ഉത്തരം കേട്ട് മടങ്ങുന്ന കുട്ടികളുടെ മുഖത്തെ നൈരാശ്യം കലർന്ന ആശങ്ക ഇരുവരും ശ്രദ്ധിച്ചു. ആ ശ്രദ്ധ ചെന്നെത്തിയത്, തൃശ്ശൂരിൽ നിന്ന് ഒളിച്ചോടി ബെംഗളൂരുവിലെത്തി പകച്ചുപോയ രണ്ട് സ്കൂൾ വിദ്യാർഥികളെ നാട്ടിലെത്തിച്ച നന്മയിലേക്കാണ്

October 16, 2022 - By School Pathram Academy

തൃശ്ശൂർ: ബെംഗളൂരുവിലെ സാറ്റലൈറ്റ് ബസ്സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന കെ.എസ്.ആർ.ടി.സി. ഡീലക്സ് ബസിൽ നിന്ന് ചില സാധനങ്ങളെടുക്കാൻ ചെന്നതായിരുന്നു മായനും ജോസഫും. അന്ന് രാത്രി 11-ന് പുറപ്പെടേണ്ട ബസിൽ തൃശ്ശൂർ ബോർഡ് വെച്ച് തിരിച്ചിറങ്ങുമ്പോൾ രണ്ട് ആൺകുട്ടികൾ വന്ന് ചോദിച്ചു- ഇത് തൃശ്ശൂർക്ക് പോകുമോ ചേട്ടാ…?

 

”ഇത് രാത്രി പുറപ്പെടുന്ന ബസാണ്. ഇപ്പോൾ മണി രണ്ടല്ലേ ആയുള്ളൂ. ഇതിന് മുന്നേ തൃശ്ശൂർക്ക് പോകുന്ന ബസുണ്ടാകും. കൗണ്ടറിൽ ചോദിച്ചോളൂ.” ഉത്തരം കേട്ട് മടങ്ങുന്ന കുട്ടികളുടെ മുഖത്തെ നൈരാശ്യം കലർന്ന ആശങ്ക ഇരുവരും ശ്രദ്ധിച്ചു. ആ ശ്രദ്ധ ചെന്നെത്തിയത്, തൃശ്ശൂരിൽ നിന്ന് ഒളിച്ചോടി ബെംഗളൂരുവിലെത്തി പകച്ചുപോയ രണ്ട് സ്കൂൾ വിദ്യാർഥികളെ നാട്ടിലെത്തിച്ച നന്മയിലേക്കാണ്. തൃശ്ശൂർ കെ.എസ്.ആർ.ടി.സി. ഡിപ്പോയിലെ ഡ്രൈവർ കം കണ്ടക്ടർമാരായ ചാലക്കുടിയിലെ എസ്. മായനും കുന്നംകുളത്തെ ജോസഫ് ഐസക്കുമാണ് കുട്ടികൾക്ക് തുണയായത്.

 

തൃശ്ശൂരിലേക്ക് വേറെ ബസുണ്ടോയെന്ന് ചോദിക്കാൻ കൗണ്ടറിലേക്ക് പോയ കുട്ടികളെ മായനും ജോസഫും നിരീക്ഷിച്ചു. കൗണ്ടറിൽനിന്ന് മറുപടി കിട്ടി മടങ്ങിയ കുട്ടികൾ കസേരയിലിരുന്ന് പഴ്സ് തുറന്ന് ചില്ലറപ്പൈസ എണ്ണുന്നതാണ് കണ്ടത്. തൃശ്ശൂർ ഏനാമാവിൽ നിന്ന് 12-ന് കാണാതായ രണ്ട് പത്താംക്ലാസ് വിദ്യാർഥികൾ തന്നെയാണ് ഇവരെന്ന് ഉറപ്പിക്കാൻ വാട്സാപ്പ് ഗ്രൂപ്പിൽ വന്ന ചിത്രങ്ങൾ നോക്കി.

 

 

തൃശ്ശൂർ ഡിപ്പോയുമായി ബന്ധപ്പെട്ട് പാവറട്ടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രമേഷിന്റെ നമ്പറെടുത്തു. അദ്ദേഹത്തോട് കാര്യം പറഞ്ഞു. കുട്ടികൾ മറ്റെവിടേയും പോകാതെ നോക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കുട്ടികളെ കണ്ടെത്തിയെന്നറിഞ്ഞ് ബന്ധുക്കളുടെ നിർത്താത്ത വിളിയായിരുന്നു മായന്റേയും ജോസഫിന്റേയും ഫോണുകളിലേക്ക്.

 

ബെംഗളൂരു മലയാളിസമാജം പ്രവർത്തകർ സഹായിച്ചു. 13-ന് രാത്രി 11-ന് പുറപ്പെട്ട ബസിൽ കുട്ടികളെ നാട്ടിലെത്തിച്ചു. എല്ലാ സീറ്റുകളും ബുക്കിങ് ആയിരുന്നതിനാൽ കുട്ടികളിൽ ഒരാൾക്ക് കണ്ടക്ടറുടെ സീറ്റും മറ്റൊരാൾക്ക് ഡ്രൈവറുടെ സമീപമുള്ള പെട്ടി സീറ്റും നൽകി. ഫുട്ബോൾ ഭ്രമം മൂത്ത് ഗോവൻ ടീമിൽ ചേരാനായി േപായതാണെന്നാണ് കുട്ടികൾ നൽകിയ മൊഴി.

Category: News