ഊരൂട്ടമ്പലം ഗവ.യുപി സ്കൂൾ ഇനി മഹാത്മാ അയ്യൻകാളിയുടെയും അദ്ദേഹം കൈ പിടിച്ചുയർത്തിയ പഞ്ചമിയുടെയും നാമധേയത്തിൽ അറിയപ്പെടും

July 19, 2022 - By School Pathram Academy

തിരുവനന്തപുരം

സാമൂഹ്യ പരിഷ്‌കർത്താവായ അയ്യൻകാളിയുടെ പോരാട്ടങ്ങളുടെ ചരിത്രമുറങ്ങുന്ന കാട്ടാക്കട മണ്ഡലത്തിലെ ഊരൂട്ടമ്പലം ഗവ.യുപി സ്കൂൾ ഇനി മഹാത്മാ അയ്യൻകാളിയുടെയും അദ്ദേഹം കൈ പിടിച്ചുയർത്തിയ പഞ്ചമിയുടെയും നാമധേയത്തിൽ അറിയപ്പെടും.

സ്കൂളിന്റെ പേര് മഹാത്‌മ അയ്യൻകാളി – പഞ്ചമി മെമ്മോറിയൽ സ്കൂൾ എന്ന് പുനർനാമകരണം ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന്‌ നിയമസഭയിൽ ഐ ബി സതീഷ് എംഎൽഎയുടെ സബ്മിഷന് മറുപടിയായി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

കെഇആറിലെ ചട്ടങ്ങൾ പ്രകാരം സ്കൂൾ പിടിഎയുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെയും തീരുമാനങ്ങൾകൂടി പരിഗണിച്ച ശേഷം സ്കൂളിന്റെ പേര് മഹാത്മാ അയ്യൻകാളി പഞ്ചമി മെമ്മോറിയൽ എന്ന് പുനർനാമകരണം ചെയ്യാൻ സത്വര നടപടി സ്വീകരിക്കാൻ വിദ്യാഭ്യാസ ഉപഡയറക്ടർക്ക് നിർദേശം നൽകിയിരുന്നു. സ്കൂൾ പിടിഎ എക്സിക്യൂട്ടീവ് കമ്മിറ്റി, മദർ പിടിഎ എന്നിവയുടെ സംയുക്ത യോഗം ചേർന്ന് പുനർനാമകരണത്തിന്‌ തീരുമാനിച്ചു. തദ്ദേശ ഭരണ സ്ഥാപനത്തിന്റെ തീരുമാനം കൂടി അടിയന്തരമായി ലഭ്യമാക്കി സ്കൂളിന്റെ പുനർനാമകരണത്തിന്‌ നടപടി സ്വീകരിക്കാൻ നിർദേശം നൽകുമെന്നും മന്ത്രി അറിയിച്ചു.

Category: News