എല്ലാ സ്‌കൂളുകളിലും കൈറ്റിന്റെ ഇ-ലാംഗ്വേജ് ലാബുകൾ

March 11, 2022 - By School Pathram Academy

എല്ലാ സ്‌കൂളുകളിലും കൈറ്റിന്റെ ഇ-ലാംഗ്വേജ് ലാബുകൾ

ഹൈടെക് സ്‌കൂൾ, ഹൈടെക് ലാബ് പദ്ധതികളുടെ തുടർച്ചയായി പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്‌കരിച്ച ‘ഇ-ക്യൂബ് ഇംഗ്ലീഷ്’ പദ്ധതിയുടെ ഭാഗമായി എല്ലാ സ്‌കൂളുകളിലും സ്വതന്ത്ര സോഫ്റ്റ്‌വെയർ അധിഷ്ഠിത ഇ-ലാംഗ്വേജ് ലാബുകൾ സ്ഥാപിക്കുന്ന പദ്ധതിക്ക്  (മാർച്ച് 11) തുടക്കമാകും. സർക്കാരിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായി ഇ-ക്യൂബ് ഇംഗ്ലീഷ് ഇ-ലാംഗ്വേജ് ലാബ് പദ്ധതി എല്ലാ സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഉദ്ഘാടനം പൂജപ്പുര ജി.യു.പി എസ്-ൽ വൈകിട്ട് 3.30ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും.

നിലവിലുള്ള പാഠ്യപദ്ധതിയെയും പഠന പ്രക്രിയകളെയും അടിസ്ഥാനപ്പെടുത്തി ആസ്വാദ്യകരമായ അന്തരീക്ഷത്തിൽ കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം നേടാൻ സഹായിക്കുന്ന തരത്തിൽ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ആണ് സ്വതന്ത്ര സോഫ്റ്റ്‌വെയറിൽ അധിഷ്ഠിതമായ ഇ-ലാംഗ്വേജ് ലാബ് ഡിജിറ്റൽ ഇന്ററാക്ടീവ് മൾട്ടി മീഡിയ സോഫ്റ്റ്‌വെയർ സജ്ജമാക്കിയത്. ഒന്നു മുതൽ ഏഴു വരെ ക്ലാസുകളിലെ കുട്ടികൾക്ക് നാലു വ്യത്യസ്ത തലങ്ങളിലുള്ള ഉള്ളടക്കവുമായാണ് ഇ-ലാംഗ്വേജ് ലാബിന്റെ ആദ്യഘട്ടം. വിദ്യാർത്ഥികൾക്ക് ശബ്ദം, വീഡിയോ എന്നിവ റെക്കോർഡ് ചെയ്യാനും എഡിറ്റിംഗിനും ഒരു കമ്പ്യൂട്ടർ ഗെയിം പോലെ മിക്ക പ്രവർത്തനങ്ങളും കളികളിലൂടെ പൂർത്തിയാക്കാനും സോഫ്റ്റ്‌വെയറിൽ സൗകര്യമുണ്ട്. സ്റ്റുഡന്റ് മൊഡ്യൂളിനു പുറമെ ഓരോ വിദ്യാർഥിയുടേയും പഠന പുരോഗതി വിലയിരുത്താനും പിന്തുണ നൽകാനും അദ്ധ്യാപകരെ സഹായിക്കുന്ന ടീച്ചിംഗ് മൊഡ്യൂളും പ്രഥമാധ്യാപകർക്ക് മോണിറ്ററിംഗിനുള്ള പ്രത്യേക മൊഡ്യൂളും ഇ-ലാംഗ്വേജ് ലാബിലുണ്ട്.

ഇ-ക്യൂബ് പദ്ധതിയുടെ ഭാഗമായി നേരത്തെ സമഗ്ര പോർട്ടലിൽ ഇ-ലൈബ്രറിയും കൈറ്റ് വിക്‌ടേഴ്‌സിൽ ഇ-ബ്രോഡ്കാസ്റ്റും ഒരുക്കിയതിന്റെ തുടർച്ചയാണ് ഇ-ലാംഗ്വേജ് ലാബ്. ഇന്റർനെറ്റ് സൗകര്യമോ, സെർവർ സ്‌പേസോ, പ്രത്യേക നെറ്റ്‌വർക്കിംഗോ ആവശ്യമില്ലാതെ സ്‌കൂളുകളിൽ ലഭ്യമായിട്ടുള്ള ലാപ്‌ടോപ്പിലെ വൈഫൈ സംവിധാനം പ്രയോജനപ്പടുത്തിക്കൊണ്ടുള്ള ഇ-ലാംഗ്വേജ് സംവിധാനം സ്‌കൂളുകളിലെ 1.2 ലക്ഷം ലാപ്‌ടോപ്പുകളിലും ഒരുക്കാനാകുമെന്ന് കൈറ്റ് സി.ഇ.ഒ കെ.അൻവർ സാദത്ത് പറഞ്ഞു.

ഓരോ ഘട്ടത്തിലും കുട്ടി നേടേണ്ട അറിവിനെ അടിസ്ഥാനമാക്കിയാണ് യൂണിറ്റുകൾ ക്രമീകരിച്ചിരിക്കുന്നത്. കഥകൾ കേൾക്കുന്നതിനും വായിക്കുന്നതിനും അവയുടെ ചിത്രീകരണം, അനിമേഷനുകൾ എന്നിവ കാണുന്നതിനും സോഫ്റ്റ്‌വെയറിൽ സംവിധാനമൊരുക്കിയിട്ടുണ്ട്. ഇംഗ്ലീഷിൽ കുട്ടികൾക്ക് ആത്മവിശ്വാസത്തോടെ കേൾക്കാനും സംസാരിക്കാനും വായിക്കാനും പിന്നീട് എഴുതുവാനും ഉള്ള കഴിവുകൾ വികസിപ്പിക്കുവാനായി പല തലങ്ങളിലായി വികസിപ്പിച്ച നൂതന സങ്കേതമാണ് ഇ-ലാംഗ്വേജ് ലാബ് എന്നത്. അതാവട്ടെ പൊതുസമൂഹത്തിന് സ്വതന്ത്രമായി ഉപയോഗിക്കാൻ കഴിയുന്നു എന്നതാണ് ഈ പദ്ധതിയുടെ പ്രാധാന്യം. വിദ്യാർത്ഥകൾക്ക് വർക്ക് ഷീറ്റുകൾ തയ്യാറാക്കി സമർപ്പിക്കാനും ഇ-ലാംഗ്വേജ് ലാബിൽ സൗകര്യമുണ്ട്.

Category: News