എറണാകുളത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നല്‍കാൻ വൈകിയ സംഭവത്തിൽ ജില്ലാ കളക്ടര്‍ രേണു രാജിനെതിരെ ഹൈക്കോടതിയിൽ ഹര്‍ജി

August 04, 2022 - By School Pathram Academy

കൊച്ചി: എറണാകുളത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നല്‍കാൻ വൈകിയ സംഭവത്തിൽ ജില്ലാ കളക്ടര്‍ രേണു രാജിനെതിരെ ഹൈക്കോടതിയിൽ ഹര്‍ജി. വിഷയത്തിൽ കളക്ടറോട് റിപ്പോർട്ട് തേടണമെന്ന് ഹർജിയില്‍ ആവശ്യപ്പെടുന്നു. എറണാകുളം സ്വദേശി അഡ്വ. എം ആർ ധനിലാണ് ഹർജി നൽകിയിരിക്കുന്നത്.

അവധി പ്രഖ്യാപനത്തിന് മാർഗരേഖകളടക്കം വേണമെന്ന് ഹര്‍ജിക്കാരൻ ആവശ്യപ്പെടുന്നു. അവധി പ്രഖ്യാപനത്തിലെ ആശയക്കുഴപ്പം ബുദ്ധിമുട്ടുണ്ടാക്കിയെന്നും ഹർജിക്കാരൻ പറയുന്നു. രാവിലെ കുട്ടികൾ സ്കൂളിൽ എത്തിയശേഷം അവധി പ്രഖ്യാപിച്ചതിന് എറണാകുളം ജില്ലാ കളക്ടർ ഡോ. രേണുരാജിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ രക്ഷിതാക്കളുടെ ഉൾപ്പെടെയുള്ളവർ പ്രതിഷേധിച്ചിരുന്നു.

എറണാകുളം ജില്ലയിൽ ഇന്നലെ രാത്രി തുടങ്ങിയതാണ് കനത്ത മഴ. എന്നാൽ സ്കൂളുകൾക്ക് അവധി നൽകി കളക്ടറുടെ ഉത്തരവ് ഇറങ്ങിയത് ഇന്ന് രാവിലെ 8.25ന്. ഇതിനകം ഭൂരിഭാഗം കുട്ടികളും സ്കൂളിൽ എത്തിയിരുന്നു. പരീക്ഷകളും ഉച്ചഭക്ഷണത്തിനുള്ള ഒരുക്കങ്ങളും സ്കൂളുകളിൽ തുടങ്ങി. അതുകൊണ്ടു തന്നെ ഫലത്തിൽ അവധി പ്രഖ്യാപിച്ചതിന്റെ യാതൊരു ഗുണവും വിദ്യാർഥികൾക്കു ലഭിച്ചില്ലെന്നതാണ് മാതാപിതാക്കളെ പ്രകോപിപ്പിച്ചിരിക്കുന്നത്.

മിക്ക സ്കൂളുകളും കലക്ടറുടെ പ്രഖ്യാപനം അവഗണിച്ച് ക്ലാസ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. കേന്ദ്രീയ വിദ്യാലയം പതിവു പോലെ ക്ലാസ് നടക്കുമെന്നും ഉച്ചയ്ക്കു ശേഷം കുട്ടികളെ കൂട്ടിക്കൊണ്ടു പോകാമെന്നും മാതാപിതാക്കളെ അറിയിച്ചിട്ടുണ്ട്. ഭവൻസ് സ്കൂളിനും പതിവു പോലെ ക്ലാസുണ്ടാകുമെന്നും മാതാപിതാക്കൾക്ക് ആവശ്യമെങ്കിൽ കൂട്ടിക്കൊണ്ടു പോകാമെന്നുമാണ് അറിയിച്ചിരിക്കുന്നത്. പരീക്ഷകൾ മാറ്റി വച്ചിട്ടുണ്ട്. തേവര എസ്എച്ച് സ്കൂളിൽ കലക്ടർ അവധി പ്രഖ്യാപിക്കും മുമ്പു തന്നെ അവധി പ്രഖ്യാപിച്ചതിനാൽ കുട്ടികൾക്കു ബുദ്ധിമുട്ടുണ്ടായില്ല.

പ്രതിഷേധം കനത്തതോടെ വിശദീകരണവുമായി കളക്ടർ പുതിയ പോസ്റ്റിട്ടിരുന്നു. ”രാത്രിയിൽ ആരംഭിച്ച മഴ ഇപ്പോഴും നിലക്കാതെ തുടരുന്നതിനാലും അപകടങ്ങൾ ഒഴിവാക്കുന്നതിനുമാണ് അവധി പ്രഖ്യാപിച്ചത്. ഇതിനകം പ്രവർത്തനം ആരംഭിച്ച സ്കൂളുകൾ അടക്കേണ്ടതില്ല. സ്കൂളുകളിലെത്തിയ വിദ്യാർത്ഥികളെ തിരിച്ചയക്കേണ്ടതില്ലെന്നും അറിയിക്കുന്നു”- ഇതായിരുന്നു പോസ്റ്റ്

Category: News