എന്തൊരു മനുഷ്യനാണ് ഇയാൾ ഇങ്ങനയും ഉദ്യോഗസ്ഥർ ഉണ്ടാവുമോ ? ? ഒരു പക്ഷേ ഇനി ഉണ്ടാവില്ലായിരിക്കും

May 01, 2022 - By School Pathram Academy

എന്തൊരു മനുഷ്യനാണ് ഇയാൾ 🤔 ഇങ്ങനയും ഉദ്യോഗസ്ഥർ ഉണ്ടാവുമോ??

ഒരു പക്ഷേ ഇനി ഉണ്ടാവില്ലായിരിക്കും… അതാണ് ഞങ്ങളുടെ പ്രിയപ്പെട്ട, സംസ്ഥാനത്തെ മികച്ച വില്ലേജ് ഓഫീസർ ആയി തെരെഞ്ഞെടുക്കപ്പെട്ട ജയ്സൺ സാർ…

എന്റെ കടയുടെ അടുത്താണ് വില്ലേജ് ഓഫീസ്… അവിടെ രാത്രിയും വെളിച്ചമുണ്ടെങ്കിൽ അമ്പരക്കേണ്ട…. ജയ്സൺ സാറ് പോയിട്ടില്ല… ജോലിയിലാണ് 🌹

രാത്രി 8.15 നു ഞാൻ കടയടക്കുവാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങുമ്പോൾ സാർ ഓടുന്നത് കാണാം… നെടുംകണ്ടതിനുള്ള ബസ് പിടിക്കാനാണ് ആ ഓട്ടം… ഒരു മണിക്കൂറിൽ കൂടുതലുള്ള യാത്ര… അതും കഴിഞ്ഞു വീട്ടിലെത്തുമ്പോൾ 10 മണിയെങ്കിലും ആവില്ലേ…. എന്നും രാവിലേ 9 മണിക്ക് മുൻപ് ആള് ഓഫിസിൽ ഹാജർ…. ഞായറാഴ്ച ദിവസവും ലീവൊന്നുമില്ല കക്ഷി ഓഫീസിൽ തിരക്കിട്ട പണികളുമായി രാത്രിവരെ ഉണ്ടാവും…

2018 ലേ പ്രളയകാലം… കട്ടപ്പന സെന്റ് ജോർജ്ജ് സ്കൂളാണ് പ്രധാന ദുരിതാശ്വാസ ക്യാമ്പ്… മുഖ്യചുമതലയിൽ സാർ രാത്രിയും പകലും അവിടെ ഉണ്ട്‌… ഇടയ്ക്കിടെ ക്യാമ്പിൽ നിന്നും ഓഫിസിൽ ഓടി വന്നു ഫയലുകൾ ഒപ്പിട്ടു മടങ്ങുന്നത് കാണാം…. ഒരു ദിവസം രാത്രി 9 മണി കഴിഞ്ഞപ്പോൾ കടയിലേക്ക് കയറി വന്നു…. ഒരു പാന്റും ഷർട്ടും വേണം… എടുത്തു കൊടുത്തു… ഇന്നും വീട്ടിൽ പോകുന്നില്ലേ എന്ന് ചോദിച്ചപ്പോൾ ഒരു ചെറു ചിരി മാത്രം… ഇപ്പോൾ ആലപ്പുഴയ്ക്ക് പോകുകയാണു…. കട്ടപ്പന ക്യാമ്പിൽ അധികം വന്ന ഭക്ഷ്യ സാധനങ്ങളും വസ്ത്രങ്ങളും ആലപ്പുഴ കളക്റ്ററേ റ്റിൽ എത്തിക്കണം എന്ന് പറഞ്ഞു പെട്ടെന്ന് തന്നെ അദ്ദേഹം പോയി… പിറ്റേന്ന് രാവിലേ ഞാൻ കട തുറക്കുമ്പോൾ അതാ മുൻപിലൂടെ പോകുന്നു കക്ഷി 🤔 ഇന്നലെ രാത്രി വാങ്ങിയ ഡ്രസ്സ്‌ ധരിച്ചിട്ടുണ്ട്…. സാറിന്നലേ ആലപ്പുഴയ്ക്ക് പോകുന്നു എന്ന് പറഞിട്ട് പോയില്ലേ എന്ന് ഞാൻ ചോദിച്ചു…. പോയി…. ഇപ്പോൾ തിരികെ എത്തിയതേ ഉള്ളൂ…. ഇനി വീട്ടിൽ പോയാൽ താമസിക്കും… അത് കൊണ്ട് ഓഫിസിൽ നിന്ന് തന്നെ കുളിച്ചു റെഡി ആയി…. വാ പൊളിച്ചു നിന്ന് പോയി… രാത്രി മുഴുവൻ ലോറിയിൽ ഉള്ള യാത്ര… അതും ഞങ്ങളുടെ ഹൈറേഞ്ച് റോഡിലൂടെ ആടിയുലഞ്ഞു… ഒന്നുറങ്ങണം എന്ന് വച്ചാൽ കൂടി കഴിയില്ല 🙏 അപ്പോഴാണ് എടുക്കാവുന്ന ന്യായമായ ലീവ് പോലും എടുക്കാതെ, ഉറങ്ങാതെ ഈ മനുഷ്യൻ വീണ്ടും ജോലിക്ക് വന്നിരിക്കുന്നത്… അത്ഭുതമാണ് മാഷേ… നിങ്ങൾ ഞങ്ങൾ കട്ടപ്പനക്കാർക്ക് ….ഒരിക്കൽ മാത്രം കണ്ടു, ഭാര്യയും മക്കളുമൊത്തു കാപ്പി കുടിക്കാൻ മ്മ്‌ടെ ബേക്കറിയിൽ വന്നൊരു കാഴ്ച…. സത്യത്തിൽ അവർക്കും ഒരവാർഡ് കൊടുക്കണം… ഇദ്ദേഹത്തെ കർമ മണ്ഡലത്തിൽ അക്ഷീണം പ്രയത്നിക്കാൻ വിട്ടു കൊടുക്കുന്നതിനു… കട്ടപ്പനക്കാരുടെ പേരിൽ അവരോടു നന്ദി പറയുന്നു..അക്ഷയ സെന്ററിൽ നിന്ന് ആപ്ലിക്കേഷൻ കൊടുത്തു 15 മിനിറ്റ് കഴിയുമ്പോഴേക്കും വില്ലജ് ഓഫീസിൽ നിന്നും സർട്ടിഫിക്കറ്റ് റെഡി എന്ന മെസ്സേജ് ഫോണിൽ വരണമെങ്കിൽ സാറേ നിങ്ങൾ കട്ടപ്പനയിൽ ഉണ്ടാവണം 🙏നിങ്ങളെ പോലുള്ളവരെ സാറേ എന്ന് മനസ്സ് നിറഞ്ഞു തന്നെയാണ് ഞങ്ങൾ വിളിക്കുന്നത്‌ 🌹 ഔദ്യോഗിക മേഖലയിൽ കൂടുതൽ ഉയരങ്ങളിൽ എത്താൻ കഴിയട്ടെ എന്നാശംസിക്കുകയും ഈ പുരസ്‌കാരം അർഹതയ്ക്കുള്ള അംഗീകാരം തന്നെയാണെന്ന് അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്യുന്നു 🌹

Shanavas

Category: News