എന്താണ് വിഷുക്കണി ?

April 14, 2022 - By School Pathram Academy

വിഷുക്കണി

കുടുംബത്തിലെ മുതിർന്ന സ്ത്രീകൾക്കാണ്‌ വിഷുക്കണി ഒരുക്കുവാനും അത്‌ കാണിക്കുവാനുമുള്ള ചുമതല. തേച്ചൊരുക്കിയ ഓട്ടുരുളിയിൽ അരിയും നെല്ലും ഉപയോഗിച്ച്‌ പാതി നിറച്ച്‌, കൂടെ അലക്കിയ , മുണ്ടും, പൊന്നും, വാൽക്കണ്ണാടിയും, കണിവെള്ളരിയും, കണിക്കൊന്നയും, പഴുത്ത അടയ്ക്കയും വെറ്റിലയും, കണ്മഷി, ചാന്ത്, സിന്തൂരം, നാരങ്ങ എന്നിവയും കിഴക്കോട്ട് തിരിയിട്ട് കത്തിച്ച നിലവിളക്കും, നാളികേരപാതിയും, ശ്രീകൃഷ്ണന്റെ വിഗ്രഹവും വെച്ചാണ്‌ വിഷുക്കണി ഒരുക്കുക. കണിക്കൊന്ന പൂക്കൾ വിഷുക്കണിയിൽ നിർബന്ധമാണ്‌. ഐശ്വര്യസമ്പൂർണ്ണമായ അതായത്‌ പ്രകാശവും, ധനവും, ഫലങ്ങളും, ധാന്യങ്ങളും എല്ലാം ചേർന്ന വിഷുക്കണി കണ്ടുണരുമ്പോൾ, പുതിയൊരു ജീവിതചംക്രമണത്തിലേക്കുള്ള വികാസമാണത്രെ സംഭവിക്കുക.

ചിലയിടങ്ങളിൽ കുറിക്കൂട്ടും, ഗ്രന്ഥവും, വെള്ളിപ്പണം, ചക്ക, മാങ്ങ മുതലായവയും കണിക്ക് വെയ്ക്കാറുണ്ട്‌. കത്തിച്ച ചന്ദനത്തിരിയും, വെള്ളം നിറച്ച ഓട്ടുകിണ്ടിയും,പുതിയ കസവുമുണ്ടും അടുത്തുണ്ടാവണം എന്നാണ്‌ പറയുന്നത്‌.

പ്രായമായ സ്ത്രീ രാത്രി കണി ഒരുക്കി ഉറങ്ങാൻ കിടക്കും. പുലർച്ചെ എഴുന്നേറ്റ് കണികണ്ട്, മറ്റുള്ളവരെ കണികാണിക്കും.

ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തി പുറകിൽ നിന്നും കണ്ണുപൊത്തി കൊണ്ടുപോയാണ്‌ കണികാണിക്കുന്നത്‌. കുടുംബാംഗങ്ങൾ എല്ലാവരും കണികണ്ടാൽ പിന്നെ വീടിന്റെ കിഴക്കുവശത്ത്‌ കണികൊണ്ടുചെന്ന് പ്രകൃതിയെ കണികാണിക്കണം, അതിനു ശേഷം ഫലവൃക്ഷങ്ങളേയും, വീട്ടുമൃഗങ്ങളേയും കണികാണിക്കുന്നു.

Category: News