എന്താണ് അഗ്നനി പഥ് ?

June 17, 2022 - By School Pathram Academy

ഇന്ത്യൻസായുധസേനയുടെ ശരാശരി പ്രായവും പ്രതിച്ഛായയും അടിമുടി മാറ്റിമറിക്കുന്ന ‘അഗ്നിപഥ് റിക്രൂട്ട്മെന്റിന്’ ഒടുവിൽ കേന്ദ്രസർക്കാരിന്റെ അനുമതി. 17.5 വയസ്സുമുതൽ 21 വയസ്സുവരെയുള്ളവർക്കാണ് അവസരം ഹ്രസ്വകാലാടിസ്ഥാനത്തിൽ പ്രതിവർഷം 46,000 യുവാക്കളെ കര, നാവിക, വ്യോമസേനകളിലേക്ക് പദ്ധതിപ്രകാരം നിയമിക്കും. നാല് വർഷമായിരിക്കും സേവനകാലാവധി. ‘അഗ്നിപഥ് റിക്രൂട്ട്മെന്റ് വഴി നിയമിതരാവുന്ന സേനാംഗങ്ങൾ അഗ്നിവീരന്മാർ എന്നറിയപ്പെടും. സേനാംഗങ്ങളായി പെൺകുട്ടികൾക്കും നിയമനം ലഭിക്കും. യോണിഫോം സേനകളിൽ താത്പര്യമുള്ള, എന്നാൽ അധിക കാലം ജോലി ചെയ്യാൻ താത്പര്യമില്ലാത്ത യുവാക്കൾക്ക് അഗ്നിപഥ് ഗുണം ചെയ്യും.ഈ വർഷത്തെ റിക്രൂട്ട്മെന്റ് റാലി അടുത്ത 90 ദിവസത്തിനകം നടത്തും. 45,000 പേരെയാണ് റിക്രൂട്ട് ചെയ്യുക. ഓൺലൈൻ കേന്ദ്രീകൃത സംവിധാനത്തിലൂടെയായിരിക്കും നിയമനം നടത്തുക. ജൂലായ് 2023-ഓടെ ആദ്യ ബാച്ച് സജ്ജമാകും. പെൻഷനില്ലെങ്കിലും മികച്ച ശമ്പളവും ഇൻഷുറൻസ് പരിരക്ഷയും ഇവർക്കുണ്ടായിരിക്കും. പദ്ധതി വിജയിക്കുകയാണെങ്കിൽ വാർഷിക പ്രതിരോധ ബജറ്റിൽ നിന്ന് 5.2 കോടി രൂപ മിച്ചമായി ലഭിക്കുമെന്നാണ് പ്രതിരോധമന്ത്രാലയം കണക്കുകൂട്ടുന്നത്.യോഗ്യത

 

പത്താം ക്ലാസോ പന്ത്രണ്ടാം ക്ലാസോ പാസായവർക്ക് അപേക്ഷിക്കാം. വൈദ്യ പരിശോധന, ശാരീരിക ക്ഷമത നിർദിഷ്ട യോഗ്യത ഉണ്ടായിരിക്കണം. സേനകളിലേക്ക് നിലവിൽ സ്വീകരിക്കുന്ന യോഗ്യതാമാനദണ്ഡങ്ങളായിരിക്കും അഗ്നിപഥിനും ഉണ്ടായിരിക്കുക.

 

പരിശീലനംസൈനികാഭ്യാസങ്ങളടക്കമുള്ള ഇന്ത്യൻ സായുധ സേനയ്ക്ക് നൽകുന്ന അതേ പരിശീലന്ം അഗ്നിവീരന്മാർക്കും നൽകും. പരിശീലന മാനദണ്ഡങ്ങൾ സായുധ സേനയിലെ ഉദ്യോഗസ്ഥർ വ്യക്തമായി നിരീക്ഷിക്കും. പത്ത് ആഴ്ച മുതൽ ആറ് മാസം വരെ നീണ്ടു നിൽക്കുന്ന പരിശീലനത്തിന് ശേഷം നിലവിലുള്ള റാങ്കുകളിൽ നിന്ന് വ്യത്യസ്ത റാങ്കുകളിലായി നിയമനം നൽകും

 

  • നിയമനം

 

ആറു മാസ പരിശീലനത്തിന് ശേഷം വിവിധമേഖലകളിൽ നിയമിതരാവുന്ന ഇവരിൽ മികവ് പുലർത്തുന്ന 25 ശതമാനം പേരെ 15 വർഷത്തേക്ക് നിയമിക്കും. ബാക്കി 75% പേർക്ക് 11.71 ലക്ഷം രൂപ എക്സിറ്റ് പാക്കേജ് നൽകും. ഇവർക്ക് പിരിഞ്ഞുപോയി സാധാരണജോലികളിൽ പ്രവേശിക്കാം. പുതിയ ജോലി കണ്ടെത്താൻ സൈന്യത്തിന്റെ ഭാഗത്തുനിന്ന് സഹായമുണ്ടാകും. പരിശീലനം ലഭിച്ച ഇവരുടെ സേവനം പ്രയോജനപ്പെടുത്താൻ കോർപ്പറേറ്റ് സ്ഥാപനങ്ങൾ ഇതിനകംതന്നെ താത്പര്യം പ്രകടിപ്പിച്ചതായി നേരത്തെ കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. അഗ്നിവീരന്മാർക്ക് തുടർ വിദ്യാഭ്യാസത്തിനുതകും വിധം ഡിപ്ലോമയോ ക്രെഡിറ്റോ നൽകും.

ശമ്പളംതുടക്കത്തിൽ വാർഷിക പാക്കേജ് 4.76 ലക്ഷം രൂപയായിരിക്കും, ഇത് സേവനം അവസാനിക്കുമ്പോൾ 6.92 ലക്ഷമായി ഉയരും. 30000- 40000 രൂപയായിരിക്കും മാസശമ്പളം. ഒപ്പം അലവൻസുകളും നോൺ-കോൺട്രിബ്യൂട്ടറി ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും. ഗ്രാറ്റുവിറ്റി, പെൻഷൻ ഉണ്ടായിരിക്കില്ലെന്ന് പ്രതിരോധ മന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു. നാല് വർഷത്തിന് ശേഷം പിരിയുമ്പോൾ പി.എഫിന് സമാനമായ സാമൂഹിക സുരക്ഷാ പദ്ധതി ‘സേവാനിധി’ പാക്കേജ്’ എന്ന പേരിൽ 11.7 ലക്ഷം രൂപ നൽകും. ഇതിന് ആദായനികുതി അടയ്ക്കേണ്ടതില്ല.

 

  • ഇൻഷുറൻസ്, നഷ്ടപരിഹാരം

 

സേവനത്തിനിടെ സൈനികൻ മരിച്ചാൽ 48 ലക്ഷം രൂപയുടെ ഇൻഷുറൻസ് സഹായം കുടുംബാംഗങ്ങൾക്ക് ലഭിക്കും. പ്രീമിയം ഈടാക്കാതെയാണ് ഈ പരിരക്ഷ. സർവീസുമായി ബന്ധപ്പെട്ട് 44 ലക്ഷം രൂപകൂടി കുടുംബത്തിന് ലഭിക്കും. സേവാനിധിയിലെ ആനുകൂല്യങ്ങൾ ഉൾപ്പെടെ ഒരു കോടിയിലേറെ രൂപ കുടുംബാംഗങ്ങൾക്ക് ലഭിക്കും. ഇതോടൊപ്പം സേവനം നടത്താൻ കഴിയാതെപോയ കാലയളവിലെ മുഴുവൻ ശമ്പളവും നൽകും. സേവനത്തിനിടയിൽ അത്യാഹിതമുണ്ടായി ശാരീരിക പ്രശ്നങ്ങളുണ്ടായാൽ മെഡിക്കൽ അധികൃതരുടെ ശുപാർശ പ്രകാരം ശാരീരിക പ്രശ്നങ്ങളുടെ തോതനുസരിച്ച് നഷ്ടപരിഹാരം നൽകും. 50 ശതമാനം ശാരീരിക പ്രശ്നങ്ങൾക്ക് 15 ലക്ഷം രൂപ, 75 ശതമാനത്തിന് 25 ലക്ഷം രൂപ, 100 ശതമാനം ശാരീരിക പ്രശ്നങ്ങൾക്ക് 44 ലക്ഷം രൂപ എന്നിങ്ങനെയാണ് നഷ്ടപരിഹാരം.

എന്നാല്‍ സൈന്യത്തിന്റെ പ്രഫഷനലിസം നശിപ്പിക്കുന്ന പദ്ധതിയാണിതെന്ന് മുന്‍ സൈനിക ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ അഭിപ്രായപ്പെടുന്നു. സൈന്യത്തില്‍ തയാറെടുപ്പും പരിശീലനവും ക്ഷമയും പക്വതയും ആവശ്യമുള്ള സംഗതിയാണ്. പതിനേഴര വയസ്സുള്ള കുട്ടികളെ റിക്രൂട്ട് ചെയ്ത് കുറഞ്ഞ സമയം പരിശീലനം നല്‍കി സൈന്യത്തിലെടുക്കുന്നത് സൈനിക സേവനത്തിന്റെ ഗുണമേന്മയെ ബാധിക്കുമെന്നാണ് പരക്കെ ഉയരുന്ന വിമര്‍ശനം. പ്രതിരോധ മേഖലയില്‍ ചെലവു കുറക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ കുറുക്കുവഴിയാണ് ഈ പദ്ധതിയെന്ന വ്യാപക വിമര്‍ശനവുമുണ്ട്. വളരെ കുറഞ്ഞ വേതനത്തിന് കുറഞ്ഞ കാലത്തേക്ക് ആളുകളെ എടുത്ത് സേവനം അവസാനിപ്പിക്കുകയാണ് അഗ്‌നിപഥില്‍ ചെയ്യുന്നത്. 4 വര്‍ഷത്തിന് ശേഷം പിരിഞ്ഞുപോകുമ്പോള്‍ ഇവര്‍ക്ക് നിശ്ചിത തുക നല്‍കുക മാത്രമാണ് ചെയ്യുന്നത്. പെന്‍ഷനോ പൂര്‍വ സൈനികര്‍ക്ക് ലഭിക്കുന്ന മറ്റ് ആനുകൂല്യങ്ങളോ ഇവര്‍ക്ക് ലഭിക്കില്ല. ഓരോ വര്‍ഷവും ഇങ്ങനെ സൈന്യത്തിലേക്ക് താല്‍ക്കാലിക സര്‍വീസുകാരെ എടുത്ത് സാമ്പത്തിക ലാഭമുണ്ടാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമം. പ്രതിരോധ പെന്‍ഷന്‍ തുകയില്‍ ഗണ്യമായ കുറവുണ്ടാകും.

Category: News