ഉപ്പിലിട്ടത് വിൽക്കുന്ന കടയിൽ നിന്ന് രാസവസ്തു കുടിച്ച കുട്ടികൾക്ക് മാരകമായി പൊള്ളലേറ്റു: കുടിച്ചത് ആസിഡ് എന്ന് സംശയം

February 15, 2022 - By School Pathram Academy

കോഴിക്കോട്: ഉപ്പിലിട്ട നെല്ലിക്ക കഴിച്ച് രണ്ടുകുട്ടികൾക്ക് പൊള്ളലേറ്റു. കോഴിക്കോട് ബീച്ചിൽ വിനോദയാത്രക്കെത്തിയ കുട്ടികൾക്കാണ് നെല്ലിക്ക കഴിച്ച് പൊള്ളലേറ്റത്. തൃക്കരിപ്പൂർ സ്വദേശികളാണ് ഇരുവരും. ഒരാൾക്ക് വായിലാണ് പൊള്ളലേറ്റിട്ടുള്ളത്. മറ്റൊരു കുട്ടിക്ക് തോൾഭാഗത്ത് പൊള്ളലേറ്റിട്ടുണ്ട്.

 

ഉപ്പിലിട്ട നെല്ലിക്കയോടൊപ്പം ഉണ്ടായിരുന്ന ദ്രാവകവും ഇവർ കഴിച്ചിരുന്നു. ഇതു കഴിച്ച് ഒരു കുട്ടി ഛർദ്ദിച്ചത് മറ്റേയാളുടെ തോളത്തേക്കാണ്. തൃക്കരിപ്പൂര്‍ സ്വദേശികളായ മുഹമ്മദ് (14), സാബിദ് (14) എന്നിവര്‍ക്കാണു പൊള്ളലേറ്റത്‌. ഇവരെ കോഴിക്കോട്ട് മെഡിക്കല്‍ കോളജില്‍ ചികിത്സക്ക് ശേഷം കാസർകോട്ടേക്ക് കൊണ്ടുപോയി.

 

സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം നടത്തുമെന്ന് അറിയിച്ചു. ഉപ്പിലിട്ടത് വേഗം പാകമാകാന്‍ ആഡിഡ് അടക്കമുള്ള രാസവസ്തുക്കള്‍ ഉപയോഗിക്കുന്നത് നഗരത്തില്‍ വ്യാപകമാണെന്നു പരാതിയുണ്ട്.

Category: News