എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ച ജിഎസ്ല്ലയിലെ വിദ്യാര്‍ഥികളെയും 100% വിജയം കൈവരിച്ച സ്‌കൂളുകളെയും അനുമോദിച്ചു
കഠിനാധ്വാനത്തോടൊപ്പം ബൗദ്ധികമായി പ്രതിസന്ധികളെ നേരിടുന്ന ‘സ്മാര്‍ട്ട് വര്‍ക്കി’ന്റെ കാലഘട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ അത്തരത്തില്‍ ഒരുങ്ങണമെന്ന് ഹൈബി ഈഡന്‍ എം.പി പറഞ്ഞു. എറണാകുളം ടൗണ്‍ഹാളില്‍ ജില്ലാ പഞ്ചായത്തും ലോജിക് സ്‌കൂള്‍ ഓഫ് മാനേജ്മെന്റ്‌റും ചേര്‍ന്ന് സംഘടിപ്പിച്ച പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ച ജിഎസ്ല്ലയിലെ വിദ്യാര്‍ഥികളെയും 100% വിജയം കൈവരിച്ച സ്‌കൂളുകളെയും അനുമോദിക്കുന്നതിനായി ജില്ലാ പഞ്ചായത്തിന്റെയും ലോജിക് സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റിന്റെയും നേതൃത്വത്തിലാണ് പ്രതിഭാസംഗമം സംഘടിപ്പിച്ചത്.
ലോകത്തിന്റെ ഏതു കോണിലും ഏതു കോഴ്‌സുകളും പഠിക്കാനും പരിചയപ്പെടാനുമുള്ള സാഹചര്യം ഇന്ന് നിലവിലുണ്ട്. ജാതിയുടെയും ലിംഗത്തിന്റെ പേരില്‍ വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന സാഹചര്യം രാജ്യത്തിന്റെ പല ഭാഗത്തും നിലനില്‍ക്കുമ്പോള്‍ കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല എല്ലാ വിഭാഗങ്ങളുടെയും പ്രാതിനിധ്യം ഉറപ്പാക്കുന്നുണ്ട്. അറിവിന്റെ നിരവധിയായ ശ്രോതസുകളെ വിദ്യാര്‍ത്ഥികള്‍ ഉപയോഗപ്പെടുത്തണമെന്നും എം.പി പറഞ്ഞു.
ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് ചടങ്ങില്‍ മുഖ്യാഥിതിയായി. വിദ്യാര്‍ത്ഥികള്‍ മുന്നോട്ടുള്ള ജീവിതത്തിലും എ പ്ലസ് നേടാനായി ശ്രമിക്കണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. പരീക്ഷകളിലെ മികച്ച വിജയം മുന്നോട്ടുള്ള ജീവിതത്തിനു പ്രചോദനം നല്‍കും. എന്നാല്‍ പ്രതിസന്ധികള്‍ ഉണ്ടാകുമ്പോള്‍ തരണം ചെയ്യാനുള്ള ആത്മബലം വിദ്യാര്‍ത്ഥികള്‍ വളര്‍ത്തിയെടുക്കേണ്ടത് അത്യാവശ്യമാണ്. സ്‌കൂള്‍ പാഠ്യപദ്ധതിതിയില്‍ വ്യക്തിത്വ വികസന പ്രവര്‍ത്തനങ്ങള്‍ കൂടി ഉള്‍കൊള്ളിക്കാന്‍ സ്‌കൂളുകള്‍ക്ക് സാധിക്കണമെന്നും കളക്ടര്‍ പറഞ്ഞു.
ജില്ലയിലെ സ്‌കൂളുകള്‍ക്ക് മികച്ച സൗകര്യങ്ങള്‍ ഒരുക്കിയ ജില്ലാ പഞ്ചായത്തിനുള്ള പുരസ്‌കാരം ജില്ലാ കളക്ടര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസിന് കൈമാറി. നൂറു ശതമാനം വിജയം നേടിയ സ്‌കൂളുകള്‍ക്കുള്ള പുരസ്‌കാരം ചടങ്ങില്‍ വിതരണം ചെയ്തു. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കു സര്‍ട്ടിഫിക്കറ്റും ഉപഹാരവും കൈമാറി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോര്‍ജ്, വിദ്യാഭ്യാസകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.ജെ ജോമി, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഹണി ജി. അലക്‌സാണ്ടര്‍, ലോജിക് സ്‌കൂള്‍ ഓഫ് മാനേജ്മെന്റ് അക്കാഡമിക് ഹെഡ് പ്രശാന്ത് ബാലചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.