണ ഗതിയിൽ ഒരു രൂപപോലും നികുതി അടയ്ക്കേണ്ടതില്ല. പക്ഷേ, റിട്ടേൺ സമർപ്പിക്കൽ നിർബന്ധമാണ് താനും.
മുകളിൽ പറഞ്ഞ വരുമാനമില്ലെങ്കിലും 23-24 സാമ്പത്തിക വർഷത്തിൽ താഴെ പറയുന്നതരത്തിൽ ഏതെങ്കിലും ഇടപാട് നടത്തിയവരും റിട്ടേൺ സമർപ്പിക്കൽ നിർബന്ധമാണ്
ഒന്നോ അതിലധികമോ ബാങ്കുകളിലെ (സഹകരണ ബാങ്കുൾപ്പെടെ) കറന്റ് അക്കൗണ്ടിൽ മൊത്തമായി ഒരു കോടി രൂപയിൽ കൂടുതൽ നിക്ഷേപം നടത്തിയിട്ടുണ്ടെങ്കിൽ
ഒന്നോ അതിലധികമോ സേവിങ്സ് ബാങ്ക് അക്കൗണ്ടിലായി 50 ലക്ഷം രൂപയിൽ കൂടുതൽ നിക്ഷേപം നടത്തിയിട്ടുണ്ടെങ്കിൽ
സ്വന്തം ആവശ്യത്തിനോ മറ്റുള്ളവർക്ക് വേണ്ടിയോ വിദേശയാത്രക്കായി രണ്ടു ലക്ഷം രൂപയിൽ കൂടുതൽ ചെലവഴിച്ചിട്ടുണ്ടെങ്കിൽ
മൊത്തമായി വൈദ്യുതി ബില്ലിനത്തിൽ ഒരു ലക്ഷം ഇവയിൽ കൂടുതൽ ചെലവഴിച്ചിട്ടുണ്ടെങ്കിൽ
സാധനങ്ങൾ ഉൽപാദിപ്പിച്ചോ മറ്റുള്ളവരിൽനിന്ന് വാങ്ങിയോ വിൽക്കുന്നവരുടെ വാർഷിക വിറ്റുവരവ് 60 ലക്ഷത്തിന് മുകളിൽ ഉണ്ടെങ്കിൽ
സേവനമേഖലയിലാണെങ്കിൽ അവരുടെ പ്രൊഫഷനിൽനിന്ന് കിട്ടുന്ന വാർഷിക വരുമാനം 10 ലക്ഷം രൂപയിൽ കൂടുതലുണ്ടെങ്കിൽ
60 വയസ്സിൽ താഴെയുള്ളവരുടെ പേരിൽ ടി.ഡി.എസ്/ടി.സി.എസുമായി ബന്ധപ്പെട്ട് 25,000 രൂപയിൽ കൂടുതൽ വന്നിട്ടുണ്ടെങ്കിൽ, 60 വയസ്സിന് മുകളിലുള്ളവർക്ക് 50,000 ത്തിന് മുകളിൽ വന്നിട്ടുണ്ടെങ്കിൽ.