ഉച്ചഭക്ഷണം കൊടുത്തില്ല; വിദ്യാർഥികൾ സ്‌കൂൾ അടിച്ചു തകർത്തു

July 10, 2022 - By School Pathram Academy

സ്‌കൂളിൽ പഠിക്കാനെത്തുന്നവർക്ക് ഉച്ചഭക്ഷണം നൽകിയില്ലെന്ന് ആരോപിച്ച് വിദ്യാർഥികൾ സ്‌കൂൾ അടിച്ചു തകർത്തു

ഉച്ചഭക്ഷണം നൽകാതിരിക്കുന്നതിന് ഒപ്പം തങ്ങളോട് മസാജ് ചെയ്യാൻ അധ്യാപകർ നിർബന്ധിച്ചതായും വിദ്യാർഥികൾ ആരോപിക്കുന്നു.

 

പട്‌ന: സ്‌കൂളിൽ പഠിക്കാനെത്തുന്നവർക്ക് ഉച്ചഭക്ഷണം നൽകിയില്ലെന്ന് ആരോപിച്ച് വിദ്യാർഥികൾ സ്‌കൂൾ അടിച്ചു തകർത്തു. ബിഹാറിലെ കതിഹാർ ജില്ലയിലെ സ്‌കൂളിലാണ് വിദ്യാർഥികൾ ആക്രമണം നടത്തിയത്. സ്‌കൂൾ മതിലടക്കം പൊളിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. കതിഹാർ ജില്ലയിൽ ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കുന്നതിലെ അപാകതകൾ പരിഹരിക്കണം എന്നാവശ്യപ്പെട്ടാണ് വിദ്യാർഥികൾ ബഹളം വച്ചത്.

സ്‌കൂളിൽ ഉച്ചഭക്ഷണം നൽകുന്നില്ലെന്ന് വിദ്യാർഥികൾ ആരോപിച്ചു. കതിഹാറിലെ ബർസോയ് ബ്ലോക്കിലെ അബാദ്പൂർ പോലിസ് സ്റ്റേഷൻ പരിധിയിലുള്ള ബരിയൗൾ അപ്‌ഗ്രേഡഡ് മിഡിൽ സ്‌കൂളിലാണ് അക്രമസംഭവം അരങ്ങേറിയത്. വിദ്യാർഥികൾ ടിൻ ഷീറ്റ് കൊണ്ട് നിർമ്മിച്ച സ്‌കൂളിന്റെ മതിൽ ചവിട്ട് മറിക്കുന്ന വീഡിയോയാണ് പുറത്ത് വന്നത്.

എന്നാൽ വിദ്യാർഥികളോട് ആക്രമണം നടത്താൻ ഗ്രാമീണരാണ് ആവശ്യപ്പെട്ടതെന്നും റിപോർട്ടുകളുണ്ട്. സംഭവത്തിൽ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. ഉച്ചഭക്ഷണം നൽകാതിരിക്കുന്നതിന് ഒപ്പം തങ്ങളോട് മസാജ് ചെയ്യാൻ അധ്യാപകർ നിർബന്ധിച്ചതായും വിദ്യാർഥികൾ ആരോപിക്കുന്നു. അധ്യാപകർ പാഠഭാഗങ്ങൾ ശരിയായി പഠിപ്പിക്കാറില്ലെന്നും ആരോപണമുണ്ട്. പരാതികൾ പുറത്ത് വന്നതിന് പിന്നാലെ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ മുംതാസ് അഹമ്മദ് സ്‌കൂൾ ഹെഡ്മാസ്റ്റർ ഗോപൈൻ ചന്ദ്രയോട് വിശദീകരണം തേടി. കുറ്റക്കാർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Category: News