എസ് സി ഇ ആർ ടി നടത്തുന്ന എല്ലാ അക്കാദമിക പ്രവർത്തനങ്ങളിലും കുട്ടികളുടെയും രക്ഷിതാക്കളുടെയും പ്രതിനിധികളെ കൂടി ഉൾപ്പെടുത്തുന്നു

April 05, 2022 - By School Pathram Academy

സംസ്ഥാനത്തെ വിദ്യാഭ്യാസ നയരൂപീകരണത്തിൽ ഇനി കുട്ടികൾക്കും രക്ഷിതാക്കൾക്കും അഭിപ്രായം രേഖപ്പെടുത്താൻ അവസരം. പൊതുവിദ്യാഭ്യാസത്തിന്റെ അക്കാദമിക അതോറിറ്റി ആയ എസ് സി ഇ ആർ ടി നടത്തുന്ന എല്ലാ അക്കാദമിക പ്രവർത്തനങ്ങളിലും കുട്ടികളുടെയും രക്ഷിതാക്കളുടെയും പ്രതിനിധികളെ കൂടി ഉൾപ്പെടുത്തും. വിദ്യാഭ്യാസ ചർച്ചകൾ, ശിൽപശാലകൾ, സെമിനാറുകൾ ഇവിടങ്ങളിലൊക്കെ കുട്ടികൾക്ക് സ്ഥാനം ഉണ്ടാകും.

കുട്ടികൾ എന്ത്,എങ്ങനെ,എപ്പോൾ, എവിടെവച്ച് പഠിക്കണം എന്നിവയൊക്കെ വിദഗ്ധരും അധ്യാപകരും മാത്രമാണ് ചർച്ച ചെയ്തു തീരുമാനിച്ചിരുന്നത്. ഇവിടെയൊക്കെ തുടർന്നങ്ങോട്ട് കുട്ടികളുടെ അഭിപ്രായം കൂടി കേൾക്കും. ആവശ്യഘട്ടങ്ങളിൽ രക്ഷിതാക്കളെയും പങ്കെടുപ്പിക്കും.

സംസ്ഥാനത്തെ വിവിധ വിദ്യാലയങ്ങളിൽ നിന്ന് താല്പര്യമുള്ള വിദ്യാർഥികൾക്ക് ഇത്തരം പ്രവർത്തനങ്ങളിൽ പങ്കെടുക്കാനുള്ള എല്ലാ സഹായവും എസ് സി ഇ ആർ ടി നൽകും. അക്കാദമിക വിദഗ്ധരുടേയും അധ്യാപകരുടെയും മുന്നിൽ തങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവയ്ക്കാൻ ലഭിക്കുന്ന അവസരം കുട്ടികൾക്ക് മികച്ച അനുഭവം തന്നെയായിരിക്കും . വിദ്യാഭ്യാസ രംഗം കൂടുതൽ വിദ്യാർത്ഥി കേന്ദ്രീകൃതമാകാനുള്ള അവസരമാണ് ഉണ്ടായിരിക്കുന്നത്.

ഈ വർഷം തന്നെ 10, 12 ക്ലാസുകളിലെ പൊതു പരീക്ഷയുടെ ചോദ്യപേപ്പറുകൾ വിലയിരുത്താൻ കുട്ടികൾക്ക് അവസരം നൽകുന്നുണ്ട്. ഇതിന്റെ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്.

Category: News