ഏഴാംക്ലാസ് മുതൽ ലഹരി ഉപയോഗം; നമ്മുടെ ഭാവി തലമുറ എങ്ങോട്ട് ? കൈവിട്ടോ കുട്ടികൾ ?

August 28, 2022 - By School Pathram Academy

കൊച്ചി: ‘സ്കൂളിൽ പ്ലസ് വണ്ണിന്റെ അഡ്മിഷൻ നടപടികൾ നടക്കുന്ന സമയം. ഉച്ചയായപ്പോഴാണ് എക്സൈസ് വകുപ്പിന്റെ രണ്ട് ജീപ്പുകൾ പ്ലസ്ടു വിദ്യാർഥികളായ ഒമ്പത് കുട്ടികളെയും കൊണ്ട് സ്കൂൾ പരിസരത്തേക്ക് കടന്നുവന്നു.

 

ഇവർക്ക് ലഹരിമരുന്ന് നൽകിയ ആളുമുണ്ടായിരുന്നു കൂടെ. ഏഴാം ക്ലാസ് മുതൽ ലഹരിമരുന്ന് ഉപയോഗിക്കുന്നവരുണ്ടായിരുന്നു കൂട്ടത്തിൽ.

ചെറുപ്പത്തിലേ ലഹരി ഉപയോഗിച്ചുതുടങ്ങിയ കുട്ടി വഴിയാണ് ഇപ്പോൾ ലഹരിമരുന്ന് വിതരണം. എക്സൈസ് സംഘം പറഞ്ഞതു കേട്ട് ഞെട്ടിത്തരിച്ചു നിൽക്കുമ്പോഴാണ് വൈകുന്നേരം സ്കൂൾ മുറ്റത്തേക്ക് രണ്ട് പോലീസ് ജീപ്പുകളെത്തിയത്. സ്കൂളിൽ പഠിക്കുന്ന പെൺകുട്ടിക്ക് ബസിൽ വെച്ച് എന്തോ മോശം അനുഭവമുണ്ടായി.

ലഹരിമരുന്ന് ഉപയോഗിക്കുന്ന സഹപാഠികളായ ചിലരും അവരുടെ കൂട്ടുകാരുമായിരുന്നു ഇതിനു പിന്നിൽ. ഇതിനെന്താണ് പരിഹാരം. വിചാരിക്കുന്നതിനുമപ്പുറത്തേക്ക് പോയിക്കഴിഞ്ഞു കേരളത്തിന്റെ അവസ്ഥ. 10 വർഷം മുമ്പും ഇത്തരം ചില സംഭവങ്ങളുണ്ടായിരുന്നു. എന്നാൽ ഇപ്പോഴങ്ങനെയല്ല. കുട്ടികളെ നിയന്ത്രിക്കാൻ പറ്റുന്നില്ല.

നാലഞ്ചു വർഷമായി സ്ഥിതി കൈവിട്ടുപോയിരിക്കുന്നു.”ഒരു ഹയർസെക്കൻഡറി അധ്യാപിക തന്റെ സ്കൂളിൽ ഉണ്ടായ അനുഭവമാണ് വിവരിക്കുന്നത്.

ഇത്തരം സംഭവങ്ങൾ നമ്മുടെ സ്കൂളുകളിൽ ഇന്ന് പുതുമയല്ലാതായി മാറിയിരിക്കുന്നു. സ്കൂളിന് പുറത്ത് നടക്കുന്ന സംഭവങ്ങളാണ് പുറംലോകം അറിയുന്ന വാർത്തകൾ. വിദ്യാർഥികളായതിനാൽ ഇളവ് ലഭിക്കുന്നതിനാൽ മഹാഭൂരിഭാഗം സംഭവങ്ങളും പുറത്തറിയാതെ പോകുന്നു.

പുറത്തുവരുന്ന കേസകളുടെ എണ്ണം തന്നെ നമ്മെ ഭീതിപ്പെടുത്തുന്നതാണ്. അത്ര ഭീകരമായ വിധത്തിൽ ലഹരിമരുന്ന് കൗമാരക്കാരേയും യുവാക്കളേയും വീഴ്ത്തി കഴിഞ്ഞിരിക്കുന്നു. അടുത്ത ദിവസങ്ങളിൽ കൊച്ചിയിൽ റിപ്പോർട്ട് ചെയ്ത കേസുകളുടെ വ്യാപ്തി പരിശോധിക്കുമ്പോൾ ലഹരിമരുന്നിടപാടുകളുടെ ഹബ്ബായി മാറുകയാണ് കൊച്ചിയെന്ന് തോന്നിപ്പോകും. എങ്ങോട്ടാണ് മെട്രോ നഗരത്തിന്റെ പോക്ക്.

രണ്ടരക്കോടി രൂപയുടെ രാസലഹരി. ആറുമാസം കൊണ്ട് ബെംഗളൂരു കേന്ദ്രമായുള്ള നൈജീരിയൻ പൗരൻ ഉൾപ്പെടുന്ന ഒരു ചെറുസംഘം കൊച്ചി നഗരത്തിൽ വിറ്റഴിച്ച രാസലഹരിയാണ്. 4.5കിലോ എം.ഡി.എം.എ. ഒരു ഗ്രാമിന് 3,500-മുതൽ 7000 രൂപ വരെ ഈടാക്കും. കൊച്ചി വളരുകയാണ്.

ഒപ്പം ലഹരിയുടെ നീരാളിക്കൈകളും. ഈ വർഷം മാത്രം അഞ്ചു കിലോയോളം എം.ഡി.എം.എ. കൊച്ചി നഗരത്തിൽ നിന്നും പരിസരത്തുനിന്നുമായി എക്സൈസ് പിടികൂടിയിട്ടുണ്ട്. പോലീസ് പിടിക്കുന്നത് വേറെ. കൂടെ എൽ.എസ്.ഡി. സ്റ്റാമ്പ്, ഹാഷിഷ്, ഹെറോയിൻ, കിലോക്കണക്കിന് കഞ്ചാവ് എന്നിവയും പിടിച്ചെടുത്തു.

ശ്രീലങ്കയിൽ ചിലയിടങ്ങളിൽ നിന്ന് ഇന്ത്യയിൽ കേരളത്തിലേക്കും രാസലഹരി എത്തുന്നുണ്ട്. മലേഷ്യ, സിങ്കപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽ നിർമിച്ച് അവിടെ നിന്ന് കടൽമാർഗം ശ്രീലങ്കയിൽ എത്തിക്കും.

അവിടെ നിന്ന് അഭയാർഥികൾ വഴി ബോട്ട് മാർഗം ചെന്നൈ, തൂത്തുക്കുടി തുടങ്ങിയ തുറമുഖ നഗരങ്ങളിൽ എത്തിക്കും. അവിടെ നിന്ന് മുംബൈ, ഗോവ, ബെംഗളൂരു, ഹൈദരാബാദ്, കൊച്ചി തുടങ്ങി രാജ്യത്തിന്റെ പല ഭാഗത്തേക്കും ഏജന്റുമാർ മുഖാന്തരം എത്തിക്കുന്നു.

രാസലഹരിയിൽ ഏറ്റവും ഡിമാൻഡ് എം.ഡി.എം.എയ്ക്കാണ്. കൈമാറ്റം എളുപ്പം, ഉപയോഗിച്ചാലും കണ്ടെത്താനും പ്രയാസം. കൊക്കൈയിൻ പോലുള്ള ലഹരിമരുന്നിനേക്കാൾ കിട്ടാൻ എളുപ്പവും എം.ഡി.എം.എ. തന്നെ. എം.ഡി.എം.എ.നിർമിക്കുന്ന സ്ഥലങ്ങൾ ഇപ്പോൾ ബെംഗളൂരു, ഗോവ എന്നിവിടങ്ങളിലുണ്ട്. നൈജീരിയൻ സംഘമാണ് ഇതിന്റെ പിന്നിൽ.

ക്രിസ്റ്റൽ രൂപത്തിലുള്ള എം.ഡി.എം.എ. (മെത്തിലീൻ ഡയോക്സി മെത്താംഫെറ്റമിൻ) യുവാക്കൾക്കിടയിൽ ഐസ്മെത്ത്, ക്രിസ്റ്റൽ മെത്ത്, സ്പീഡ് തുടങ്ങിയ വിവിധ പേരുകളിൽ അറിയപ്പെടുന്നു. ലഹരി സ്ഥിരമായി ഉപയോഗിക്കുന്നവർ ഏറ്റവും കൂടുതലായി ആവശ്യപ്പെടുന്ന ഒന്നാണ് എം.ഡി.എം.എ. മറ്റ് ലഹരി വസ്തുക്കളേക്കാൾ പതിൻമടങ്ങ് അപകടകാരിയുമാണ്.

അതിവേഗം നാഡീഞരമ്പുകളെ ഉത്തേജിപ്പിക്കും. തുടക്കത്തിലെ ആനന്ദത്തിനു പിന്നാലെ ശരീരത്തെ തകർക്കുന്ന അവസ്ഥയിലേക്കെത്തിക്കും.

എം.ഡി.എം.എ.യുടെ ഉപയോഗം വൃക്കയേയും ഹൃദയത്തേയും ബാധിക്കുമെന്നും ചിലപ്പോൾ മരണംവരെ സംഭവിക്കാമെന്നും ഡോക്ടർമാർ പറയുന്നു. മണമോ, രുചിവ്യത്യാസമോ ഇല്ലാത്തതിനാൽ ഇരകൾക്ക് ജ്യൂസുകളിലും മദ്യത്തിലും ഗുളിക കലക്കി ആദ്യം നൽകും. പിന്നീടവർ അടിമകളാകും.

തയ്യാറാക്കിയത്- രാജേഷ് ജോർജ്, വി.പി. ശ്രീലൻ, പി.പി. ഷൈജു, പി.ബി. ഷെഫീക് – മാതൃഭൂമി

Category: News