എന്താണ് വിഷു ?
കേരളത്തിലെ കാർഷികോത്സവമാണ് വിഷു.
മലയാളമാസം മേടം ഒന്നിനാണ് വിഷു ആഘോഷിക്കുന്നത്. അടുത്ത ഒരു കൊല്ലത്തെ ഫലത്തെ കുറിച്ചും ഇക്കാലയളവിൽ ജനങ്ങൾ ചിന്തിക്കുന്നു. വിഷുഫലം എന്നാണ് ഇതിനു പറയുക. കേരളത്തിൽ മാത്രമല്ല അയൽ സംസ്ഥാനങ്ങളിൽ അതിർത്തിയോട് ചേർന്നു കിടക്കുന്ന പ്രദേശങ്ങളിലും വിഷു ആഘോഷിക്കാറുണ്ട്.
ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും സമാനമായ ആഘോഷങ്ങൾ ഉണ്ട്, അവയെല്ലാം ഭാരതത്തിൽ മുൻപ് നിലവിലിരുന്ന പഞ്ചാംഗം പ്രകാരമുള്ള വർഷാരംഭത്തിൻ്റെ ആഘോഷമാണ്.വിഷുവിനു ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങൾ അടുത്ത ഒരു കൊല്ലക്കാലം നിലനിൽക്കുന്നു എന്നാണ് വിശ്വാസം.
കേരളത്തിൽ ശ്രീകൃഷ്ണന്റെ ആരാധനയുമായി ബന്ധപ്പെട്ട് വിഷുവിന് പ്രാധാന്യമുണ്ട്. ഗുരുവായൂർ പോലെയുള്ള ശ്രീകൃഷ്ണക്ഷേത്രങ്ങളിൽ മേടവിഷു വളരെ പ്രാധാന്യത്തോടെ ആഘോഷിക്കാറുണ്ട്.വിഷുവം എന്നാൽ തുല്യമായത് എന്നാണർത്ഥം . അതായത് രാത്രിയും പകലും തുല്യമായ ദിവസം.അത് മാർച്ച് 21/22, സെപ്റ്റംബർ 21/22 ദിവസങ്ങളിലാണ്. ഈ ദിവസങ്ങളിലാണ് ഭൂമധ്യരേഖാ പ്രദേശത്ത് സൂര്യപ്രകാശം 180°യിൽ നേരെ പതിക്കുന്നത്.
ഇതേ പ്രതിഭാസം നമ്മുടെ നാട്ടിൽ നടക്കുന്നതിനെ വിഷു എന്നും പറയുന്നു..മേടം ഒന്നിന് മേട വിഷുവും തുലാം ഒന്നിനു തുലാ വിഷുവും ഉണ്ട്.ഒരു രാശിയിൽനിന്നും അടുത്ത രാശിയിലേക്ക് സൂര്യൻ പോകുന്നതിനെ സംക്രാന്തി എന്നു പറയുന്നു.സംക്രാന്തികളിലെ പ്രധാനമായത് മഹാവിഷു എന്നും പറയുന്നു. ഈ വിശേഷ ദിവസങ്ങൾ പണ്ടു മുതലേ ആഘോഷിച്ചു വരുന്നുണ്ടാവണം. സംഘകാലത്ത് ഇതിനെക്കുറിച്ച് പരാമർശങ്ങൾ പതിറ്റുപത്ത് എന്ന് കൃതിയിൽ ഉണ്ട്.
എന്നാൽ വർഷാരംഭമായി കേരളത്തിൽ ആചരിക്കുന്നത് ഒരു പക്ഷേ കൊല്ലവർഷാരംഭത്തോടെ ആയിരിക്കണം. വിഷുവങ്ങളിൽ പ്രധാനമായ മഹാവിഷു ഇപ്പൊൾ 24 ദിവസത്തോളം പിന്നിലാണ്. ഭൂമിയുടെ അച്ചുതണ്ടിന്റെ പുരസ്സരണം അണു് ഇതിന് കാരണം. പണ്ട് മേഷാദി മേടത്തിൽ ആയിരുന്നു. എന്നാൽ വിഷുവങ്ങളുടെ പുരസ്സരണം കാരണം മേഷാദി ഇപ്പോൾ മീനം രാശിയിൽ ആണ്. എന്നിട്ടും നമ്മൾ വിഷു ആഘോഷിക്കുന്നത് മേടത്തിൽ ആണ്. ഇതേ പോലെ തുലാദി ഇപ്പോൾ കന്നി രാശിയിൽ ആണ്.