എല്ലാ ശനിയാഴ്ചകളിലും സ്‌കൂള്‍തല എസ്.ആര്‍.ജി ചേരണം,ഓരോ അധ്യാപകനും ഓരോ വിഷയത്തിന്റെയും പ്ലാന്‍ തയ്യാറാക്കണം,പഠനപിന്തുണാ പ്രവര്‍ത്തനങ്ങള്‍ അതത് സ്‌കൂള്‍ തലത്തില്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കണം,പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി പ്രത്യേക കര്‍മ്മപദ്ധതി അതത് സ്‌കൂള്‍ തലത്തില്‍ തയ്യാറാക്കണം,പഠന വിടവ് പരിഹരിക്കുന്നതിനുളള വ്യക്തിഗത പിന്തുണ കുട്ടികള്‍ക്ക് നല്‍കണം….

February 13, 2022 - By School Pathram Academy

എല്ലാ ശനിയാഴ്ചകളിലും സ്‌കൂള്‍തല എസ്.ആര്‍.ജി ചേര്‍ന്ന് പാഠഭാഗങ്ങളുടെ പൂര്‍ത്തീകരണം സംബന്ധിച്ച് ചര്‍ച്ച ചെയ്യുകയും കുട്ടികളുടെ പഠനനേട്ടം ഉറപ്പു വരുത്തുന്നതിന് അനുയോജ്യമായ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കേണ്ടതുമാണ്.

 

എസ്.എസ്.എല്‍.സി പരീക്ഷയുമായി ബന്ധപ്പെട്ട് ഓരോ അധ്യാപകനും ഓരോ വിഷയത്തിന്റെയും പ്ലാന്‍ തയ്യാറാക്കി എത്ര ശതമാനം പാഠഭാഗങ്ങള്‍ പൂര്‍ത്തീകരിച്ചു എന്നതു സംബന്ധിച്ച റിപോര്‍ട്ട് പ്രധാനധ്യാപകര്‍ മുഖാന്തിരം ബന്ധപ്പെട്ട ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്ക് എല്ലാ ശനിയാഴ്ചയും നല്‍കേണ്ടതാണ്.

 

ക്രോഡീകരിച്ച റിപോര്‍ട്ട് വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് എല്ലാ തിങ്കളാഴ്ചയും നല്‍കേണ്ടതാണ്.

 

പ്ലസ്ടു പരീക്ഷയുമായി ബന്ധപ്പെട്ട് ഓരോ അധ്യാപകനും ഓരോ വിഷയത്തിന്റെയും പ്ലാന്‍ തയ്യാറാക്കി എത്ര ശതമാനം പാഠഭാഗങ്ങള്‍ പൂര്‍ത്തീകരിച്ചു എന്നതു സംബന്ധിച്ച റിപോര്‍ട്ട് പ്രിന്‍സിപ്പല്‍മാര്‍ മുഖാന്തിരം ബന്ധപ്പെട്ട റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്ക് എല്ലാ ശനിയാഴ്ചയും നല്‍കേണ്ടതാണ്.

 

 

ക്രോഡീകരിച്ച റിപോര്‍ട്ട് റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് എല്ലാ തിങ്കളാഴ്ചയും നല്‍കേണ്ടതാണ്.

 

എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി മോഡല്‍ പരീക്ഷയുടെ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ പൊതുപരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് വേണ്ട പഠനപിന്തുണാ പ്രവര്‍ത്തനങ്ങള്‍ അതത് സ്‌കൂള്‍ തലത്തില്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കേണ്ടതാണ്.

 

പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി പ്രത്യേക കര്‍മ്മപദ്ധതി അതത് സ്‌കൂള്‍ തലത്തില്‍ തയ്യാറാക്കി പ്രസ്തുത കുട്ടികളെയും പരീക്ഷയ്ക്ക് തയ്യാറാക്കേണ്ടതാണ്.

 

പഠന വിടവ് പരിഹരിക്കുന്നതിനുളള വ്യക്തിഗത പിന്തുണ കുട്ടികള്‍ക്ക് നല്‍കേണ്ടതാണ്.

 

ഭിന്നശേഷി കുട്ടികളുടെ കാര്യത്തില്‍ ഇതു സംബന്ധിച്ച് പ്രത്യേകമായ ഊന്നല്‍ നല്‍കേണ്ടതാണ്. ഡിജിറ്റല്‍/ഓണ്‍ലൈന്‍ ക്ലാസുകളും പിന്തുണാ പ്രവര്‍ത്തനങ്ങളും ആവശ്യാനുസരണം തുടരുന്നതാണ്.

 

അതിനനുസൃതമായ സമ്മിശ്രരീതിശാസ്ത്രം അധ്യാപകര്‍ അവലംബിക്കേണ്ടതാണ്. എസ്.സി.ഇ.ആര്‍.ടി യും ഡയറ്റുകളും അനുബന്ധമായ പിന്തുണ ഇക്കാര്യത്തില്‍ നല്‍കുന്നതാണ്.

 

വിദ്യാഭ്യാസ ഓഫിസര്‍മാര്‍ പരമാവധി സ്‌കൂളുകള്‍ സന്ദര്‍ശിച്ച് പാഠഭാഗങ്ങളുടെ വിനിമയം സംബന്ധിച്ചും, പൊതുപരീക്ഷകളുടെ മുന്നൊരുക്കം സംബന്ധിച്ചും വിലയിരുത്തലുകള്‍ നടത്തേണ്ടതും ആയത് സംബന്ധിച്ച റിപ്പോര്‍ട്ട് ഡി.ഡി.ഇ/ആര്‍.ഡി.ഡി/ എ.ഡി തലത്തില്‍ ക്രോഡീകരിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കൈമാറേണ്ടതാണ്.