പൊതുവിദ്യാഭ്യാസം -കൈറ്റ് ‘സമ്പൂർണ്ണ’ ആറാം പ്രവൃത്തിദിന കണക്കെടുപ്പ് ഇൻവാലിഡ് UID കേസുകൾ പരിശോധിക്കുന്നത് – സംബന്ധിച്ച സർക്കുലർ

June 01, 2024 - By School Pathram Academy

“സമ്പൂർണ” സോഫ്റ്റ്‌വെയറിൽ ആറാം പ്രവൃത്തി ദിവസം വാലിഡ് യു.ഐ.ഡി. ഉള്ള കുട്ടികളെ മാത്രമേ 2024-25 അദ്ധ്യയന വർഷം സ്റ്റാഫ് ഫിക്സേഷന് പരിഗണിക്കുകയുള്ളൂ. ഇൻവാലിഡ് ആയതോ യു.ഐ.ഡി. ഇല്ലാത്തതോ ആയ കുട്ടികളുടെ യു.ഐ.ഡി. ഈ തീയതിക്കുള്ളിൽ വാലിഡ് ആക്കേണ്ടതുണ്ട് . 18/04/2022 ലെ സ.ഉ.(അ)/5 /2022/പൊ.വി.വ കെ.ഇ.ആർ. ചട്ട ഭേദഗതി ഉത്തരവ് പ്രകാരം കുട്ടിയ്ക്ക് ആറാം പ്രവൃത്തി ദിവസത്തിൽ യു.ഐ.ഡി. ഉണ്ടാവണമെന്നാണ് നിഷ്കർഷിക്കുന്നത്. പലപ്പോഴും ഇൻവാലിഡ് യു.ഐ.ഡി. ആകുന്നത് പേരിലെ ഒന്നോ രണ്ടോ അക്ഷരങ്ങളുടെ വ്യത്യാസം പോലുള്ള കാരണം കൊണ്ടുമാവാം. അവ യഥാസമയം പരിഹരിക്കാതിരുന്നാൽ “യു.ഐ.ഡി. ഇല്ലാത്ത കുട്ടികൾ” എന്ന വിഭാഗത്തിൽ ഇവർ ഉൾപ്പെട്ടുപോവും. ജനന തീയതിയിലോ ആധാറിലോ വരുന്ന ഇത്തരം പിഴവുകൾ (ചുരുങ്ങിയത് പുതിയ കുട്ടികളുടെ കാര്യത്തിലെങ്കിലും) അന്നേ ദിവസം ശരിയാക്കാൻ സ്കൂളുകൾക്ക് കഴിഞ്ഞെന്നും വരില്ല. ഈ പ്രശ്നം പരിഹരിക്കുന്നതിന് കെ.ഇ.ആർ. ചട്ട ഭേദഗതി ഉത്തരവിലെ വ്യവസ്ഥകൾ പാലിച്ചുകൊണ്ട് തന്നെ ഇൻവാലിഡ് യു.ഐ.ഡി കേസുകൾ പരിശോധിക്കാൻ ആവശ്യമുള്ള സ്കൂളുകൾ ചുവടെ പറയുന്ന തരത്തിൽ ആവശ്യമായ നടപടി സ്വീകരിക്കേണ്ടതാണ്.

 

1.ഇൻവാലിഡ് യു.ഐ.ഡിയുള്ള കുട്ടികളുടെ യു.ഐ.ഡി. വാലിഡ് ആക്കാൻ താമസം നേരിടുന്നപക്ഷം സ്കൂൾ പ്രഥമാധ്യാപകർ സമ്പൂർണയിലെ UID Analysis പരിശോധിച്ച് ഓരോ ക്ലാസിലെയും ഇൻവാലിഡ് യു.ഐ.ഡി ഉള്ള കുട്ടികളുടെ ആധാറിൻ്റെ വ്യക്തതയുള്ള ഫോട്ടോ (കുട്ടിയുടെ ചിത്രം, ആധാർ നമ്പർ, പേര്, ലിംഗം, ജനനതീയതി എന്നിവ ഉൾപ്പെട്ടത്) അപ്‌പ്ലോഡ് ചെയ്യേണ്ടതാണ്.

 

2. ഇപ്രകാരം ആധാറിൻ്റെ ഫോട്ടോ അപ്ലോഡ് ചെയ്യുന്നതോടൊപ്പം യു.ഐ.ഡി. ഇൻവാലിഡ് ആയതിന്റെ കാരണം ഉൾപ്പെടുത്തുന്നതിന് ലഭ്യമാക്കിയിട്ടുള്ള ഫീൽഡും നിർബന്ധമായും അപ്ഡേറ്റ് ചെയ്യേണ്ടതാണ്.

 

3. ഈ പ്രവർത്തനം സ്കൂൾ തലത്തിൽ ജൂൺ 13 നുള്ളിലും വിദ്യാഭ്യാസ ജില്ലാ/ഉപജില്ലാ ആഫീസറുടെ ഇടപെടൽ ആവശ്യമായ കേസുകൾ ജൂൺ 15 നുള്ളിലും പൂർത്തിയാക്കേണ്ടതാണ്. സ്കൂൾ പ്രഥമാധ്യാപകർ ഇൻവാലിഡ് യു.ഐ.ഡി കേസുകൾ മേൽപ്രകാരം അപ് ലോഡ് ചെയ്യുമ്പോൾ മുൻവർഷം 1/8/2023-ലെ യോഗത്തിൽ തീരുമാനിച്ചതിന് സമാനമായ രൂപത്തിൽ താഴെപ്പറയുന്ന പ്രവർത്തനങ്ങൾ കൈറ്റിന് ചെയ്യാവുന്നതാണ്.

 

1. കൈറ്റിലെ മാസ്റ്റർ ട്രെയിനർമാർ പ്രത്യേക ലോഗിൻ ഉപയോഗിച്ച് ഇൻവാല്‌ഡ് യു.ഐ.ഡി. കേസുകൾ പരിശോധിച്ച് വെരിഫൈ ചെയ്യുക.

 

2. ഇപ്രകാരം പേരിൽ മൂന്നു വരെ അക്ഷരങ്ങളുടെ വ്യത്യാസം മാത്രമാണെങ്കിൽ അവ വാലിഡായി രേഖപ്പെടുത്താം

3. 3. ഒന്നാം ക്ലാസ് ഒഴികെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികളുടെ ജനനത്തിയതിയിലെ വർഷം ആധാറിലും സമ്പൂർണയിലും ഒരു പോലെയാവുകയും മാസമോ ദിവസമോ വ്യത്യാസമാണെങ്കിൽ (ഒരേ വർഷം) അത് പ്രത്യേകം രേഖപ്പെടുത്തി വെരിഫൈ ചെയ്യാം.

 

4. ഒന്നാം ക്ലാസിലെ കുട്ടിയുടെ ജനനത്തിയതിയിൽ വ്യത്യാസം വന്നാൽ Verified ആക്കേണ്ടതില്ല.

 

5. പേര്, ജനനത്തിയതി, ജെൻ്റർ ഇവയിൽ രണ്ടിലധികം ഫീൽഡുകളിൽ വൃത്യാസം വന്നാലും Verified ആക്കണമെന്നില്ല.

 

മേൽ പ്രവർത്തനത്തിന് ശേഷവും യു.ഐ.ഡി. വാലിഡ് ആക്കാൻ കഴിയാത്ത കുട്ടികളുടെ കാര്യത്തിൽ സ്കൂളുകളിൽ നിന്നുള്ള അപേക്ഷയനുസരിച്ച് (തസ്തിക നഷ്ടപ്പെടുന്ന ഘട്ടങ്ങളിൽ) റവന്യൂ ജില്ലാതലത്തിൽ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിൽ കൈറ്റ് കോ-ഓർഡിനേറ്റർ ഉൾപ്പെടുന്ന ഒരു സമിതി പ്രത്യേക ഹിയറിംഗ് നടത്തി നേരിട്ട് പരിശോധിക്കാവുന്നതാണ്. ജൂൺ 20-നു മുമ്പ് ഈ പ്രക്രിയയും പൂർത്തിയാക്കേണ്ടതാണ്.