എഴുപത്തഞ്ചാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ആസാദി കി അമൃത് മഹോത്സവിന്റെ ഭാഗമായി എല്ലാ വീടുകളിലും ഓഗസ്റ്റ് 13 മുതൽ 15 വരെ ദേശീയ പതാക ഉയർത്തണം
ഇന്ത്യയുടെ എഴുപത്തഞ്ചാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ആസാദി കി അമൃത് മഹോത്സവിന്റെ ഭാഗമായി രാജ്യത്തിലെ എല്ലാ വീടുകളിലും ഓഗസ്റ്റ് 13 മുതൽ 15 വരെ ദേശീയ പതാക ഉയർത്തുകയോ പ്രദർശിപ്പിക്കുകയോ ചെയ്യണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിട്ടുണ്ട്. ഫ്ലാഗ് കോഡിൽ സർക്കാർ ഭേദഗദി വരുത്തിയതനുസരിച്ച് പൗരന്മാർക്ക് തങ്ങളുടെ വീടുകളിൽ രാത്രിയും പകലും ത്രിവർണ്ണ പതാക പ്രദർശിപ്പിക്കാവുന്നതാണ്. ഇതോടനുബന്ധിച്ച് എല്ലാ സർക്കാർ ഓഫീസുകളിലും ടോൾ പ്ലാസകളിലും ക്യാമ്പയിൻ കാലയളവിൽ ദേശീയ പതാക ഉയർത്താനും സമൂഹമാധ്യമങ്ങളിലെ പ്രൊഫൈൽ പിക്ച്ചർ ദേശീയ പതാകയാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
പതാക ഉയർത്തുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ:
1) ദേശീയ പതാകയ്ക്ക് അതിന്റേതായിട്ടുള്ള ബഹുമാനവും ആദരവും നൽകേണ്ടതാണ്.
2) ദേശീയ പതാക മറ്റു പതാകകളുടെ കൂടെ ഒരേസമയം ഒരേ ഉയരത്തിൽ പറത്താൻ പാടില്ല.
3) കൈത്തറിയോ യന്ത്ര നിർമ്മിതമോ ആയ പതാക ഉപയോഗിക്കാവുന്നതാണ്. കോട്ടൺ, പോളിസ്റ്റർ, പട്ട്, കമ്പിളി, ഖാദി എന്നീ തുണിത്തരങ്ങളുമാകാം.
4) കേടുപാട് വന്നതോ അല്ലെങ്കിൽ അഴുകിയതോ ആയ ദേശീയ പതാകകൾ ഉപയോഗിക്കാതിരിക്കുക.
5) ചതുരാകൃതിയിൽ നിങ്ങൾക്ക് അനുയോജ്യമായ വലുപ്പത്തിൽ 3:2 (നീളം: വീതി) എന്ന അനുപാതത്തിൽ ദേശീയ പതാക നിർമ്മിക്കാവുന്നതാണ്.
6) തിരശ്ച്ചീനമായി ഉയർത്തുന്ന പതാകയിൽ മുകളിൽ കുങ്കുമ നിറവും നടുക്ക് വെള്ളയും താഴെ പച്ചയും നിറം തന്നെ വരുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
7) വീട്ടിലോ പുറത്തോ പതാക ഉയർത്തിയാൽ ആ പതാക രാത്രിയും പകലും പ്രദർശിപ്പിക്കാവുന്നതാണ്.