എല്ലാ സ്‌കൂളുകളെയും പൂര്‍ണമായും ഹൈടെക്ക് ആക്കുക അടുത്ത ലക്ഷ്യം: മന്ത്രി വി.ശിവന്‍കുട്ടി വായ്ക്കര ഗവ. യു.പി സ്‌കൂളിലെ പുതിയ കെട്ടിടവും പ്രവേശന കവാടവും നാടിന് സമര്‍പ്പിച്ചു
എല്ലാ സ്‌കൂളുകളെയും പൂര്‍ണമായും ഹൈടെക്ക് ആക്കുക അടുത്ത ലക്ഷ്യം: മന്ത്രി വി.ശിവന്‍കുട്ടി
വായ്ക്കര ഗവ. യു.പി സ്‌കൂളിലെ പുതിയ കെട്ടിടവും പ്രവേശന കവാടവും നാടിന് സമര്‍പ്പിച്ചു
സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും പൂര്‍ണമായും ഹൈടെക്ക് ആയ ക്ലാസ് മുറികളും ലാബുകളും ലൈബ്രറികളും ഉറപ്പാക്കുക എന്നതാണ് വിദ്യാഭ്യാസ രംഗത്ത് സംസ്ഥാന സര്‍ക്കാരിന്റെ അടുത്ത ലക്ഷ്യമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. വായ്ക്കര ഗവ. യു.പി സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം നമ്മുടെ വിദ്യാഭ്യാസ മേഖലയ്ക്ക് നല്‍കിയ സംഭാവനകള്‍ ചെറുതല്ല. പൊതുവിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തില്‍ വന്‍ കുതിച്ചുചാട്ടമാണ് കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളില്‍ സംഭവിച്ചത്. ആ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും ഹൈടെക്ക് ആയ വിദ്യാലയങ്ങള്‍ എന്ന അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്. കോവിഡ് പ്രതിസന്ധിയെ അതിജീവിച്ച് പുതിയ അധ്യയന വര്‍ഷത്തിലേക്ക് പ്രവേശിച്ചെങ്കിലും ഇനിയും ജാഗ്രത ആവശ്യമാണ്. സ്‌കൂളുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിക്കണമെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.
എല്‍ദോസ് കുന്നപ്പിള്ളില്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 41.2 ലക്ഷം ഉപയോഗിച്ചാണ് വായ്ക്കര ഗവ. യു.പി സ്‌കൂളിലെ പുതിയ കെട്ടിടം നിര്‍മ്മിച്ചത്. ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി സ്മാരകമായി രായമംഗലം ഗ്രാമപഞ്ചായത്ത് നിര്‍മിച്ചുനല്‍കിയ സ്‌കൂള്‍ പ്രവേശനകവാടവും മന്ത്രി നാടിന് സമര്‍പ്പിച്ചു. ഉദ്ഘാടന ശേഷം മന്ത്രി കുട്ടികള്‍ക്കൊപ്പം ക്ലാസ് മുറിയില്‍ അല്പനേരം ചെലവഴിക്കുകയും വിശേഷങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു.
എല്‍ദോസ് കുന്നപ്പിള്ളില്‍ എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസില്‍ പോള്‍, രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.പി അജയകുമാര്‍, അശമന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജി ഷാജി, ജില്ലാ പഞ്ചായത്തംഗങ്ങളായ ഷൈമി വര്‍ഗീസ്, ശാരദ മോഹന്‍, രായമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീപ ജോയി, ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍,
ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷര്‍, ഗ്രാമപഞ്ചായത്തംഗങ്ങള്‍, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍, സ്‌കൂള്‍ ഹെഡ്മിസ്ട്രസ്, അധ്യാപകര്‍, പി.ടി.എ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.