എറണാകുളം ജില്ലയിലെ മൂത്തകുന്നം SNMHSS ലെ അധ്യാപിക സിന്ധു ടീച്ചറെ പരിചയപ്പെടാം
2007 ൽ എറണാകുളം ജില്ലയിലെ ആലങ്ങാട് KEMHS ൽ യുപി വിഭാഗം ഹിന്ദി അദ്ധ്യാപികയായി തുടങ്ങിയ യാത്ര ഇപ്പോൾ മൂത്തകുന്നം SNMHSSൽ എത്തി നിൽക്കുന്നു.
എൻ്റെ 17 വർഷത്തെ അദ്ധ്യാപന ജീവിതത്തിൽ ഒരുപാട് വിദ്യാർത്ഥികളെ ഹിന്ദി ഭാഷാ പഠനത്തിലേയ്ക്ക് ആകർഷിക്കാൻ സാധിച്ചിട്ടുണ്ട്. അതു തന്നെയാണ് എൻ്റെ ഏറ്റവും വലിയ നേട്ടമെന്ന് ഞാൻ വിശ്വസിയ്ക്കുന്നു. ബുദ്ധിമാന്ദ്യമുള്ള എൻ്റെ ഏറ്റവും പ്രിയപ്പെട്ട വിദ്യാർത്ഥി ഹിന്ദി അക്ഷരം എന്നെ എഴുതി കാണിച്ചത് എൻ്റെ ജീവിതത്തിലെ ഏറ്റവും ആനന്ദകരമായ നിമിഷങ്ങളായിരുന്നു.
ഹിന്ദി ഭാഷാപഠനം സരളവും, ആകർഷണീയവുമാക്കി മാറ്റുന്നതിന് കവിതകൾക്ക് നല്ല ഈണം കൊടുത്തതും, അവ നൃത്ത രൂപത്തിൽ അവതരിപ്പിച്ചതും രക്ഷിതാക്കൾക്കിടയിൽ വളരെയധികം ശ്രദ്ധ പിടിച്ചു പറ്റി. അങ്ങനെ നാഷണൽ ചാനലിൽ എൻ്റെ ക്ലാസ്സും സംപ്രേഷണം ചെയ്യുകയുണ്ടായി.
കോവിഡിൻ്റെ തുടക്കത്തിൽ തന്നെ online classകൾ ആരംഭിച്ച് എൻ്റെ വിദ്യാർത്ഥികളെ പഠനത്തിൽ നിന്ന് വിട്ട് പോവാതെയും, അതോടൊപ്പം അവരുടെ മാനസികവും, ശാരീരികവുമായ പ്രശ്നങ്ങൾക്ക് താങ്ങും തണലുമാവാനും സാധിച്ചു. വീട്ടിലുള്ള മുത്തച്ഛൻ- മുത്തശ്ശിമാർക്കും, കുഞ്ഞു മക്കൾക്കും വിദ്യാർത്ഥികളോടൊപ്പം തന്നെ ഹിന്ദി പഠിക്കാൻ ഈ online classകൾ വളരെയധികം സഹായകരമായി എന്ന രക്ഷിതാക്കളുടെ അഭിപ്രായം വളരെയധികം പ്രചോദനം നൽകിയിട്ടുണ്ട്.
സുരീലി ഹിന്ദിയുടെ പഠന പ്രവർത്തനങ്ങളിലെ മികവിലൂടെ നോർത്ത് പറവൂർ BRC വിദ്യാലയത്തിനെ പ്രശംസിയ്ക്കുകയും ഉപജില്ലാതലത്തിലുള്ള സുരീലി ഹിന്ദിയുടെ സമാപന സമ്മേളനം ഞങ്ങളുടെ വിദ്യാലത്തിൽ വെച്ച് നടത്തുകയുമുണ്ടായി . അതിൽ കുട്ടികളുടെ മാഗസിനും, സുരീലി വാണിയും, കുട്ടികളുടെ അവതരണ രീതിയുമെല്ലാം ജില്ലാതലത്തിൽ പ്രശംസ പിടിച്ചു പറ്റി.
ഇതിലെല്ലാം ഉപരി കുട്ടികളുടെ സുഹൃത്തും, അമ്മയും, വഴി കാട്ടിയുമെല്ലാം ആവാൻ കഴിയുന്നത് വലിയൊരു ഭാഗ്യമായി കരുതുന്നു. അതുകൊണ്ട് തന്നെ ആദ്യമായി പഠിപ്പിച്ച ബാച്ചിലെ കുട്ടികൾ ലോകത്തിൻ്റെ എല്ലാ ഭാഗങ്ങളിലുള്ളവരും അദ്ധ്യാപക ദിനത്തിൽ എന്നെ മറക്കാതെ വിളിയ്ക്കുന്നതും എനിയ്ക്ക് വലിയ സന്തോഷം നൽകുന്നു.
അതുപോലെ തന്നെ കോവിഡ് കാലത്ത് ക്ലീൻ അരൂക്കുറ്റി ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ നമ്മുടെ സംസ്ഥാനത്തിലുടനീളം എല്ലാ ദിവസവും പോവുന്ന ഹിന്ദി വാർത്ത തയ്യാറാക്കി വായിയ്ക്കുവാനും ഒരവസരം ലഭിച്ചു. ഇപ്പോൾ 5 വർഷം കഴിഞ്ഞിട്ടും അത് അനുസ്യൂതം തുടരുന്നു.