ഇൻകം ടാക്സ് റിട്ടേൺ സമർപ്പിക്കേണ്ടത് എപ്പോൾ ?
റിട്ടേൺ സമർപ്പിക്കേണ്ടത് എപ്പോൾ ?
ഇനി എപ്പോഴാണ് നികുതി റിട്ടേൺ സമർപ്പിക്കേണ്ടത് എന്ന് നോക്കാം. 2023-24 സാമ്പത്തിക വർഷത്തെ റിട്ടേൺ സമർപ്പിക്കേണ്ടവരെ രണ്ടായി തരം തിരിക്കാം.
1. കണക്കുകൾ ചാർട്ടേഡ് അക്കൗണ്ടന്റ് മുഖേന ഓഡിറ്റ് ചെയ്തതിനുശേഷം റിട്ടേൺ സമർപ്പിക്കേണ്ടവർ. (ഇവർക്ക് 2024 ഒക്ടോബർ 31 ആണ് പിഴയില്ലാതെ നികുതി സമർപ്പിക്കാനുള്ള അവസാന തീയതി).
2. ഓഡിറ്റ് നിർബന്ധില്ലാത്തവർ. (ഇവർക്ക് 2024 ജൂലൈ 31 ആണ് പിഴയില്ലാതെ റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി).
കണക്കുകൾ പ്രകാരം നികുതി അടയ്ക്കാൻ ബാധ്യതയുള്ളവർ ആയത് അടച്ചതിന്റെ വിവരങ്ങൾകൂടി ഉൾപ്പെടുത്തി വേണം റിട്ടേൺ സമർപ്പിക്കാൻ. മുകളിൽ പറഞ്ഞ തീയതികൾക്കുള്ളിൽ റിട്ടേൺ സമർപ്പിക്കാൻ പറ്റിയില്ലെങ്കിൽ പിന്നെ പിഴയോടുകൂടി 2024 ഡിസംബർ 31 വരെ മാത്രമേ സാധാരണഗതിയിൽ 23-24 സാമ്പത്തിക വർഷത്തെ റിട്ടേൺ സമർപ്പിക്കാൻ പറ്റുകയുള്ളൂ. ഇങ്ങനെ സമർപ്പിക്കുന്നതിനെ ബിലേറ്റഡ് റിട്ടേൺ എന്ന് പറയും.
ഇങ്ങനെ ചെയ്യുന്നവരുടെ നികുതി വരുമാനം അഞ്ചു ലക്ഷത്തിനു താഴെ ആണെങ്കിൽ പിഴ 1000 രൂപയും അഞ്ചു ലക്ഷത്തിന് മുകളിലാണെങ്കിൽ 5000 രൂപയും ആയിരിക്കും. ഇനി നികുതി ബാധ്യത വല്ലതും ബാക്കിയുണ്ടെങ്കിൽ 234 എ, 234 ബി , 234 സി എന്നീ വകുപ്പുകൾ പ്രകാരം പലിശകൂടി കൊടുക്കുവാൻ വ്യക്തികൾ ബാധ്യസ്ഥരായിരിക്കും. ഇത് ഓരോ വകുപ്പിലും ഒരു മാസത്തേക്ക് ഒരു ശതമാനം തോതിലാണ് പലിശ.
ഇനി മുൻകൂറായി നിങ്ങൾ നികുതി അടയ്ക്കുകയോ അല്ലെങ്കിൽ നിങ്ങളുടെ പേരിൽ ടി.ഡി.എസ് അല്ലെങ്കിൽ ടി.സി.എസ് ആയി വല്ല ഇടപാടും രേഖപ്പെടുത്തിയിട്ടുണ്ടെന്നോ കരുതുക, നിങ്ങൾക്ക് നിയമപ്രകാരം നികുത അടയ്ക്കാനില്ലെന്നും കരുതുക, അങ്ങനെയാണെങ്കിൽ ഈ തുക റീഫണ്ട് ലഭിക്കണമെങ്കിൽ നിങ്ങൾ സമയബന്ധിതമായി റിട്ടേൺ സമർപ്പിക്കണം.
റിട്ടേൺ സമർപ്പിച്ചതിനുശേഷം നിർബന്ധമായും ചെയ്യേണ്ട ഒരു കാര്യം കൂടിയുണ്ട്. വെരിഫിക്കേഷൻ എന്ന് പറയും. അത് 30 ദിവസത്തിനുള്ളിൽ ചെയ്തിട്ടില്ലെങ്കിൽ റിട്ടേൺ അസാധുവായി കണക്കാകും. അത് ഓൺലൈനായോ റിട്ടേൺ സമർപ്പിച്ചതിന്റെ പ്രിന്റെടുത്ത് ഒപ്പിട്ടശേഷം ബംഗളൂരുവിലുള്ള പ്രോസസിങ് സെന്ററിലേക്ക് സ്പീഡ് പോസ്റ്റ് അയച്ചോ ചെയ്യാം. ഇതുകൂടി ചെയ്താലേ റിട്ടേൺ പൂർണമാവുകയുള്ളൂ.
റിട്ടേൺ ഫോമുകൾ
വ്യക്തികൾ റിട്ടേൺ സമർപ്പിക്കേണ്ടത് പ്രധാനമായും താഴെ പറയുന്ന നാലിൽ ഏതെങ്കിലുമൊരു ഫോമിലാണ്. വരുമാന മാർഗത്തിനനുസരിച്ച് ഏത് ഫോമിലാണ് റിട്ടേൺ സമർപ്പിക്കേണ്ടത് എന്ന് നോക്കാം. ആദായനികുതി വകുപ്പിന്റെ സൈറ്റിൽ ഓൺലൈനായാണ് സമർപ്പിക്കേണ്ടത്
ഐ.ടി.ആർ -1
ശമ്പളം, പെൻഷൻ, ബാങ്ക് പലിശ എന്നിവയിൽനിന്ന് 50 ലക്ഷത്തിന് താഴെ വരുമാനമുള്ള ഇന്ത്യയിൽ താമസക്കാരായ വ്യക്തികൾ (ഓർഡിനറി റെസിഡന്റ്) ഇതിലാണ് സമർപ്പിക്കേണ്ടത്. ഒരു വീട് മാത്രം ഉള്ളവരും കൃഷി വരുമാനം 5000 രൂപയിൽ താഴെയായിരിക്കുകയും വേണം.
ഐ.ടി.ആർ -2
മുകളിൽ പറഞ്ഞ വരുമാനത്തിന് പുറമെ ഏതെങ്കിലും കമ്പനിയിൽ ഡയറക്ടറായവർ, മൂലധന നേട്ടം ഉള്ളവർ, 50 ലക്ഷത്തിന് മുകളിൽ വരുമാനമുള്ളവർ (ബിസിനസിൽ നിന്നൊഴികെ), ഒന്നിലേറെ വീടുള്ളവർ എന്നിവർ ഈ ഫോമിലാണ് ചെയ്യേണ്ടത്.
ഐ.ടി.ആർ -3
മുകളിൽ പറഞ്ഞ വരുമാനത്തിന് പുറമെ ബിസനസിൽനിന്നോ പ്രഫഷനിൽനിന്നോ വരുമാനമുള്ളവർ, പാർട്ണർഷിപ്പിൽ പാർട്ണറായിട്ടുള്ളവർ ഒക്കെ ഇതിലാണ് ഫയൽ ചെയ്യേണ്ടത്.
ഐ.ടി.ആർ -4
ബിസിനസ് അല്ലെങ്കിൽ പ്രഫഷനിൽനിന്ന് കിട്ടുന്ന വരുമാനത്തിന് അനുമാന നികുതി അടക്കുന്നവർ. ആകെ വരുമാനം 50 ലക്ഷം രൂപക്ക് മുകളിലുള്ളവർ.
ഐ.ടി.ആർ -5, 6, 7
ഈ ഫോമുകൾ സമർപ്പിക്കേണ്ടത് സ്ഥാപനങ്ങളാണ്.