എഴുത്തുപച്ച …കുട്ടികളുടെ സര്‍ഗാത്മക രചനകളെ പ്രോത്സാഹിപ്പിക്കുന്നതിനും എല്ലാ കുട്ടികളെയും സ്വതന്ത്രവായനക്കാരാക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ പദ്ധതി സമഗ്രശിക്ഷാ കേരളം നടപ്പിലാക്കിയത്

June 07, 2022 - By School Pathram Academy

കോവിഡ് വ്യാപനം മൂലം കഴിഞ്ഞ വര്‍ഷം സ്കൂളുകള്‍ അടഞ്ഞുകിടന്നപ്പോള്‍ സമഗ്ര ശിക്ഷാ കേരളത്തിന്‍റെ നേതൃത്വത്തില്‍ ഒന്നു മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ സര്‍ഗവാസന പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി സാഹിത്യ രചനാ സൃഷ്ടികള്‍ ക്ഷണിച്ചിരുന്നു.

കുട്ടികളില്‍ നിന്നും ലഭിച്ച മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നട, അറബിക്, ഉറുദു, സംസ്കൃതം എന്നീ ഭാഷകളിലുള്ള സാഹിത്യസൃഷ്ടികള്‍ ബി.ആര്‍.സി.കള്‍ വഴി എസ്.എസ്.കെ.യുടെ ജില്ലാ ഓഫീസുകളില്‍ എത്തിച്ചു. ഇതിൽ നിന്ന് ജില്ലകളില്‍ പ്രാഥമിക പരിശോധന നടത്തി മികച്ച രചനകള്‍ തെരഞ്ഞെടുക്കുകയായിരുന്നു .

 

ഈ രചനകള്‍ തയാറാക്കിയ കുട്ടികളെയും സാഹിത്യകാരന്മാരെയും വിദഗ്ധരെയും പങ്കെടുപ്പിച്ച് ജില്ലകളില്‍ സാഹിത്യക്യാമ്പുകള്‍ സംഘടിപ്പിച്ചു. ജില്ലാതല സാഹിത്യക്യാമ്പുകളില്‍ നിന്നും ലഭിച്ച നിര്‍ദേശങ്ങളുടെയും അനുഭവങ്ങളുടെയും അഭിപ്രായങ്ങളുടെയും അടിസ്ഥാനത്തില്‍ കുട്ടികള്‍ അവരവരുടെ സാഹിത്യ രചനകള്‍ മെച്ചപ്പെടുത്തുകയും അവ എഡിറ്റ് ചെയ്യുകയുമുണ്ടായി. ഇപ്രകാരം എസ്.എസ്.കെ. സംസ്ഥാന ഓഫീസില്‍ ലഭ്യമായ സാഹിത്യരചനകള്‍ വിദഗ്ധരുടെ സൂക്ഷ്മ പരിശോധനയും അവശ്യംവേണ്ട തിരുത്തലുകളും വരുത്തി ഒന്നു കൂടി മെച്ചപ്പെടുത്തിയ ശേഷം പുസ്തക രൂപത്തിലാക്കി.

 

അപ്രകാരം 55 പുസ്തകങ്ങള്‍ വിവിധ ഭാഷകളിലായി തയാറാക്കി. പ്രസ്തുത പുസ്തകങ്ങള്‍ക്ക് ‘എഴുത്തുപച്ച’ എന്ന് പേരിട്ടു. ഈ പുസ്തകങ്ങള്‍ എസ്.സി.ഇ.ആര്‍.ടി.യുടെ അംഗീകാരത്തോടെ പ്രിന്‍റിംഗിന് സി-ആപ്റ്റിനെ ചുമതലപ്പെടുത്തുകയും ചെയ്തു. പ്രസ്തുത പുസ്തകങ്ങള്‍ പ്രിന്‍റ് ചെയ്ത് എല്ലാ സര്‍ക്കാര്‍ സ്കൂളുകള്‍ക്കും വിതരണം ചെയ്യും. ഇതു കൂടാതെ സാഹിത്യരചനകള്‍ നടത്തിയ എല്ലാ കുട്ടികള്‍ക്കും അവരുടെ രചനകള്‍ ഉള്‍പ്പെട്ട പ്രിന്‍റ് ചെയ്ത ഓരോ പുസ്തകം വീതം നല്‍കും.

 

എഴുത്തുപച്ച ‘പുസ്തകങ്ങളുടെ മുഖചിത്രങ്ങള്‍ വരച്ചിട്ടുള്ളതും പൊതുവിദ്യാലയങ്ങളിലെ കുട്ടികള്‍ തന്നെയാണ്. 55 പുസ്തകങ്ങളിലെ സാഹിത്യരചനകള്‍ 728 കുട്ടികളുടെതും പുസ്തകങ്ങളിലെ മുഖചിത്രങ്ങള്‍ 100 കുട്ടികള്‍ വരച്ചതും ആണ്. സംസ്ഥാനത്ത് ആദ്യമായിട്ടാണ് കുട്ടികള്‍ എഴുതി തയാറാക്കിയ സാഹിത്യസൃഷ്ടികള്‍ പ്രിന്‍റ് ചെയ്ത് എല്ലാ സര്‍ക്കാര്‍ സ്കൂള്‍ ലൈബ്രറികള്‍ക്കും നല്‍കുന്നത്. കുട്ടികളുടെ സര്‍ഗാത്മക രചനകളെ പ്രോത്സാഹിപ്പിക്കുന്നതിനും എല്ലാ കുട്ടികളെയും സ്വതന്ത്രവായനക്കാരാക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ പദ്ധതി സമഗ്രശിക്ഷാ കേരളം നടപ്പിലാക്കിയത്.

 

ഈ പദ്ധതിയുടെ ഭാഗമായി കുഞ്ഞു സാഹിത്യകാരന്‍മാര്‍ക്ക് സ്കൂള്‍ ലൈബ്രറിയില്‍ സ്വന്തം പുസ്തകവും കാണാം . സ്കൂള്‍ ലൈബ്രറിയില്‍ പ്രമുഖ സാഹിത്യകാരന്മാരുടെ പുസ്തകങ്ങള്‍ക്കൊപ്പമാകും കുട്ടികളുടെ രചനകള്‍ക്കും ഇടമൊരുക്കുക. കുട്ടികളുടെ സാഹിത്യസൃഷ്ടികള്‍ ക്ലാസ് മുറിയിലെ പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായോ സ്വതന്ത്രവായനയ്ക്കോ ഈ പദ്ധതി വഴി പ്രയോജനപ്പെടുത്താന്‍ അവസരം ലഭിക്കും.

ഈ വര്‍ഷം ഈ പരിപാടി കൂടുതല്‍ വിപുലമായ രീതിയില്‍ സംഘടിപ്പിച്ച് കുട്ടികളുടെ രചനകള്‍ ഉള്‍പ്പെടുത്തി പുസ്തകങ്ങള്‍ തയാറാക്കി സര്‍ക്കാര്‍ സ്കൂളുകള്‍ ലൈബ്രറികള്‍ക്ക് നല്‍കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നുണ്ട്.

Category: News