ഉച്ചഭക്ഷണത്തിന് ഉപ്പും ചോറും മാത്രം; പ്രധാനാധ്യാപികക്ക് സസ്പെൻഷൻ
ഉച്ചഭക്ഷണത്തിന് ഉപ്പും ചോറും മാത്രം; പ്രധാനാധ്യാപികക്ക് സസ്പെൻഷൻ
അയോധ്യ: വിദ്യാർഥികൾക്ക് ഉച്ചഭക്ഷണത്തിന് ഉപ്പും ചോറും മാത്രം നൽകിയതായി പരാതി. അയോധ്യ ചൗരിബസാറിലെ പ്രൈമറി സ്കൂളിലാണ് സംഭവം. വിദ്യാർഥികൾ ഉപ്പും ചോറും കഴിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെ പ്രധാനാധ്യാപിക ഏക്ത യാദവിനെ സസ്പെൻഡ് ചെയ്തതായി അയോധ്യ ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു.
മെനു അനുസരിച്ച് വിദ്യാർഥികൾക്ക് ഭക്ഷണത്തിനായി പാലും മുട്ടയും പരിപ്പും റൊട്ടിയും നൽകണം. എന്നാൽ, കുട്ടികൾക്ക് നൽകുന്നത് ചോറും ഉപ്പുമാണ്. ഇതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഗ്രാമമുഖ്യനും അധ്യാപകരും മടിക്കുന്നു. അപ്പോൾ ആരാണ് ഉത്തരവാദിയെന്ന് ദൃശ്യങ്ങൾ പകർത്തിയയാൾ ചോദിക്കുന്നതും വിഡിയോയിലുണ്ട്.
വിഡിയോ വൈറലായതോടെ പ്രതിഷേധവുമായി രക്ഷിതാക്കൾ രംഗത്തെത്തി. അന്വേഷണത്തിന് ഉത്തരവിട്ടതായും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ജില്ലാ മജിസ്ട്രേറ്റ് നിതീഷ് കുമാർ പറഞ്ഞു.