സംസ്ഥാന സ്കൂൾ കലോത്സവം; ഈ സ്വർണക്കപ്പിനുപിന്നിൽ വലിയൊരു കഥയുണ്ട്. അറിയണ്ടെ ആ കഥ ?

കൊല്ലം:മടക്കിവെച്ച പുസ്തകം, അതിനുമുകളിൽ വളയിട്ട കൈയിൽ ഉയർന്നുനിൽക്കുന്ന വലംപിരിശംഖ്. സംഗതി സ്വർണമാണ്. ഒന്നും രണ്ടുമല്ല, 117 പവൻ.
കലോത്സവ സ്വർണക്കപ്പിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.
ഈ സ്വർണക്കപ്പിനുപിന്നിൽ വലിയൊരു കഥയുണ്ട്.
1985-ൽ എറണാകുളത്ത് സംസ്ഥാന കലോത്സവത്തിൽ വിധികർത്താവായി എത്തിയ വൈലോപ്പിള്ളി ശ്രീധരമേനോനാണ് സ്കൂൾ കലോത്സവത്തിനും സ്വർണക്കപ്പ് വേണമെന്ന ആവശ്യം അന്നത്തെ വിദ്യാഭ്യാസമന്ത്രി ടി.എം.ജേക്കബിനുമുന്നിൽ ഉന്നയിച്ചത്.
101 പവൻ കപ്പ് അടുത്തവർഷംതന്നെ യാഥാർഥ്യമാക്കുമെന്ന് അന്ന് മന്ത്രി പ്രഖ്യാപിച്ചു. പക്ഷേ, 1986-ലെ കലോത്സവത്തിൽ ആറുപവൻ പൂശിയ കപ്പ് മാത്രമേ നൽകാനായുള്ളൂ. വിദ്യാർഥികളിൽനിന്നും ജീവനക്കാരിൽനിന്നും പണം പിരിച്ച് കപ്പുണ്ടാക്കാൻ തീരുമാനിച്ചു. സ്വർണക്കപ്പിന്റെ ഡിസൈനിനുവേണ്ടി സംഘടിപ്പിച്ച മത്സരത്തിൽ വിദ്യാരംഗം മാസികയുടെ ആർട്ട് എഡിറ്ററായിരുന്ന ചിറയിൻകീഴ് ശ്രീകണ്ഠൻ നായർ വിജയിയായി.
101 പവനായിരുന്നു ഉദ്ദേശിച്ചതെങ്കിലും പണി പൂർത്തിയായപ്പോൾ 117.5 പവനായി. രണ്ടേകാൽ ലക്ഷം രൂപയായിരുന്നു ചെലവ്.
അഞ്ചുപേർ ചേർന്ന് ഒന്നരമാസംകൊണ്ടാണ് സ്വർണക്കപ്പ് പൂർത്തിയാക്കിയത്. പത്തനംതിട്ടയിലെ ജൂവലറിയാണ് ടെൻഡർ ഏറ്റെടുത്തത്.
1987 ൽ കോഴിക്കോട്ട് നടന്ന കലോത്സവംമുതൽ ആദ്യ മൂന്നുതവണ തിരുവനന്തപുരം സ്വർണക്കപ്പ് ജേതാക്കളായി. പിന്നീട് കപ്പിനുവേണ്ടിയുള്ള പോരാട്ടമായി. സമ്മാനദാനച്ചടങ്ങിന്റെ ആവേശത്തിൽ കപ്പ് ഒടിഞ്ഞുപോയതോടെ ഡമ്മി കപ്പും വേദിയിലെത്തി. ഈ ഡമ്മി കപ്പാണ് പൊതുവേദികളിൽ സാധാരണ പ്രദർശിപ്പിക്കുക.