ഒക്‌ടോബര്‍ 15 അന്താരാഷ്ട്ര കൈകഴുകല്‍ ദിനം.നിര്‍ബന്ധമായും കൈകള്‍ കഴുകേണ്ടത് എപ്പോഴെല്ലാം ?
ഇന്ന് ഒക്‌ടോബര്‍ 15 അന്താരാഷ്ട്ര കൈകഴുകല്‍ ദിനം. ‘കൈകളുടെ ശുചിത്വത്തിനായി പ്രായഭേദമന്യേ നമുക്കൊരുമിക്കാം’ എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം.
സംസ്ഥാനത്തെ കോവിഡ് കേസുകള്‍ കുറഞ്ഞെങ്കിലും പ്രതിരോധത്തില്‍ വീഴ്ച പാടില്ല. കോവിഡ് പ്രതിരോധത്തിന്റെ വലിയ പാഠങ്ങളാണ് മാസ്‌ക് ധരിക്കുക, സോപ്പുപയോഗിച്ച് കൈ കഴുകുക എന്നിവ. ഫലപ്രദമായി കൈ കഴുകുന്നതിലൂടെ കോവിഡിനെപ്പോലെ പല പകര്‍ച്ച വ്യാധികളില്‍ നിന്നും നമുക്ക് സംരക്ഷണം ലഭിക്കും. കൈകഴുകല്‍ പ്രായഭേദമെന്യേ എല്ലാവര്‍ക്കും ചെയ്യാന്‍ കഴിയുന്ന ഫലപ്രദമായ രോഗപ്രതിരോധ മാര്‍ഗമാണ്. സോപ്പും വെള്ളവും ഉപയോഗിച്ച് ഇരുപത് സെക്കന്റെങ്കിലും കൈകള്‍ നന്നായി തേച്ചുരച്ച് കഴുകുന്നത് ശീലമാക്കണം.
നിര്‍ബന്ധമായും കൈകള്‍ കഴുകേണ്ടത് എപ്പോഴെല്ലാം?
· ഭക്ഷണം പാകം ചെയ്യുന്നതിനു മുന്‍പും ശേഷവും
· ഭക്ഷണം കഴിക്കുന്നതിനു മുന്‍പും ശേഷവും
· യാത്രയ്ക്ക് ശേഷം വീട്ടിലെത്തുമ്പോള്‍
· രോഗികളെ പരിചരിക്കുന്നതിനു മുന്‍പും ശേഷവും
· മുറിവുണ്ടായാല്‍ അത് പരിചരിക്കുന്നതിനു മുന്‍പും ശേഷവും
· കുഞ്ഞുങ്ങളുടെയും കിടപ്പുരോഗികളുടെയും ഡയപ്പര്‍ മാറ്റിയ ശേഷം
· മലമൂത്ര വിസര്‍ജ്ജനം ചെയ്ത കുഞ്ഞുങ്ങളെ വൃത്തിയാക്കിയതിനു ശേഷം
· ശുചിമുറി ഉപയോഗിച്ചതിനു ശേഷം
· മൃഗങ്ങളെ പരിപാലിക്കുക, അവയുടെ കൂട്, പാത്രം എന്നിവ കൈകാര്യം ചെയ്തതിന് ശേഷം
· മാലിന്യങ്ങള്‍ കൈകാര്യം ചെയ്തതിന് ശേഷം
· കൈ ഉപയോഗിച്ച് മൂക്കും വായയും മൂടി തുമ്മുകയോ ചുമയ്ക്കുകയോ ചെയ്തതിനു ശേഷം